Business

ബജാജ് ചേതകിന് അവതാറിലൂടെ പുനര്‍ജന്മം

ന്യൂഡല്‍ഹി: അവതാറിലൂടെ ചേതകിന് പുനര്‍ജന്മം നല്‍കാന്‍ ബജാജ് തയ്യാറെടുക്കുന്നു. ഒരു കാലത്ത് ബജാജിന്റെ ഏറ്റവും ജനപ്രിയ ഇരുചക്ര വാഹനമായിരുന്നു ചേതക്. അവതാറിലൂട ഇലക്ട്രിക് വാഹനമായാണ് ചേതകിനെ ബജാജ് പുനരവതരിപ്പിക്കുന്നത്.

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മതാക്കളില്‍ പ്രബലരായ ബജാജാണ് ഐക്കണിക്ക് ഇരുചക്രവാഹനം ചേതക്കിനെ നിരത്തില്‍ തിരിച്ചെത്തിച്ചത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് ചേതക്കിന്റെ മടങ്ങിവരവ്.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് പുനരവതരിപ്പിച്ചത്. പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല.

2020 ജനുവരിയോടെ ഇലക്ട്രിക് ചേതക്ക് പുറത്തിറങ്ങും. പുണെയിലെ ചാകന്‍ പ്ലാന്റില്‍ സെപ്തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പുണെയിലാണ് വാഹനം ലഭ്യമാവുക. പിന്നാലെ ബെംഗളൂരുവിലും സാന്നിധ്യമറിയിക്കും. ഇതിന് ശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങും.

റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുക. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

അതേസമയം ഇതിലെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ബജാജ് വ്യക്തമാക്കിയിട്ടില്ല. വാഹനത്തിന്റെ വില ലോഞ്ചിങ് വേളയില്‍ മാത്രമേ പുറത്തുവിടുകയുള്ളൂ. ഏകദേശം ഒരു ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍. ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനമായ ചേതക്കിനെ 1972 ലാണ് ബജാജ് ആദ്യമായി അവതരിപ്പിക്കുന്നത്.

Related posts

ഇനി വാഹനങ്ങള്‍ സ്വന്തമാക്കാം; ഫെഡറല്‍ ബാങ്കില്‍ നിന്നും അതിവേഗ വായ്പ

Farsana Jaleel

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മാധ്യമപുരസ്‌കാരങ്ങള്‍ ; മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം

Web Desk

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4g ഫോൺ വെറും 500 രൂപക്കിറക്കി ഗൂഗിൾ

Web Desk

Leave a Comment