Business Editor's Picks

ഓൺലൈൻ ഫുഡ് ആപ്പുകൾക്ക് “ആപ്പ്” വെച്ച് ഹോട്ടലുടമകൾ

ഡിസംബർ ഒന്ന് മുതൽ ഓൺലൈൻ 
ആപ്പുകൾ വഴി ഭക്ഷണം കിട്ടില്ല
കൊച്ചി: ചുരുങ്ങിയ കാലത്തിനിടയിൽ ജനപ്രിയമായ ഓൺലൈൻ ഭക്ഷണ വിൽപ്പന ആപ്ലിക്കേഷനുകൾക്ക് കേരളത്തിൽ പൂട്ട് വീഴുന്നു. ഊബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ എല്ലാ ആപ്പുകളുടെയും സേവനം നിർത്തിവയ്ക്കാൻ ഹോട്ടലുടമകൾ തീരുമാനിച്ചു.കൊച്ചിയിൽ ചേർന്ന ഹോട്ടലുടമകളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 26 ന് വൈകിട്ടാണ് യോഗം ചേർന്നത്. ഡിസംബർ ഒന്ന് മുതൽ തീരുമാനം നടപ്പിലാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഹോട്ടലുടമകളുടെ കൂട്ടായ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ജയപാൽ വിശദീകരിച്ചു.

ഇതോടെ കൊച്ചിയിൽ വൻ ജനസ്വാധീനം നേടിയ ഊബർ ഈറ്റ്സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാവുക. ഇതിന് പുറമെ സ്വന്തം നിലയ്ക്ക് ഓൺലൈൻ വിൽപ്പന തുടങ്ങാനും ഹോട്ടലുടമകളുടെ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

“100 രൂപയ്ക്ക് ഞങ്ങളിൽ നിന്ന് ഉൽപ്പന്നം വാങ്ങി അത് 80 രൂപയ്ക്കാണ് ഈ കുത്തക കമ്പനികൾ പുറത്തുവിൽക്കുന്നത്. അത്തരത്തിൽ ഹോട്ടലുകളിൽ വരുന്ന ഉപഭോക്താക്കളെ മുഴുവൻ അവർ ഓൺലൈനിലേക്ക് ആകർഷിക്കും. ക്രമേണ ഈ രംഗത്തെ ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് നിലനിൽക്കാൻ സാധിക്കാതെ വരും,” ബഹിഷ്കരണ  തീരുമാനത്തിന്റെ കാരണം വിശദീകരിച്ച് ജയപാൽ പറഞ്ഞു.

ഡിസംബർ ഒന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സർവ്വീസുകൾ നിർത്തിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“ഓൺലൈനിൽ 50 രൂപയ്ക്ക് ബിരിയാണി കിട്ടുമ്പോൾ ഉപഭോക്താവ് കരുതുന്നത് ഹോട്ടലുടമ കൊളളലാഭം നേടുന്നുവെന്നാണ്. ഹോട്ടലിൽ നൂറ് രൂപയ്ക്ക് വിൽക്കുന്ന ബിരിയാണിയാണ് ഓൺലൈൻ കമ്പനികൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. ഉപഭോക്താക്കൾ ഹോട്ടലിലേക്ക് വരുന്നില്ല,” അസോസിയേഷന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു.

തർക്ക വിഷയങ്ങൾ ഇവ

ഹോട്ടലുകളിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി വിൽക്കുന്നതിന് ഹോട്ടലുടമകൾക്ക് ഓൺലൈൻ കമ്പനികൾക്ക് കമ്മിഷൻ നൽകുന്നുണ്ട്. “ഊബർ ഈറ്റ്സിന് 30 ശതമാനമാണ് കമ്മിഷൻ. സ്വിഗ്ഗിക്ക് 20 ശതമാനത്തിന് മുകളിലാണ് കമ്മിഷൻ നൽകേണ്ടത്. മറ്റ് കമ്പനികൾക്കും ഏറിയും കുറഞ്ഞും ഇത് തന്നെയാണ് സ്ഥിതി,” അസീസ് വിശദീകരിക്കുന്നു.

ഈ കമ്മിഷനും കൂടി വിലയിൽ ചേർത്താണ് ഭക്ഷണം ഈ കമ്പനികൾക്ക് ഹോട്ടലുടമകൾ വിൽക്കുന്നതെന്ന് അസീസ് പറഞ്ഞു. പക്ഷെ കമ്പനികൾ കുറഞ്ഞ വിലയ്ക്കാണ് ഭക്ഷണം പുറത്ത് വിൽക്കുന്നത്. നഷ്ടം കമ്പനികൾ സഹിക്കും.

ഓൺലൈൻ സേവനത്തിന് പ്രചാരം വർദ്ധിച്ചതോടെ ഹോട്ടലുകളിൽ ആളുകൾ എത്തുന്നത് കുറഞ്ഞു. വൈകുന്നേരങ്ങളിൽ തുറക്കുന്ന സായാഹ്ന ഭക്ഷണ ശാലകളിൽ വരാതെ യുവാക്കൾ അധികവും ഓൺലൈൻ സങ്കേതങ്ങളെ ആശ്രയിക്കുകയാണ്. ഇതും ഇപ്പോഴത്തെ പ്രശ്നത്തിന്റെ പ്രധാന കാരണമാണ്.

കമ്പനികൾ ഉൽപ്പന്നം കുറഞ്ഞ വിലയ്ക്ക് വിൽക്കുമ്പോൾ ആ നഷ്ടം തങ്ങൾ നൽകുന്ന കമ്മിഷനിലൂടെ നികത്തുകയാണെന്ന് ജയപാൽ പറഞ്ഞു. യഥാർത്ഥത്തിൽ ഹോട്ടലുടമകൾക്ക് അതിൽ നിന്ന് കാര്യമായ ലാഭം ഉണ്ടാകുന്നില്ല. ഇതിന് പുറമെയാണ് ഹോട്ടലുകളിൽ ഉപഭോക്താക്കൾ ഭക്ഷണം കഴിക്കാനെത്താത്ത സാഹചര്യവും.

ഇത് നിലനിൽപ്പിന്റെ പോരാട്ടം

“ഇത് ഞങ്ങൾക്ക് നിലനിൽപ്പിന്റെ പ്രശ്നമാണ്,” കലൂരിലെ ഹോട്ടലുടമയായ കണ്ണൻ പറഞ്ഞു. “ഈ കമ്പനികൾ ബെംഗളൂരുവിൽ സ്വന്തം അടുക്കള തുടങ്ങി. കുറച്ച് നാൾ സേവനം നൽകിക്കഴിയുമ്പോൾ അവർക്ക് ഈ നാടിന്റെ ഭക്ഷണ സംസ്‌കാരം വ്യക്തമായി മനസ്സിലാകും. അപ്പോൾ റീചാർജ് കടകൾ പോലെയാകും ഹോട്ടലുകളുടെ സ്ഥിതി,” അദ്ദേഹം പറഞ്ഞു.

“പത്ത് ദിവസമാണ് സേവനം നിർത്തിവയ്ക്കുന്നത്. പക്ഷെ ഇത് തുടരേണ്ടെന്ന നിലപാടുകാരനാണ് ഞാൻ. അടിസ്ഥാനപരമായി ഈ വ്യാപാരമേഖലയിൽ നിന്ന് ഞങ്ങളെ പോലുളള ചെറുകിട കച്ചവടക്കാരൊക്കെ ഒഴിഞ്ഞുപോകേണ്ടി വരും,” അത് അനുവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ആദ്യം 15 ശതമാനമായിരുന്നു അവർ നിശ്ചയിച്ചിരുന്ന കമ്മിഷൻ. കച്ചവടം കൂടിയപ്പോൾ അത് 17 ശതമാനമായി. ഇപ്പോഴത് 20 ശതമാനമാണ്. ഭാവിയിൽ ഇത് എത്ര ശതമാനമാകുമെന്ന് എനിക്കറിയില്ല. അങ്ങിനെ വരുമ്പോൾ എന്റെ ഹോട്ടലിലല്ലേ കച്ചവടം ഇല്ലാതാകുന്നത്?” എന്ന ആശങ്കയും കണ്ണൻ മറച്ചുവച്ചില്ല. ഹോട്ടലുടമകൾ കൂട്ടമായെടുത്ത തീരുമാനം ആശ്വാസം പകരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വന്തം കമ്പനി സ്ഥാപിക്കും

നിലവിലെ ഓൺലൈൻ വ്യാപാര കമ്പനികളുടെ സേവനം അവസാനിപ്പിച്ച ശേഷം സ്വന്തം നിലയ്ക്ക് ഓൺലൈൻ കമ്പനിക്ക് രൂപം കൊടുക്കാനാണ് ഹോട്ടലുടമകൾ തീരുമാനിച്ചിരിക്കുന്നത്. “ഇത് ജനങ്ങൾ സ്വീകരിച്ച ഒരു സർവ്വീസാണ്. ഉപഭോക്താക്കളെയും ഹോട്ടലുടമകളെയും ചൂഷണത്തിൽ നിന്ന് രക്ഷിക്കേണ്ടത് ഞങ്ങളുടെ കൂടി ചുമതലയാണ്. ആ നിലയ്ക്ക് ചർച്ചകൾ കുറച്ച് ദിവസമായി നടക്കുന്നുണ്ട്,” ജയപാൽ പറഞ്ഞു.

മൂന്ന് സ്റ്റാർട്ടപ്പുകളുമായി ചർച്ച നടത്തിക്കഴിഞ്ഞതായി അസീസ് വെളിപ്പെടുത്തി. “കേരളം മുഴുവൻ ഒരൊറ്റ കമ്പനി യാഥാർത്ഥ്യമാക്കാനാണ് ശ്രമം. അതിനായുളള പ്രവർത്തനങ്ങളാണ് നടത്തുന്നത്. മൂന്ന് കമ്പനികളുമായി ചർച്ച നടത്തി. അവരിൽ ആരുമായാണോ യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുക, അത് നടപ്പിലാക്കും” അസീസ് പറഞ്ഞു.

ഇനിയൊരു തിരിച്ചുപോക്കില്ലെന്നാണ് ജയപാൽ വ്യക്തമാക്കിയത്. അതേസമയം, ഓൺലൈൻ കമ്പനികൾ വഴി വിൽക്കുന്ന ഭക്ഷണത്തിന്റെ അളവിലും ഗുണമേന്മയിലും വ്യത്യാസം ഉണ്ടെന്ന് അസീസ് പറഞ്ഞു. “ഹോട്ടലിൽ നേരിട്ട് വന്ന് കഴിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി അതിൽ ലഭിക്കില്ല. അതിനാൽ തന്നെ ഹോട്ടൽ സംസ്കാരം നിലനിർത്തേണ്ടതുണ്ട്. ഈ തീരുമാനം പൊതുസമൂഹത്തിന്റെ കൂടി നന്മയെ കണ്ടാണ്,” അദ്ദേഹം വിശദീകരിച്ചു.

മുൻ അനുഭവം ഇങ്ങിനെ

ടാക്‌സി സർവ്വീസുമായാണ് ഊബർ അടക്കമുളള കമ്പനികൾ ആദ്യം രംഗത്തെത്തിയത്. തുടക്കത്തിൽ ഉയർന്ന ഇൻസന്റീവ് കൊടുത്ത് ടാക്സി ഡ്രൈവർമാരെ പ്രോത്സാഹിപ്പിച്ച കമ്പനികൾ പിന്നീട് ഇത് അവസാനിപ്പിച്ചു. വരുമാനം കുറഞ്ഞതും കമ്പനികൾക്ക് കമ്മിഷനായി നൽകേണ്ട തുകയും പലപ്പോഴും തർക്കങ്ങൾക്കും സമരങ്ങൾക്കും കാരണമായി.

സ്വന്തം നിലയിൽ ടാക്സി സർവ്വീസ് ആപ് തുടങ്ങാൻ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലോചന നടത്തിയെങ്കിലും അത് പ്രാവർത്തികമായില്ല. പി.രാജീവ് ജില്ലാ സെക്രട്ടറിയായിരിക്കെ വൈറ്റിലയിലെ ടാക്സി ഡ്രൈവർമാരുടെ സഹകരണ സംഘത്തിന്റെ സഹായത്തോടെയാണ് ഈ പദ്ധതി ആലോചിച്ചത്.

Related posts

വീരപ്പനെ ചതിച്ച യുവതിയെ സർക്കാരും ചതിച്ചു.

Amal Murali

ഗൂഗിളിന്റെ തലപ്പത്തേയ്ക്ക് മലയാളി; കേരളത്തിന് അഭിമാനം

Amal Murali

പുതിയ ഉല്‍പ്പന്നങ്ങളും ലോഗോയുമായി ബേബിവിറ്റ

Farsana Jaleel

Leave a Comment