Editor's Picks

മണല്‍ കൊടുത്ത് ഞങ്ങള്‍ 400ും 500ും വാങ്ങിയെന്ന് പറഞ്ഞ മഹാന്‍മാരേ…..OMKV…. ഇതില്‍ കൂടുതല്‍ നിങ്ങള്‍ക്കും തരാം

ആലപ്പാട്: കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തിലെ അപവാദപ്രചാരണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി യുവാവ്. ഖനനത്തിനെതിരായി നടക്കുന്ന സമരം 73 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. സമരത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന കാര്‍ത്തിക് ശശി എന്ന യുവാവാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്. മൊത്തം വായിക്കാന്‍ ക്ഷമയുണ്ടെങ്കില്‍ മാത്രം വായിക്കുക എന്ന തലക്കെട്ടോടു കൂടിയാണ് കാര്‍ത്തിക്  ഖനനത്തിനെതിരായ സമരത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമരത്തെ അധിക്ഷേപിച്ചവര്‍ക്കും കാര്‍ത്തിക് ചുട്ടമറുപടി നല്‍കുന്നുണ്ട്..

യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

‘ഒരു സമരം ശക്തി പ്രാപിക്കുമ്പോള്‍ സ്വാഭാവികമായും അതിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടവര്‍ നിഷ്പക്ഷം എന്ന് തോന്നിക്കുമാറ് ചിലരെ ഒക്കെ കൊണ്ട് സമരത്തേയും, അതിന് ചുക്കാന്‍ പിടിക്കുന്നവരേയും തേജോവധം ചെയ്യുക, അപകീര്‍ത്തിപെടുത്തുക തുടങ്ങിയ തരംതാണ പ്രചരണങ്ങളുമായി ഇറങ്ങുക സ്ഥിരം കാഴ്ചയാണ്. കേരളത്തില്‍ ഏത് സമരങ്ങള്‍ ഉണ്ടായാലും ഇത്തരത്തില്‍ ഉള്ള വിവരക്കേടുകളുടെ വ്യാപാരം സുനിശ്ചിതമായ കാര്യമാണ്. അത് കൊണ്ട് തന്നെ ആലപ്പാട്ടെ അതിജീവനത്തിനായി പോരാടുന്ന ഞങ്ങള്‍ക്ക് ഇതൊരു പ്രശ്‌നമേയല്ല. മാത്രമല്ല വര്‍ഷങ്ങളായി ഇതിനായി പോരാടുന്ന ഞങ്ങള്‍ ഇത് നിരന്തരം കേള്‍ക്കുന്നതാണ്, അല്ലാതെ ഇപ്പോഴത്തെ നവമാധ്യമ വികസന സ്‌നേഹികള്‍ പറയുമ്പോള്‍ ആദ്യമായി കേള്‍ക്കുന്നവരല്ല. തികഞ്ഞ മുന്‍വിധോയോടെ ഈ വിഷയത്തെ സമീപിക്കുന്നവര്‍ക്ക് മറുപടി ഇല്ല. പക്ഷേ ഈ ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ശങ്കിച്ചു പോകുന്ന നിഷ്‌കളങ്കരായ മനുഷ്യരുടെ അറിവുകളിലേക്ക് ചില കാര്യങ്ങള്‍ ചൂണ്ടി കാട്ടുന്നു.

ഇതെന്താ പെട്ടെന്നൊരു സമരം??????

പ്രിയ സഹോദരങ്ങളെ ഈ സമരം പെട്ടെന്നൊന്നും ഉണ്ടായതല്ല. ഖനനത്തോളം പഴക്കമുണ്ട് സമരത്തിനും. അന്നത്തെ സമരങ്ങള്‍ പോലെയല്ല കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നടക്കുന്ന സമരങ്ങള്‍. അത് അതിജീവനത്തിന് വേണ്ടിയുള്ളതാണ്. 1992ലെ ഞങ്ങളുടെ നാട്ടില്‍ നടന്ന കരിമണല്‍ ഖനനത്തിന് എതിരെയുള്ള യുവകലാസാഹിതിയുടെ പരിസ്ഥിതി സംരക്ഷണ ജലജാഥയില്‍ വെച്ചാണ് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ അവര്‍കള്‍ ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന ഗാനം എഴുതിയത്.
1994ല്‍ ഇന്നീ പൊതുമേഖലാ സ്‌നേഹം വിളമ്പുന്ന ഈ പൊതുമേഖലയും, അന്നത്തെ ഭരണകൂടവും ഒക്കെ ചേര്‍ന്നാണ് കെംപ്ലാസ്റ്റ്, റെന്നിസണ്‍ ഗോള്‍ഡ് ഫീല്‍ഡ് കണ്‍സോര്‍ഷ്യം, വെസ്‌ട്രേലിയന്‍ സാന്‍ഡ്‌സ് തുടങ്ങിയ കമ്പിനികളെ കെട്ടിയെഴുന്നെള്ളിച്ചു കൊണ്ട് വന്ന് ആയിരംതെങ്ങ് മിനറല്‍ കോംപ്ലെക്‌സ് പണിയാന്‍ തുടങ്ങിയത്. അന്നീ നാട്ടിലെ ജനങ്ങളുടെ അതിശക്തമായ സമരം കൊണ്ടാണ് ഒടുവില്‍ ഈ കമ്പിനികള്‍ കെട്ടു കെട്ടിയത്.

അന്ന് സമരം നയിച്ച ചെറുപ്പക്കാര്‍ ആണ് ഞങ്ങളുടെ പുതിയ തലമുറയിലെ സമരത്തിലെ മുതിര്‍ന്നവര്‍ എന്ന് കൂടി അറിയുക. ആ സമരങ്ങളുടെ തുടര്‍ച്ച എല്ലാക്കാലവും ഉണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രൂപത്തില്‍, തീരദേശ സംരക്ഷണ സമിതിയുടെ രൂപത്തില്‍, നിലപാടുകളുള്ള യുവജന സംഘടനകളുടെ രൂപത്തില്‍ ഒക്കെ ചെറുത്തു നില്‍പ്പുകള്‍ ഉണ്ടായി. ഞാന്‍ പോലും പതിനെട്ട് വര്‍ഷം മുന്‍പ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴേ സമരത്തിന്റെ ഭാഗമായതാണ്. ഇവിടെ നടന്ന ചെറുത്ത് നില്‍പ്പുകള്‍ മൂലം പലപ്പോഴും കമ്പിനി സീ വാഷിങ് ഉള്‍പ്പെടെ ഉള്ള പരിപാടി നിര്‍ത്തി വെക്കുകയും, പിന്നേയും സ്വാധീനം ഉപയോഗിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ കൊടുത്ത പരാതിയുടെ പുറത്താണ് ഒരു വര്‍ഷം മുന്‍പ് നിയമസഭാ പരിസ്ഥിതി കമ്മിറ്റി എത്തുകയും, റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. സമ്മര്‍ദ്ധങ്ങളുടെ ഫലമായി ഖനനത്തിന് എതിരായി കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയും, ഈ പഞ്ചായത്ത് കമ്മിറ്റിയും പ്രമേയങ്ങളും പാസ്സാക്കിയിട്ടുണ്ട്. ഇവിടെ നടക്കുന്ന മുഴുവന്‍ പ്രതിരോധങ്ങളെയും ഒറ്റ കുടക്കീഴില്‍ ആക്കുക മാത്രമാണ് രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ കൂട്ടായ്മ ചെയ്തത്. അതിന്റെ തുടര്‍ച്ചയായി ആണ് സേവ് ആലപ്പാട് എന്ന നവമാധ്യമ കൂട്ടായ്മ ഉണ്ടായത്.

എന്നാല്‍ ഈ മുദ്രാവാക്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞങ്ങള്‍ മുഴക്കിയതും ആണ്. ഫേസ്ബുക്ക് പേജ് തുടങ്ങിയതും ആണ്. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളില്‍ വീണ്ടും 2020ഓട് കൂടി മൈനിങ് ലീസ് പുതുക്കാനായി കമ്പിനി കൊടുത്ത അപേക്ഷയിന്‍ മേല്‍ നടന്ന പബ്ലിക്ക് ഹിയറിങ്ങില്‍ ആലപ്പാടിന്റെ പ്രതിഷേധം അധികാരികള്‍ കണ്ടതുമാണ്. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് നീതി നല്‍കുന്നില്ല എന്ന് കണ്ടപ്പോള്‍ ആണ് കുറേക്കാലമായി നടക്കുന്ന അതിജീവന സമരങ്ങളുടെ തുടര്‍ച്ചയായി സമര പന്തല്‍ തുടര്‍ന്നത്. അത് എവിടെയോ ഇരുന്ന് കരയുന്ന ഈ നാടറിയാത്ത വികസനവാദികള്‍ പറയുമ്പോലെ ഒറ്റ ദിവസം കൊണ്ട് പൊട്ടി പുറപ്പെട്ടതല്ല.

ഈ സമരം സ്വകാര്യ മേഖലയെ സഹായിക്കാന്‍ ആണ്, പൊതുമേഖലയെ തകര്‍ക്കാന്‍ ആണ്.

ആദ്യമേ പറയാം ചാകാന്‍ പോകുന്ന കോഴിക്ക് നിന്നെ ചിക്കന്‍ ഫ്രൈ ആക്കാം എന്നോ, ചിക്കന്‍ കറി ആക്കാമെന്നോ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒന്നും തോന്നില്ല, മരണഭയം മാത്രമാണ് ശേഷിപ്പ്. ഞങ്ങളെ സംബന്ധിച്ച് പൊതുമേഖല ഈ നാടിന് ഒരു ചുക്കും ചെയ്തിട്ടില്ല, സ്വകാര്യ മേഖല ഇനി ഒരു ചുക്കും ചെയ്യുകയും വേണ്ട. പിന്നെ പൊതുമേഖലാ സ്‌നേഹം പറയുന്നവര്‍ അതും അധികാര വര്‍ഗ്ഗത്തിന്റെ ഭാഗമായവര്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടി വരും.

ആറ് പതിറ്റാണ്ടായ പൊതുമേഖലയിലെ ഖനനം കേന്ദ്ര, സംസ്ഥാന ഖജനാവുകളിലേക്ക് എത്ര രൂപ നല്‍കിയിട്ടുണ്ട്? ധവളപത്രം പുറപ്പെടുവിക്കണം.

ഐ.ആര്‍.ഇ, കെ.എം.എം.എല്‍ പോലെയുളള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവരുടേയും, ഇരുന്നവരുടേയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം. അവര്‍ വിരമിച്ചിട്ട് എവിടെ ഒക്കെ ജോലി ചെയ്‌തെന്നും അന്വേഷിക്കണം. അപ്പോള്‍ പുറത്ത് വരാന്‍ പോകുന്നത് സ്വകാര്യ മേഖലയുമായുള്ള അവിശുദ്ധ കൂട്ട് കെട്ടാകും.

കൊച്ചിയിലെ സി.എം.ആര്‍.എല്‍ എന്ന ശശിധരന്‍ കര്‍ത്തയുടെ കമ്പിനി ഇപ്പോഴും കൊച്ചിയിലെ മനുഷ്യരുടെ വൃക്കകളെ അരിപ്പയാക്കി കൊണ്ട് പെരിയാര്‍ നശിപ്പിച്ചു കൊണ്ട് മുന്നേറുന്നു. അവര്‍ക്ക് പിന്തുണയുമായി മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. അവര്‍ക്ക് എവിടെ നിന്നാണ് ഈ മണല്‍ ലഭിക്കുന്നത്? എത്രത്തോളം മണല്‍ ലഭിക്കുന്നു? അവര്‍ അതെന്ത് ചെയ്യുന്നു? ഇത് അന്വേഷിക്കണം.

പത്ര വാര്‍ത്തകള്‍ പറയുന്നത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തൂത്തുകുടിയിലെ വൈകുണ്ഡരാജന് എട്ട് ലക്ഷം ടണ്‍ മണ്ണ് കേരളത്തില്‍ നിന്ന് കിട്ടിയെന്നാണ്? ഒരു ലോറിയില്‍ എട്ട് ടണ്‍ മണ്ണ് കയറിയാല്‍ ഒരു ലക്ഷം ലോറി മണ്ണ് അതായത് ഒരു ദിവസം മുന്നൂറ് ലോറിയോളം മണ്ണ് ഇവിടെ കൂടെ അവിടെ എത്തി? ആരെത്തിച്ചു? ഇവിടെ ചില ബോധമില്ലാത്തവര്‍ പറയുമ്പോലെ ഞങ്ങള്‍ നാട്ടുകാരായവര്‍, പാവം മല്‍സ്യ തൊഴിലാളികളോ? അല്ല അധികാരികള്‍ തന്നെ. ഇനി നിങ്ങള്‍ അല്ലെങ്കില്‍ ഓരോ ദിവസവും മുന്നൂറ് ലോറി മണ്ണ് കടന്ന് പോയിട്ടും അറിയാതെ പോയ നിങ്ങളൊക്കെ എന്തിന് അവിടെ കുത്തി ഇരിക്കുന്നു? ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് മനസ്സിലാക്കാന്‍ വേണ്ടത്.
പൊതുമേഖല എന്ന വിശുദ്ധ പശുവിന്റെ മറവില്‍ സ്വകാര്യ മേഖല തിന്ന് കൊഴുക്കുകയാണ്, ഒപ്പം പങ്ക് പറ്റുന്നവരും. അത് കൊണ്ട് ഇതും അന്വേഷിക്കണം.

തീര്‍ന്നില്ല നാളിതുവരെ ഈ രണ്ട് കമ്പിനികളും നടത്തിയ ഖനനവും, അത് വഴി എടുത്ത മണ്ണും, അത് പോയ വഴിയും, എത്തിയ ഇടങ്ങളും, രാജ്യങ്ങളും ചാനലൈസ് ചെയ്യണം. അന്വേഷിക്കണം, രാജ്യത്തെ വഞ്ചിച്ചവരെ ശിക്ഷിക്കണം.

ഒന്ന് കൂടി ഞങ്ങള്‍ പറയുന്നു. ഞങ്ങളുടെ 7.6ചതുരശ്ര കിലോമീറ്റര്‍ ഭൂമിക്ക് മുകളില്‍ നിന്നാണ് നിലനില്‍പ്പിനായി വാദിക്കുന്നത്. ആ ഞങ്ങള്‍ പൊതുമേഖലയെ പൂട്ടിച്ചു സ്വകാര്യ മേഖലയെ കൊണ്ട് വരാന്‍ ശ്രമിക്കുന്നവര്‍ ആണെന്ന് പറയുന്നവരോട്, വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത്. കാരണം നാളെ സ്വകാര്യ മേഖല കടന്ന് വരണം എങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സി.ആര്‍.ഇസഡ് തുടങ്ങി ഒരു പിടി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അനുമതി വേണം. ഇതൊന്നും കൊടുക്കുന്നത് ഇവിടുത്തെ സമരക്കാരോ, മല്‍സ്യ തൊഴിലാളികളോ അല്ല. ഒരു നാടിന്റെ നില നില്‍പ്പിനായി ഖനനം വേണ്ട എന്ന് പറയുമ്പോള്‍ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത് സ്വകാര്യ മേഖലയ്ക്ക് വേണ്ടിയുളള സമരം എന്ന് ആക്ഷേപിക്കുന്നു എങ്കില്‍ ഒന്നേ പറയാനുള്ളൂ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഈ വാദം.

ഈ സമരം അരാഷ്ട്രീയ വാദികളുടേത് ആണ്, ഇത് ചിലരെ വളര്‍ത്താന്‍ ആണ്.

അല്ല അറിയാന്‍ മേലാത്തത് കൊണ്ട് ചോദിക്കുകയാണ് എന്താണ് നിങ്ങള്‍ ഈ പറയുന്ന രാഷ്ട്രീയം? എന്താണ് നിങ്ങള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്? കടപ്പുറത്തേക്ക് വാ അതിന്റെ സൈദ്ധാന്തിക വശം ഞങ്ങള്‍ കൃത്യമായി പഠിപ്പിച്ചു തരാം. പിന്നെ പാര്‍ട്ടി രാഷ്ട്രീയം ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ഇത് നില്‍ക്കുന്ന തൊണ്ണൂറ്റി ഒന്‍പത് ശതമാനം പേരും ഏതെങ്കിലും ഒക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും, സ്ഥാനങ്ങളില്‍ ഉള്ളവരും ആണ്. പിന്നെ കടപ്പുറക്കാരന്റെ രാഷ്ട്രീയ വളര്‍ച്ച എപ്പോഴും കടലിന്റെ ഓരത്ത് മാത്രമായത് കൊണ്ട് ഞങ്ങള്‍ക്കൊക്കെ ഉള്ള സ്ഥാനങ്ങള്‍ ആ ഇട്ടാവട്ടത്തില്‍ ഒതുങ്ങും എന്നേയുള്ളൂ. ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് നാടിന്റെ നില നില്‍പ്പിനായുള്ള രാഷ്ട്രീയ ചേരിയില്‍ ആണ്. അവിടെ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നത് കൊണ്ട് തന്നെയാണ് പലര്‍ക്കും ദഹന കുഴപ്പം എന്നും അറിയാം, അത് പൊളിക്കാനുള്ള വിത്തുകള്‍ വിതറുന്നത് കാണുന്നുമുണ്ട്. പക്ഷേ അത് കിളിര്‍ക്കില്ല എന്ന് അറിയുക. പിന്നെ ഈ സമരത്തെ ഇവിടെ വന്നും, പല ഇടങ്ങളില്‍ ഇരുന്നും പലരും പിന്തുണയ്ക്കുന്നുണ്ട്. അത് അവരുടെ ഇഷ്ടം. പക്ഷേ എല്ലാരേയും എവിടെ നിര്‍ത്തണം എന്ന് ഞങ്ങള്‍ക്ക് അറിയാം. കീഴാറ്റൂരിലൊക്കെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കളിച്ച നാടകത്തില്‍ പെട്ട് ഞെരിഞ്ഞമര്‍ന്ന സമരത്തിന്റെ അവസ്ഥയൊന്നും ഇവിടെ ഉണ്ടാകില്ല. കാരണം നിങ്ങള്‍ കരുതുന്ന പോലെയല്ല ഇന്നത്തെ കടപ്പുറങ്ങള്‍. ‘കടപ്പുറം’ നിങ്ങളുടെ പഴയ ബോധത്തിലെ കടാപ്പുറങ്ങള്‍ അല്ല.

പൊതുമേഖലാ സ്ഥാപനങ്ങള്‍ അല്ലേ, അത് കൊണ്ട് എല്ലാ നിയമങ്ങളും പാലിച്ചിട്ട് ഉണ്ട്.

എവിടെയോ ഇരുന്ന് ഒരു ചുക്കും അറിയാത്തവര്‍ പറയുന്ന വാദങ്ങള്‍ മാത്രം. ഈ കമ്പിനികളില്‍ ഉളളവര്‍ പോലും ഇത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
ങ്കഇന്ന് വരെ ആലപ്പാട് ഖനനം ചെയ്തിട്ട് അവര്‍ ഒരു സെന്റ് ഭൂമി പോലും നികത്തി തിരികെ നല്‍കിയിട്ടില്ല. പൊന്മന എന്ന 1500 കുടുംബങ്ങള്‍ ഉണ്ടായ ഗ്രാമം 3കുടുംബങ്ങള്‍ മാത്രമായി ചുരുങ്ങി. വെള്ളനാതുരുത്ത് എന്ന ഇടത്ത് നിന്ന് മാത്രം അഞ്ഞൂറിലേറെ പഞ്ചായത്തിലുടനീളം ആയിരത്തിലേറെ കുടുംബങ്ങള്‍ പലായനം ചെയ്യേണ്ടി വന്നു. ഒപ്പം സുനാമി പുനരധിവാസത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കുടുംബങ്ങള്‍ വേറെയും. പിന്നെ ഇവര്‍ പറയുന്ന പുത്തന്‍തുറ മോഡല്‍. അത് നീണ്ടകര പഞ്ചായത്തില്‍ ആണ്, അത് റീഫില്‍ ചെയ്തത് ആലപ്പാട്ടെ മണ്ണ് കൂടി കൊണ്ട് പോയാണ്. എന്നാല്‍ ഇന്നും അവിടെ വസ്തു തിരികെ കിട്ടാത്ത മനുഷ്യര്‍ ഉണ്ട്. പിന്നെ അവിടെ കാണുന്ന വലിയ വീടുകളും, സൗകര്യങ്ങളും കമ്പിനി നല്‍കിയത് അല്ല അവിടുത്തെ ജനം.അധ്വാനിച്ച് ഉണ്ടാക്കിയതാണ്. ഈ കോടീശ്വര ന്യായം എങ്ങാനും അവിടെ നിന്ന് പറഞ്ഞാല്‍ കടപ്പുറക്കാരന്റെ കൈയ്യുടെ ചൂട് ഈ ന്യായീകരണ തൊഴിലാളികള്‍ അറിയും.

സുനാമി എന്ന മഹാദുരന്തം ഉണ്ടായിട്ട് ഒരു ചുടു കട്ട പോലും ഈ പഞ്ചായത്തില്‍ ഇവര്‍ വാങ്ങി നല്‍കിയില്ല.

രാജ്യത്തെ ഖനന നിയമപ്രകാരം കമ്പിനി ലാഭത്തിന്റെ പത്ത് ശതമാനം പദ്ധതി പ്രദേശത്ത് ചിലവഴിക്കണം. ഇവര്‍ വര്‍ഷം തോറും പഞ്ചായത്തിന് നല്‍കുന്നത് രണ്ട് ലക്ഷം രൂപ. പോരാത്തതിന് ഖനന മേഖലയിലെ സര്‍ക്കാര്‍ വികസനം പോലും അട്ടിമറിക്കും, കാരണം എങ്കിലേ ജനം വസ്തു കൊടുത്തിട്ട് പോകൂ.

പരിസ്ഥിതി അനുമതി കിട്ടാത്ത ഇടങ്ങളില്‍ ഖനനം നടത്താന്‍ പാടില്ല എന്ന് 2017ലെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവും, സുപ്രീംകോടതിയുടെ കോമണ്‍ കേസ് ജഡ്ജുമെന്റും പറയുന്നു. എന്നാല്‍ കമ്പിനി ആലപ്പാട് തന്നെ ഇത്തരത്തില്‍ ലംഘനം നടത്തിയിട്ടുണ്ട്. അത്തരം കമ്പിനികള്‍ക്ക് ഇനി മേലാല്‍ പരിസ്ഥിതി അനുമതി നല്‍കരുത് എന്നും, 200 ശതമാനം പിഴ ഈടാക്കണം എന്നുമാണ് നിയമം പറയുന്നത് എന്നത് കൂടി ഇത്തരുണത്തില്‍ ഓര്‍മിപ്പിക്കുന്നു.

സീ വാഷിങ് എന്ന ഖനന രീതി സി.ആര്‍.ഇസഡ് നിയമം പോലും വിലക്കുന്നതാണ്. എന്നാല്‍ അവര്‍ അത് നിര്‍ബാധം തുടരുന്നു. തീരത്ത് നിന്നും ഇവര്‍ ഇങ്ങനെ മണല്‍ കുത്തി കോരുന്നത് കൊണ്ടാണ് വടക്ക് വശത്ത് നിന്നും മണ്ണിടിഞ്ഞ് അവരുടെ ഖനന മേഖലയിലേക്ക് തന്നെ ചെല്ലുന്നതും, ആലപ്പാട് പഞ്ചായത്തും, വടക്ക് ഭാഗങ്ങളില്‍ ഉള്ള പഞ്ചായത്തുകളും അനുദിനം ലോപിക്കുന്നതും. തെക്ക് മണല്‍ എടുത്താല്‍ വടക്ക് കര ഇടിയുമെന്ന് അറിയാന്‍ കടല്‍ അറിയുന്ന മല്‍സ്യ തൊഴിലാളിയുടെ ബോധം മാത്രം മതി.

ഖനനം പ്രദേശത്തിന്റെ ജൈവ സമ്പത്തിനോ, പരിസ്ഥിതിക്കോ കോട്ടം തട്ടുന്ന രീതിയില്‍ ആകരുതെന്നാണ് നിയമം. കമ്പിനികള്‍ അവരുടെ ഖനന പദ്ധതി രേഖയില്‍ ഉറപ്പ് നല്‍കുന്നുമുണ്ട്. എന്നാല്‍ ഇവിടെ പരിസ്ഥിതി അപ്പാടെ തകര്‍ന്നു. അവര്‍ കാവുകളും, കണ്ടലും, ചതുപ്പും, ജലാശയങ്ങളും എല്ലാം കുഴിച്ചു കഴിഞ്ഞു. ഈ ഖനന രീതി കരിമണല്‍ കുന്നുകള്‍ ഇല്ലാതാക്കി, പരിഹാരമായി കടല്‍ ഭിത്തി പണിയാന്‍ കല്ല് കൊണ്ട് വരുമ്പോള്‍ പശ്ചിമഘട്ടത്തിന് ഉണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതം, ഈ കടല്‍ ഭിത്തി ഉണ്ടായത് കൊണ്ട് പ്രജനനം നഷ്ടപ്പെട്ട കടല്‍ ആമകള്‍, ഞണ്ടുകള്‍, നത്തക്ക തീരം ഇല്ലാതെ ഒഴിഞ്ഞു പോകുന്ന കടല്‍ കാക്കകള്‍, ദേശാടന പക്ഷികള്‍.
ങ്കകെ.എം.എം.എല്‍ തള്ളുന്ന വിഷ ജലം കടലിന്റെ നിറത്തെ പോലും ചുവപ്പിച്ചു. കടല്‍ ചുവക്കണം എങ്കില്‍ എന്താകും അതിന്റെ തീവ്രത. ക്ലൈമറ്റ് വാണിംഗ് ആഘോഷമാക്കുന്ന നെറി കെട്ട രീതികള്‍. ഇത് മൂലം തീരത്ത് നിന്നും ഇല്ലാതായ ചെറു മീനുകള്‍. കണക്കുകള്‍ വലുതാണ് ന്യായീകരണ പുംഗവന്മാരെ.

കരിമണല്‍ ക്യാന്‍സര്‍ ഉണ്ടാക്കും.അത് കൊണ്ട് എടുത്ത് മാറ്റണം…….

ആഹാ എന്തൊരു സ്‌നേഹം?
കണക്കുകള്‍ പറയുന്നത് ആലപ്പാട് പഞ്ചായത്തിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം തൊണ്ണൂറിന് അടുത്ത് മാത്രമാണ്. തൊട്ടടുത്ത പഞ്ചായത്തുകളേക്കാള്‍ കുറവ്. അപ്പോള്‍ തന്നെ റേഡിയേഷന്‍ വാദം തകര്‍ന്നു. പിന്നെ ചില വിദഗ്ധര്‍ പറയുന്നു, ഈ മണ്ണില്‍ ജനിച്ചു വളര്‍ന്ന മനുഷ്യര്‍ക്ക് സ്വാഭാവിക പ്രതിരോധശേഷി ഉണ്ടാകും എന്ന് തന്നെയാണ്. എന്തായലും റേഡിയേഷന്‍ അനുബന്ധ രോഗങ്ങള്‍ ഇല്ലാത്തത് കൊണ്ട് തന്നെ ഈ വാദത്തിന് പ്രസക്തി ഇല്ല. വാരനാട് പോലെയുള്ള ഇടങ്ങളില്‍ മദ്യ കമ്പനികളുടെ സാന്നിധ്യം ക്യാന്‍സര്‍ പടര്‍ത്തുന്നു എന്ന് പഠനം നടന്നിട്ടും ഒരു നടപടി എടുക്കാത്ത നാട്ടിലാണ് ഈ സ്‌നേഹം എന്ന് കൂടി ഓര്‍ക്കണം.

കമ്പിനിയിലെ തൊഴിലാളികള്‍…..

ആഹാ എന്തൊരു തൊഴിലാളി സ്‌നേഹം. ഇരുന്നൂറോളം വരുന്ന ഈ മൈനിങ് തൊഴിലാളികളെ എന്തേ കമ്പിനി സ്ഥിരപ്പെടുത്താതെ പോയത്? സ്ഥിര പെടുത്തിയാല്‍ നാട്ടുകാര്‍ എന്ന വ്യാജേന അവരെ നാട് മുഴുവന്‍ കൊണ്ട് നടത്താനും, അപവാദ പ്രചരണം നടത്താനും പറ്റില്ലല്ലോ അല്ലേ? ആ പാവങ്ങളുടെ ജോലി പോകുമെന്ന് പറഞ്ഞു കൊണ്ട് അവരെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ട് അതിജീവന സമരത്തെ ഭീഷണി പെടുത്താന്‍ പറ്റില്ല അല്ലേ? അപ്പോള്‍ കമ്പനി അവരെ അങ്ങ് സ്ഥിരപ്പെടുത്തി എവിടെ എങ്കിലും കൊണ്ട് ജോലി ചെയ്യിപ്പിക്കൂ. ഇനി ഞങ്ങള്‍ വേറെ ഒരു കൂട്ടം തൊഴിലാളികളെ കുറിച്ച് പറയാം, തൊഴിലാളി സ്‌നേഹികളെ. അവര്‍ മല്‍സ്യ തൊഴിലാളികള്‍ ആണ്. ആലപ്പാട് പഞ്ചായത്തില്‍ അധിവസിക്കുന്ന, ആശ്രയിക്കുന്ന പതിനായിരത്തോളം മല്‍സ്യ തൊഴിലാളികള്‍ ഉണ്ട്. അവരുടെ തൊഴില്‍ ഇല്ലാതായി പോകും ഈ നാട് ഇല്ലാതായി പോയാല്‍. അവരുടെ പ്രശ്‌നം നിങ്ങള്‍ക്ക് പ്രശ്‌നം അല്ലല്ലേ? പ്രളയ കാലത്ത് 54 വള്ളങ്ങളില്‍ വന്ന ഞങ്ങള്‍425 മനുഷ്യരെ നിങ്ങള്‍ അതിന്റെ പേരില്‍ കാണേണ്ട. പക്ഷേ ഖജനാവിലേക്ക് കോടി കണക്കിന് രൂപയുടെ വിദേശ നാണ്യം നേടി തരുന്ന മല്‍സ്യ തൊഴിലാളിയെ അവനരുടെ നില നില്‍പ്പിനെ, അവരുടെ അതിജീവന പോരാട്ടത്തെ അഡ്രസ്‌ചെയ്‌തേ മതിയാകൂ.

ഇനിയും ഉണ്ട് പലതും പറയാന്‍. സുനാമിക്ക് ശേഷം അടിഞ്ഞു കൂടിയ ധാതുമണല്‍ ആണ് കരിമണല്‍ എന്നൊക്കെ വിളമ്പിയ നയാ പൈസയുടെ ബോധമില്ലാത്ത ഊളകളോട് പറയുന്നു, ഒ.എം.കെ.വി.
പിന്നെ ഞങ്ങള്‍ മണല്‍ എടുത്തു കൊടുത്ത് നാനൂറും,അഞ്ഞൂറും രൂപ വാങ്ങുന്നു എന്ന് പറയുന്ന മഹാന്മാരോട് പറയുന്നു ഇവിടെ വരൂ. ഞങ്ങള്‍ വള്ളത്തിലെ കാശ് വീതിക്കുമ്പോള്‍ പടി പുറത്ത് ഇരുന്നാല്‍ ഇതോ, ഇതില്‍ കൂടുതലോ നിനക്കൊക്കെ തരാം.

അവസാനമായി മുക്കുവന്മാര്‍ അല്ലേ? വിവരം കാണില്ല എന്ന് കരുതുന്നവരോട്.
അതേ മുക്കുവര്‍ തന്നെ. പ്രകൃതിയെ, അതിന്റെ ചലനങ്ങളെ കൃത്യമായി അറിയുന്ന മുക്കുവര്‍. പിന്നെ നിങ്ങള്‍ കരുതും പോലെ അല്ലേല്‍ നിങ്ങളില്‍ ചിലര്‍ നിര്‍മിച്ചു തന്ന പൊതു ബോധം പോലെ ചെമ്മീനിലും, അമരത്തിലും, ചമയത്തിലും, ചാന്ത് പൊട്ടിലും ഒക്കെ കണ്ട മുക്കുവരല്ല കടപ്പുറത്ത് ഉള്ളത്. മുക്കുവന്റെ പ്രായോഗിക ബോധത്തിന് ഒപ്പം ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച നന്നായി കാര്യങ്ങള്‍ അപഗ്രഥിക്കുന്ന, കണക്കുകള്‍ പറയുന്ന ഒരു തലമുറയാണ് ഇവിടെ അതിജീവനത്തിനായി പോരാടുന്നത്. അത് കൊണ്ട് കേരളത്തിലെ സാധാരണ സമരങ്ങളെ തകര്‍ത്ത വില കുറഞ്ഞ ആയുധങ്ങള്‍ പോരാതെ വരും നിങ്ങള്‍ക്ക്. പുതിയ ആടുകളേയും തെളിച്ചു കൊണ്ട് നിങ്ങള്‍ ഈ വഴി ഇനിയും വരില്ലേ?

ഞങ്ങള്‍ കാത്തിരിക്കുകയാണ് ആടുകള്‍ക്കുള്ള നല്ല തൂപ്പുമായി. സമര സഖാക്കളെ നമ്മള്‍ മുന്നോട്ട് തന്നെ. കഥയില്ലാത്ത വര്‍ത്തമാനങ്ങളില്‍ തളരണ്ട, കടല്‍ കണ്ട നമുക്ക് ഇതൊക്കെ എന്ത്?
അഭിവാദ്യങ്ങളോടെ.’

Related posts

മാമാങ്കം ഡബ്ബിങ് തുടങ്ങി

Web Desk

“മാമാങ്കത്തിലെ യഥാർത്ഥ വഞ്ചകൻ ആര്?” സജീവ് പിള്ളയുടെ സഹപ്രവർത്തകന്റെ കുറിപ്പ്

Web Desk

യൂണിവേഴ്‌സിറ്റി കോളേജിലെ ചെഗുവേരയുടെ കൊടി അഴിച്ചുനീക്കി

Web Desk

Leave a Comment