Editor's Picks Literature

നാടിന്റെ മണവും രുചിയുമുള്ള ലാസ്റ്റ് സ്റ്റേഷൻ

ലാസ്റ്റ് സ്റ്റേഷൻ

(ചെറുകഥാസമാഹാരം)

ശ്രീ. സുനിൽ ചെറിയകുടി

നാടിന്റെ നേരും രുചിയും അറിയണമെങ്കിൽ ഒരിക്കലെങ്കിലും പ്രവാസിയാകണം. പ്രവാസികൾ എഴുതുമ്പോഴാണ് ഗൃഹാതുരത്വം ഒരു വികാരമാണെന്നു മനസ്സിലാകുകയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ബുക്ക് ഒരുപാട് പ്രതിഭകളുടെ സംഗമമാണ്. കഥാകൃത്തിനോടൊപ്പം മറ്റു പ്രതിഭകളും ഉത്തരവാദിത്യം ഏറ്റെടുത്ത സുന്ദര സൃഷ്ടിയാണ് “ലാസ്റ്റ് സ്റ്റേഷൻ” എന്ന ചെറുകഥാ സമാഹാരം.

കലാകൗമുദി എഡിറ്റർ ഇൻ ചാർജ് ശ്രീ വടയാർ സുനിലിന്റെ വാക്കുകൾ റെഡ് ചില്ലീസിന് വേണ്ടിയുള്ള മുഖക്കുറി കൂടിയാണ്.

ഇതൊരു കൂട്ടുത്തരവാദിത്തമാണെന്ന ഓർമ്മപ്പെടുത്താലോടെ ശ്രീ ഇ എസ് ഷാജേന്ദ്രൻ ഒരു ആമുഖം നൽകിയിരിക്കുന്നു. അതെത്ര വാസ്തവമാണ്. ആർട്ടിസ്റ്റ് ശ്യാം നാഥിന്റെ വരയോടുള്ള കവർ പേജ് ബുക്കിന്റെ പേരിനോട് (ലാസ്റ്റ് സ്റ്റേഷൻ) അങ്ങേയറ്റം നീതിപുലർത്തിയിരിക്കുന്നു. നാട്ടിൻപുറത്തെ നന്മയും, ബന്ധങ്ങളിലെ സത്യവും, പ്രകൃതിയുടെ നീതിയും, കാട്ടുമനുഷ്യന്റെ സ്നേഹവും, അച്ഛനമ്മമാരുടെ കരുതലുമുള്ള ഒരു മനോഹര യാത്രയ്ക്ക് ക്ഷണിക്കുകയാണ് ആകർഷണീയമായ പുറംചട്ടയും ഉള്ളിലെ വരികളും.

“ജീവൻ ഉള്ളതുകൊണ്ട്” എന്ന് തുടങ്ങുന്ന ആമുഖം എഴുതിയ സി. രാധാകൃഷ്ണൻ സാർ പറഞ്ഞത് എത്ര വാസ്തവമാണ്. ജീവനുള്ളതെല്ലാം സ്നേഹമുള്ളതാണ്.. ഈ വരികൾക്ക് ജീവനും അതിനുള്ളിൽ സ്നേഹവുമുണ്ട്.

പുതുമണ്ണിന്റെ സുഗന്ധം എന്ന സുരേഷ് എം. ജി സാറിന്റെ അഭിപ്രായവും വളരെ ശരിയാണ്. പുതുമഴ പെയ്യുമ്പോൾ കിട്ടുന്ന സന്തോഷം തന്നെയാണ് ഓരോ കഥയും നൽകുന്നത്.

അവസാനം ഈ പുസ്തകത്തെ കുറിച്ചു ഒരു കുറിപ്പ് എഴുതിയ ശ്രീ പി. പ്രകാശ് ഓരോ കഥയെയും എത്ര ആഴത്തിൽ ഉൾക്കൊണ്ടാണ് എഴുതിയിരിക്കുന്നത്. നമ്മുടെ ഉള്ളിലുറങ്ങുന്ന നിഷ്കളങ്കതയെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. എത്ര വളർന്നാലും നഷ്ടമാകാത്ത നിഷ്കളങ്കതയെ ഉണർത്തുന്നതാണ് സുനിൽ ചെറിയകുടിയുടെ അക്ഷരങ്ങൾ.

ഒൻപത് കഥകളും വ്യത്യസ്തമാണ്. നിത്യ ജീവിതത്തിൽ അറിയുന്ന ഒൻപത് അനുഭവങ്ങളാണ്, ഒൻപത് സത്യങ്ങളാണ് ഈ ഒൻപത് കഥകളും

1.ബാലന്റെ ഗ്രാമം

കോതത്തോടിന്റെ തെളിനീരിൽ മത്സ്യങ്ങൾക്കൊപ്പം നീന്തിയ ബാല്യത്തിന്റെ കൊഞ്ചലുണർത്തിയ കഥയാണ് ബാലന്റെ ഗ്രാമം. ഗ്രാമീണനന്മയുടെ പടികളിറങ്ങി ഓടിയണയുന്ന ബാലനും ഭാര്യ സുമയും കേശുമാമയും തീർക്കുന്ന ബന്ധനം ഗൃഹാതുരത്വത്തിന്റെയാണ്. നാടുമായുള്ള ബന്ധം അമ്മയുടെ പൊക്കിൾക്കൊടിയോടുള്ള ബന്ധം പോലെ അറുത്തുമാറ്റിയാലും നഷ്ടപ്പെടാത്തത്ര ദൃഢമാണെന്ന ഓർമ്മപ്പെടുത്തലാണ് ബാലന്റെ ഗ്രാമം. “തുലാമേഘങ്ങളെ പോലെ കനം തൂങ്ങി നിൽക്കുന്ന മനസ്സിൽ” ഓർമ്മകളുമായുള്ള വടംവലിയാണ് ബാലനിൽ. ആ വടംവലിയിൽ ബാലൻ തോൽക്കണമെന്നു ആഗ്രഹിക്കുന്നത്, മുറിച്ചുമാറ്റാൻ ഇഷ്ടപ്പെടാത്ത ചില നാടോർമ്മകൾ നമ്മളെയും തോല്പിക്കുന്നത് കൊണ്ടാകുമെന്നു കരുതുന്നു. ഓർമ്മകൾ ശവപ്പറമ്പല്ല, മറിച്ചു ജീവനുള്ള ചില യാഥാർഥ്യങ്ങളാണെന്നു ഓർമ്മിപ്പിക്കുന്ന സുമയും, കടപ്പാടിനെ ആയുസ്സിന്റെ കണക്കിൽ എഴുതിതീർത്ത കേശുമാമയും സ്നേഹനൂലിനാൽ കൊരുത്ത ശക്തരായ കഥാപാത്രങ്ങൾ തന്നെയാണ്. അല്പം നീളക്കൂടുതൽ മാറ്റിവെച്ചാൽ വായനയുടെ മറ്റൊരു മനോഹര തലമാണ് “ബാലന്റെ ഗ്രാമം” നൽകുന്നത്. രണ്ടായിരത്തി പതിനേഴിലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന ഗവെർന്മെന്റിന്റെ അവാർഡ് ബാലന്റെ ഗ്രാമത്തിന്റെ സെല്ലുലോയ്ഡ് വേര്ഷനായിരുന്നു എന്നത് കഥയുടെ മേന്മയെ എടുത്തുകാണിക്കുന്നു.

2.സ്പന്ദനങ്ങൾ

തെരുവിന്റെ ഇരുവശങ്ങളിലുമായി, നേർക്ക് നേർ നോക്കിയിരിക്കുന്ന വീടുകളിൽ താമസിക്കുന്ന ജെയ്സൺ എന്ന മുപ്പത്തിനാല് വയസ്സുള്ള ചെറുപ്പക്കാരനും കാതറിൻ എന്ന അമ്മൂമ്മയും തമ്മിൽ ആകസ്മികമായി സംഭവിയ്ക്കുന്ന സ്നേഹബന്ധത്തിന്റെ കഥയാണ് “സ്പന്ദനങ്ങൾ”. ദുർമേദസ്സ് ഒഴിവാക്കാൻ പ്രഭാത സവാരിക്ക് ഇറങ്ങുന്ന ജയ്സണിൽ നിന്ന് ഒഴിവായത് ഒറ്റപ്പെടലിന്റെ ദുർമേദസ്സ്‌ ആയിരുന്നു. ഓസ്കാർ (ജെയ്സന് കറുമ്പൻ) എന്ന പൂച്ചയാണ് തുടക്കത്തിൽ കഥയുടെ ഗതി നിർണ്ണയിക്കുന്നതെങ്കിലും പിന്നീട് രക്തബന്ധത്തെക്കാൾ ശക്തമായ ആത്മബന്ധത്തിലേക്ക് കഥയെത്തുന്നു. ഒരു നിർവൃതി നൽകി അവസാനിക്കുന്ന കഥ, ഇതുപോലെ ആകസ്മികമായി വന്ന്, ഔപചാരികതകൾ ഇല്ലാതെ നമ്മളോട് ചേർന്ന ആരെയൊക്കെയോ ഓർമ്മിപ്പിക്കുന്നുണ്ട്. അമ്മയെ തിരയുന്ന ജെയ്സൺ, മകനെ നഷ്ടമായ കാതറിനിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ എത്തുമ്പോൾ ഒരു നെടുവീർപ്പോടെ നമ്മൾ തിരയുന്നത് വേണ്ടപ്പെട്ട ആരെയൊക്കെയോ ആണ്.

3.ലാസ്റ്റ് സ്റ്റേഷൻ

എന്തുകൊണ്ടാണ് ആഞ്ചലീൻ ജീവനില്ലാത്ത ട്രെയിനിനെ പ്രണയിക്കുന്നത്?- ഒരു ചോദ്യമായി ഈ വസ്തുത കഥയിലുടനീളം വായനക്കാരെ അസ്വസ്ഥമാക്കും. റെസ്റ്റിംഗ് ഹോമിലെ അന്തേവാസിയായ മാർഗരറ്റ് എന്ന സ്ത്രീയിൽ നിന്നും അമ്മയുടെ സ്നേഹം ലഭിച്ച ഭാര്യയും, ട്രെയിനെ പ്രണയിച്ചു സ്ഥിരം അതിൽ യാത്ര ചെയ്യുന്ന ആഞ്ചലീൻ എന്ന യുവതിയും തമ്മിൽ ബന്ധിക്കപ്പെട്ട നൂലിഴ തിരിച്ചറിയുന്ന നായകന്റെ കെട്ടുപാടുകളാണ് ലാസ്റ്റ് സ്റ്റേഷൻ. ഭാഷയും നിറവും സംസ്കാരവും വ്യത്യാസപ്പെടുത്തിയെങ്കിലും ഏകീകൃതമായ,പേരിടാത്ത വികാരം കൊണ്ടറിഞ്ഞ ആഞ്ചലിൻ ആരായിരുന്നു അയാൾക്ക്? പിങ്ക് നിറമുള്ള കുഞ്ഞു കമ്പിളിയുടുപ്പ് മോൾക്ക് വേണ്ടി, ക്ഷമയോടെ തുന്നിയ മാർഗരറ്റ് ആരായിരുന്നു അയാളുടെ ഭാര്യയ്ക്ക്? കൊടും തണുപ്പിൽ നഗ്നപാദത്തോടെ ആഞ്ചലിൻ കുടിയേറുന്നത് വായനക്കാരിലേക്കാണ്. അതുകൊണ്ടാണ് കുറച്ചു നാളുകൾക്ക് ശേഷം ആ ക്രിസ്മസ് ദിനത്തിൽ ആഞ്ചലിനെ കാണുമ്പോൾ അയാൾക്കൊപ്പം നമ്മളും സന്തോഷിക്കുന്നത്. അതേ ഉത്സാഹത്തോടെ സമ്മാനപ്പൊതി നൽകാൻ നമ്മളും ആഗ്രഹിക്കുന്നത്. വായനയ്ക്ക് ശേഷം ഗൂഢമായ വിഷാദം എന്നിലും ഉറവപൊട്ടിയോ ? അതേ ട്യുയിയുടെ മധുരനാദം ഞാനും കേട്ടുവോ? അറിയില്ല. എങ്കിലും ആഞ്ചലിൻ എന്നെങ്കിലും വരുമെന്ന് പ്രതീക്ഷയോടെ വായനക്കാരായ നമുക്കും കാത്തു നിൽക്കാം..

4.വാത്സല്യം

ഒരു അച്ഛനും മകളും തമ്മിലെ സ്നേഹത്തിന്റെ ആഴം ആർക്കാണ് അറിയാൻ കഴിയുക. അവളുടെ കൊഞ്ചൽ നൽകുന്ന നിർവൃതിയ്ക്ക് പകരം, നുറുങ്ങു കഥകളിലൂടെ മകൾക്ക് അവളുടേത് മാത്രമായ ലോകമാണ് നൽകുന്നത്. ഒരുപക്ഷേ മകളെ സ്നേഹിക്കുന്ന ഏതൊരു പിതാവും ഇങ്ങിനെയാകും. അച്ഛനെന്ന വികാരം കരുതലിന്റെ, വാത്സല്യത്തിന്റെ പകുത്തുനൽകലാണ്. കുട്ടികൾ സുകൃതമാണെങ്കിൽ അച്ഛൻ എന്നത് ഒരിക്കലും വറ്റാത്തൊരു വാത്സല്യ തെളിനീരാണ്. “അച്ചേടെ മുത്തേ ” എന്ന് തനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ മകളെ വിളിക്കാത്ത അച്ഛനുണ്ടാകില്ല. ഒന്ന് കുഴങ്ങി, അഭ്യാസിയുടെ തഴക്കത്തോടെ ഒരു കഥ കൊണ്ട് മകൾക്ക് അവളുടെ ആകാശം സമ്മാനിക്കുന്ന അച്ഛൻ മാത്രമാകും ഏതൊരു പെൺകുട്ടിയുടെയും സൂപ്പർ ഹീറോ.. എന്നും എക്കാലത്തും. അഞ്ചു വയസ്സിന്റെ സംഭാഷണങ്ങൾക്ക് ഇത്രയും കൊഞ്ചലുണ്ടാകുമോ എന്ന സംശയം ബാക്കിയുണ്ട്. എങ്കിലും “അച്ഛൻകുട്ടി” എന്നൊക്കെ പറയുന്നത് ഇഷ്ടപ്പെടുന്ന ഏത് മക്കളും ഏറെ സ്നേഹത്തോടെ പ്രിയ വായനയിൽ ചേർത്തു വെക്കാൻ ഇഷ്ടപ്പെടുന്ന കഥയാണ് വാത്സല്യത്തിന്റെ തേൻമധുരം നൽകിയ ഈ കഥ.

5. അമ്മ

ഉറക്കച്ചുവടോടെ,എന്നാൽ മകന് വേണ്ടി ഉത്സാഹത്തോടെ ഉണരുന്ന അമ്മമാരുടേത് പോലെ നിസ്വാർത്ഥമായ സ്നേഹം വേറെയാരിലും കാണാൻ കഴിയില്ലല്ലോ.

“എന്തിനാമ്മേ ഇത്ര രാവിലെ..” എന്ന ചോദ്യത്തിൽ മകൻ കരുതിവെച്ച സ്നേഹം മുഴുവൻ സൂഷ്മമായി ഒളിപ്പിച്ചിരിക്കുന്നു. പലപ്പോഴും ഇത്തരം സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നു പോയിട്ടുണ്ടാകും. കുഞ്ഞിനെ ആദ്യമായി കണ്ട ദിവസം ഏതമ്മയ്ക്കാണ് മറക്കാൻ കഴിയുക. ജോലി ചെയ്ത ക്ഷീണത്തിൽ ഭാര്യ ഉറങ്ങുമ്പോൾ അമ്മയുടെ കരുതൽ കണ്ണുകളിൽ ഉറക്കത്തെക്കാൾ വത്സല്യമാണ് പറ്റിപ്പിടിച്ചു നിൽക്കുക. കരുതലിന്റെ മാതൃസ്വരം ദൂരങ്ങൾ താണ്ടി, കാലത്തെ തോൽപ്പിച്ചു എന്നും നമുക്കൊപ്പം ഉണ്ടാകും. എണ്ണയിട്ട യന്ത്രം പോലെ തിരിയുന്ന തിരക്കുകളിൽ ഇടയ്ക്കിടെ ചേർത്ത് നിർത്താൻ, തലോടാൻ അമ്മയോർമ്മകൾ മാത്രം മതി..

തുടക്കത്തിൽ കഥാകൃത്ത് പറഞ്ഞ സമർപ്പണം പൂർണ്ണമാകുന്നത് 73-)0 പേജിൽ എത്തുമ്പോഴാണ്. അമ്മയെ ഏറെ സ്നേഹിക്കുന്ന ഒരാൾക്കെ ഇത്തരത്തിൽ എഴുതാൻ കഴിയു എന്ന് പറഞ്ഞുപോകുന്നു.. നിസ്സാരമെന്നു തോന്നുമെങ്കിലും സ്നേഹത്തിന്റെ ഗൗരവമുള്ള അർത്ഥം വഹിക്കുന്ന കഥയാണ് “അമ്മ”.

6.സുലൈമാൻ സായിപ്പും മാത്തുക്കുട്ടിയും

മറ്റൊരു ഗ്രാമകാഴ്ച്ചയുടെ ദൃഷ്ടാന്തമാണ് “സുലൈമാൻ സായിപ്പും മാത്തുക്കുട്ടിയും”. ചെറിയ പരിഭവങ്ങൾ, പരാതികൾ ഒക്കെ ഊട്ടിയുറപ്പിച്ച, ജാതിയ്ക്കും മതത്തിനും വിശ്വാസങ്ങൾക്കും അപ്പുറം മാനവികതയെ മുറുക്കെ പിടിക്കുന്ന ഒരുകൂട്ടം ജനങ്ങളുടെ കഥയാണ് “സുലൈമാൻ സായിപ്പും മാത്തുക്കുട്ടിയും” കൈമാറുന്നത്. വായിച്ചുവരുമ്പോൾ നമുക്ക് തോന്നാം, പടിയിറങ്ങിയ എന്റെ നാട്ടോർമ്മകൾ ഇതുതന്നെയല്ലേ എന്ന്. കോഴികൾ വൃത്തികേടാക്കിയ മുറ്റത്തെ നോക്കി പരാതി പറയുന്ന ഹാജിറാത്തയുടെ പരിഭവം,”ഞാൻ വൃത്തിയാക്കിത്തരാം” എന്ന് നിർമ്മല പറയുന്നതോടെ തീരുന്ന ആയുസ്സേയുള്ളൂ. നിഷ്കളങ്കമായ സ്നേഹത്തിന്റെ ചൂര് മണക്കുന്ന ഈ കഥ, ഇന്നും നശിക്കാത്ത ഗ്രാമവിശുദ്ധിയുടെ നേർകാഴ്ച്ചയാണ്.

ചെങ്കല്ല് തിന്നുന്ന കാർത്ത്യായനിത്തള്ളയും

സഹദേവനും ജയിംസും നിർമ്മലയും സുലൈമാൻ സായിപ്പും ഹാജിറാത്തയും ഒക്കെ ഒരുമിച്ചു ആഘോഷിച്ച ഓണവും ഈദും ക്രിസ്മസും പോലെ രുചിയിടം ഓർമ്മകളിൽ പോലും നൽകുന്ന ആവേശം വേറെ എവിടെയാണ് കിട്ടുക.നിർമ്മലയുടെ പ്രാർത്ഥനകൾക്ക് എല്ലാ ദൈവങ്ങളും മുഖം തിരിച്ചു നിന്നപ്പോൾ ചെവി കൊടുത്തത് വെറും “മനുഷ്യരായ ” ഗ്രാമവാസികളാണ്. അതുകൊണ്ടാണല്ലോ ജയിംസ് പോയപ്പോൾ താങ്ങായി നിന്നവരെ തേടി നർമ്മലയും മാത്തുക്കുട്ടിയും വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്നത്.കാലം ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഉള്ളിലെ കളങ്കമില്ലാത്ത സ്നേഹം അതേ വിശുദ്ധിയോടെ സൂക്ഷിക്കുന്ന ഇത്തരം നന്മമനസ്സുകൾ വായിക്കുമ്പോൾ തന്നെ അനുഭവപ്പെടുന്നത് ശുഭചിന്തകൾ മാത്രമാണ്. കാലം മായ്ക്കാത്ത വിശുദ്ധിയായി മാത്തുക്കുട്ടിയും നർമ്മലയും അവരുടെ ഗ്രാമവും എന്നും വായനയുടെ ഓർമ്മത്താളിൽ തെളിഞ്ഞു നിൽക്കും.

7.നാല് അടയാളങ്ങൾ

മകന്റെ അഡ്മിഷന് വേണ്ടി ഇടവക വികാരിയെ തേടിയെത്തുന്ന രണ്ട് ദമ്പതിമാരുടെയും വികാരിയുടെയും സംഭാഷണമാണ് കഥയുടെ പൊരുൾ. ചില സമകാലിക സത്യങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ് ഈ കഥ. അതേ സഭയിലെ വിശ്വാസികൾ അല്ല എന്ന കാരണത്താൽ മകന്റെ അഡ്മിഷന് തടസ്സം പറയുന്ന വികാരി, വിൽക്കപ്പെടുന്ന വിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമാണ്. പുരാതനമായ സഭയുടെ അടിസ്ഥാന തത്വങ്ങളിൽ നാല് അടയാളങ്ങൾ വികാരി, ഭർത്താവിനോട് ചോദിക്കുമ്പോൾ ആത്മവിശ്വാസത്തോടെ മറുപടി നൽകുന്ന അയാൾ തൂത്തെറിയാൻ ശ്രമിക്കുന്നത് വിശ്വാസത്തിന്റെ മറവിലെ ആളെ കൂട്ടാനുള്ള കുരുട്ടു തന്ത്രത്തെയാണ്. യഥാർത്ഥ ക്രിസ്തുവും മതവും വിശ്വാസവും കൂട്ടിക്കലർത്തി ഭർത്താവ് പറയുന്ന ലഘുപ്രസംഗത്തിൽ തിരിച്ചറിവ് വികാരിയ്ക്ക് മാത്രമല്ല, അയാളുടെ ഭാര്യയ്ക്കും വായനക്കാർക്കും കൂടിയാണ്. “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണുമെന്ന്” ഉറപ്പിച്ചു പറയുന്ന ഭർത്താവിൽ വിശ്വസിക്കുന്ന ഭാര്യയിൽ കഥയെത്തുമ്പോൾ എന്താണ് ഈശ്വരൻ എന്ന ഉത്തരത്തിലേക്ക് നമ്മളും എത്തിച്ചേരുന്നു. എഴുത്തുകാരന്റെ തൂലിക സാമൂഹിക പ്രതിബദ്ധതയുള്ളതാവണം എന്ന ഓർമ്മപ്പെടുത്തലാണ് “നാല് അടയാളങ്ങൾ” എന്ന കഥ..

8.കുറിഞ്ഞിമേട്ടിലെ മൈന പറഞ്ഞ ആനകൾ

മക്കൾക്ക് തുമ്പി എന്നും പറപ്പ എന്നും പേരിടണമെങ്കിൽ പ്രകൃതിയോട് ഇണങ്ങിയ ജീവിതം കൊതിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് “കുറിഞ്ഞിമേട്ടിലെ മൈന പറഞ്ഞ ആനകൾ” എന്ന കഥ. അവധിക്കാലം ആസ്വദിക്കാൻ, പറഞ്ഞുകേട്ട കഥകളുമായി വിദേശത്തുനിന്നും നാട്ടിലെത്തിയ രണ്ടു കുട്ടികളുടെയും, വർണ്ണാഭമായ കഥകൾ കൊണ്ട് പുതിയൊരു ലോകം അവർക്ക് നൽകുന്ന അച്ഛനും അമ്മയും ഉൾപ്പെട്ട കഥ വ്യത്യസ്തമായ അനുഭവമാണ് നൽകുക. തൊട്ടാവാടിയും തേരട്ടയും മുക്കൂറ്റിപ്പൂവും കണ്ട് അത്ഭുതം തൂകുന്ന കുട്ടികളും അവരുടെ ചെറിയ, വലിയ സംശയങ്ങൾക്ക് മറുപടി നൽകുന്ന അച്ഛനും അവർക്കൊപ്പമുള്ള യാത്രയിലേക്ക് മനഃപൂർവ്വമല്ലാതെ ക്ഷണിക്കുകയാണ്. സംസാരിക്കുന്ന മൈന നൽകുന്ന താക്കീത് ഒരു കരുതൽ പോലെ എന്തോ ആണെന്ന് കഥ പറയുന്നു. ഒരുപക്ഷേ മനുഷ്യൻ കരുതുന്നതിലും അപ്പുറത്തേക്ക് മൃഗങ്ങൾക്ക് എത്തിപ്പെടാൻ കഴിയില്ലെന്ന് അഹങ്കരിക്കുമ്പോൾ അതിർത്തി നിർണ്ണയം നമുക്ക് മാത്രമാണെന്ന സത്യം പറഞ്ഞുതരികയാണ് ഈ കഥയിലൂടെ. കാടിനോട് ചേർന്നുള്ള പഴയ കോട്ടേഴ്‌സും തേയിലത്തോട്ടവും അപ്പൻ തവസിയും മൈനയും രാത്രിയിൽ എത്തിയ ആനക്കൂട്ടങ്ങളും നേരിൽ കണ്ടത് പോലെ, അടുത്ത് അറിഞ്ഞത് പോലുള്ള വിവരണം അത്രയേറെ ഹൃദ്യമാണ്. “ഒരിക്കലും ഒരു സൃഷ്ടിയും പൂർണ്ണമല്ല” എന്ന തത്വത്തിൽ പ്രകൃതിയുടെ മനോഹരസത്യം അനാവരണം ചെയ്യുകയാണ്. ഇടയ്ക്കിടെ നാട്ടിൽ ഇറങ്ങുന്ന കാട്ടാന കൂട്ടത്തിന്റെ കഥ പറയുമ്പോഴും, ” ഇവിടേയ്ക്ക് അവർ എത്തില്ല” എന്ന് ലിറ്റി ഉറപ്പിച്ചു പറഞ്ഞ വിശ്വാസത്തെ കാറ്റിൽ പറത്തി അവസാനം അവർ എത്തുമ്പോൾ എത്ര മനോഹരമാണ് ഓരോ സൃഷ്ടിയും എന്ന് നമ്മൾ തിരിച്ചറിയുന്നു. സർവ്വത്തിന്റെയും ആധാരം പ്രകൃതിയാണെന്ന സത്യത്തെ അംഗീകരിക്കുകയാണ് “കുറിഞ്ഞിമേട്ടിലെ മൈന പറഞ്ഞ ആനകൾ”

9. പൊഹുട്ടുകാവ

പേര് സൂചിപ്പിക്കുന്നത് പോലെ നിഗൂഢത നിറഞ്ഞ ഒരു കഥയാണ് “പൊഹുട്ടുകാവ”. ” സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് മടങ്ങുക ” എന്ന മുന്നറിയിപ്പോടെ തുടങ്ങുന്ന കഥ ഭയത്തിന്റെ നെരിപ്പോട് കത്തിച്ചുകൊണ്ടാണ് തുടങ്ങുക. എന്താണ് പൊഹുട്ടുകാവ?

നിഗൂഢതകളുടെ പര്യായമായി വ്യാഖ്യാനിക്കപ്പെടുന്ന പൊഹുട്ടുകാവ ഒരു വൃക്ഷമാണ്. വളഞ്ഞുപുളഞ്ഞ ശിഖരങ്ങളിൽ നിന്നും ഏതോ ഭീകര ജീവിയുടെ നാവ് പോലെ തൂങ്ങിക്കിടക്കുന്ന ചുവന്ന നിറത്തിലെ വേരിൻ കൂട്ടത്തോടെയുള്ള ഒരു വൃക്ഷം. ഏതോ ഉൾപ്രേരണയാൽ വീണ്ടും നിഷേധിക്കപ്പെടുന്ന ലോകത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരു സഞ്ചാരിയും,അവസാനം ആപത്തിൽ നിന്നും അയാളെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടവനെപ്പോലെ എത്തിപ്പെടുന്ന അതികായനായ വേട്ടക്കാരന്റെയും കഥയാണ് പൊഹുട്ടുകാവ. ഭീതിയും ആകാംക്ഷയും തുല്യ അനുപാതത്തിൽ സംയോജിപ്പിച്ച കഥ നൽകുന്നത് വ്യത്യസ്തമായ വയനാനുഭവമാണ്. തിരിച്ചറിയാത്ത ഏതോ പ്രലോഭനത്തിൽ യാത്രയാകുന്ന കഥാപാത്രത്തോടൊപ്പം നമ്മളും യാത്ര തിരിക്കുന്നത് കഥയിലെ ഉള്ളറകളിലേക്കാണ്.

ഓരോ കഥയും ഒന്നിൽ നിന്നും വ്യത്യസ്തമാണ് എന്നതാണ് ഈ കഥാസമാഹാരത്തെ മനോഹരമാക്കുന്നത്. ശ്രീ. സുനിൽ ചെറിയകുടിയുടെ ആദ്യത്തെ കഥാസമാഹാരമാണ് “ലാസ്റ്റ് സ്റ്റേഷൻ” . റെഡ് ചില്ലീസിന്റെ ആദ്യത്തെ പബ്ലിക്കേഷനാണ് “ലാസ്റ്റ് സ്റ്റേഷൻ”. രണ്ടു കൂട്ടർക്കും ഭാവുകങ്ങളോടെ..

ഇത്ര മനോഹരമായ കഥകൾ നൽകിയ ശ്രീ സുനിൽ ചെറിയകുടിക്കും ഈ അക്ഷരങ്ങളെ അങ്ങേയറ്റം ലാളിത്യത്തോടെ അവതരിപ്പിച്ച റെഡ് ചില്ലീസിനും ഈ ബുക്ക് വായനയുടെ കൈകളിൽ എത്തിക്കുന്ന നല്ലെഴുത്തിനും ഹൃദയം നിറഞ്ഞ നന്ദിയോടെ..

അശ്വതി അരുൺ

Related posts

‘കഞ്ചാവടിച്ചാല്‍ പാവാടയും ബ്ലൗസും ധരിക്കും’;യാദവിനെതിരെ ഐശ്വര്യ റായി

Web Desk

എസ്‍എഫ്‍ഐ നേതാക്കളുടെ പരീക്ഷ കൃത്രിമം സ്ഥിരീകരിച്ച് പിഎസ്‍സി

Web Desk

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നു: സ്റ്റാലിൻ

Web Desk

Leave a Comment