Editor's Picks Literature

മണർകാട്ട് പാപ്പൻ എന്ന ജോസഫ് മൈക്കിൾ മണർകാട്

മണർകാട് പാപ്പനേ കുറിച്ച് എഴുതണമെന്നു പലരും നിരന്തരം ആവശ്യപ്പെടുന്നു. 1972 ഇൽ എഞ്ചിനീയറിംഗ് പഠനത്തിന് പോയത് മുതൽ എന്റെ അറിവുകൾ കൂടുതലും കേട്ടറിവുകൾ മാത്രം ആണ്, ചേട്ടനെ അടുത്തു പരിചയം ഉണ്ടായിരുന്നെങ്കിലും. 
ഞാൻ എഴുതുന്നതിൽ വസ്തുതാ പരമായ തെറ്റുകൾ ഉണ്ടെങ്കിൽ സുഹൃത്തുക്കൾ തിരുത്തണം എന്ന് തുടക്കത്തിലേ അഭ്യർത്ഥിക്കുന്നു.

 

മണര്കാട്ട് പാപ്പൻ എന്ന ജോസഫ് മൈക്കിൾ മണർകാട് മലയാളികൾ മിക്കവരും അറിയുന്നത് കേരളം കണ്ട ഏറ്റവും വലിയ മദ്യ രാജാവ് എന്ന നിലയിലാണ്.
മദ്യ വ്യവസായി, അതുല്യനായ സ്പോർട്സ് സംഘാടകൻ, ഹോട്ടൽ വ്യവസായി, പ്ലാന്റഷന് മേഖലയിലെ അതികായൻ, തീയേറ്റർ ഉടമ, രാഷ്ട്രീയ നേതാവ്, പത്രമുടമ എന്ന നിലയിൽ എല്ലാം പ്രവർത്തിച്ച പാപ്പൻ ചേട്ടൻ ഒരു അസാമാന്യ വ്യക്‌തിത്വം ആയിരുന്നു.
പിതാവ് മണര്കാട്ട് കുഞ് എന്ന എം എം ജോസെഫിന്റെ ബിസിനസ് പരാജയങ്ങളെ തുടർന്ന് വളരെ ചെറുപ്പത്തിലേ വിദ്യാഭ്യാസം ഉപേക്ഷിച്ചു സ്വന്തം ജീവിത മാർഗം തേടേണ്ടതായിട്ടു വന്നു പാപ്പന്.
പിന്നീട് രാജധാനി ഹോട്ടൽ ഉടമയായ അപ്പുവുമായി ചേർന്ന് ഒരു ടാക്സി കാർ മേടിച്ചാണ് തുടക്കം.
പാലാ ടൌൺ കള്ളു ഷാപ്പ് ലേലത്തിൽ പിടിച്ചു കൊണ്ടാണ് തന്നെ രാജാവാക്കിയ അബ്കാരി വ്യവസായത്തിലേക്കു മണര്കാട്ട് പാപ്പൻ ആദ്യ ചുവട് വെച്ചത്.
സ്വാതന്ത്ര്യ പ്രാപ്തിക്കു മുൻപ് ഗാന്ധിജിയുടെയും കത്തോലിക്ക സഭയുടെ സ്വാധീനത്താൽ ക്രിസ്ത്യാനികൾ മദ്യ വ്യാപാര രംഗത്ത് നിന്ന് അകലം പാലിച്ചിരുന്നു. പക്ഷെ കേരള സംസ്ഥാന രൂപീകരണത്തോടെ അതു വരെ ഈഴവരുടെ കുത്തക ആയിരുന്ന മദ്യ വ്യവസായത്തിലേക്കു ക്രിസ്ത്യാനികൾ ഇരച്ചു കയറി.
1967ലെ ഈ എം എസ്‌ മന്ത്രിസഭ ചാരായം റേഞ്ച് അടിസ്ഥാനത്തിൽ ലേലം ചെയ്തു തുടങ്ങിയതോടെയാണ് അബ്കാരി മുതലാളിമാർ എന്ന പുതിയ ഒരു വർഗം കേരളത്തിൽ ഉടലെടുത്തത്. അന്നു മുതൽ ഇന്ന് വരെ കേരളത്തിലെ രാഷ്‌ടീയ രംഗത്തെ കടിഞ്ഞാൺ മുന്നണി ഭേദമെന്യേ ഈ പുതിയ മുതലാളിമാരുടെ കൈയിൽ ആണ്.

പുതിയ മുതലാളിമാരിൽ കോട്ടയം ജില്ലയിൽ അതി വേഗം മുൻപന്തിയിൽ എത്തിയത് നാലു കത്തോലിക്കർ ആണ്. കാഞ്ഞിരപ്പള്ളിക്കാരൻ തോമസ് ചാക്കോ മുക്കാടൻ, പാലാക്കാരൻ മണര്കാട്ട് പാപ്പൻ, ഇലഞ്ഞിക്കാരൻ കുരീത്തടം ഐസക്, ക്നാനായ കത്തോലിക്കൻ ആയ കിടങ്ങൂർ ക്കാരൻ പാച്ചി ഫിലിപ്പ്.
നയതന്ത്ര രംഗത്ത് ഒരു ചൊല്ലുണ്ട്. സ്ഥിരം സുഹൃത്തുക്കളോ സ്ഥിരം ശത്രുക്കളോ ഇല്ല, ഉള്ളത് സ്ഥിരം താല്പര്യങ്ങൾ മാത്രം. അക്കാലത്തെ മദ്യ വ്യവസായവും അങ്ങനെ തന്നെ. പണം ഉണ്ടാക്കണം എന്നത് മാത്രമാണ് ലക്‌ഷ്യം. അതിനായി ആരുമായും കൂട്ടു കൂടും, ആരെയും ശത്രു പക്ഷത്തു നിർത്തുകയും ചെയ്യും.
ഒരു വർഷത്തെ പങ്കുകാർ അടുത്ത ലേലത്തിന് എതിരാളി ആകും. ലേലം നടക്കുമ്പോൾ പോലും സഖ്യങ്ങൾ ഉണ്ടാകുകയും പൊളിയുകയും ചെയ്യും. തോൽക്കുന്നവർ മിച്ചം വന്ന എല്ലിൻ കഷണങ്ങൾ കൊണ്ട് തൃപ്തിപ്പെടും. പിന്നെ ഒരു വർഷം എതിരാളികളുടെ ബിസിനസ് തകർക്കാനുള്ള ശ്രമങ്ങൾ നടത്തി കഴിയും.
എന്നാൽ വ്യക്തി ബന്ധങ്ങൾ തകരാതെ നോക്കുകയും ചെയ്യും. അടുത്ത വര്ഷം ചിലപ്പോൾ സഹായം ആവശ്യമായി വന്നാലോ. എതിരാളിയുടെ വീട്ടിലെ പരിപാടികളിൽ ആദ്യന്തം പങ്കെടുത്തു കെട്ടി പിടിച്ചു പിരിയും. സ്വകാര്യ സംഭാഷണങ്ങളിൽ കേട്ടാൽ അറക്കുന്ന ഭാഷയിൽ മറ്റവന്റെ വഞ്ചനയുടെ കഥകൾ പറയും.
പക്ഷെ ചുരുങ്ങിയ കാലം കൊണ്ട് മറ്റെല്ലാവരെയും കടത്തി വെട്ടി പാപ്പൻ ഒന്നാമനായി.
അതിനു കാരണക്കാരിയായതു 1967ലെ ഈ എം എസ് മന്ത്രി സഭയിലെ എക്സ് അയ്‌സ്‌ മന്ത്രി ആയിരുന്ന കെ ആർ ഗൗരി അമ്മയാണ്. മുൻ കോപക്കാരിയായ അവരുമായി പാപ്പന് ഒരു പാലമുണ്ടാക്കി കൊടുത്തത് ആർ എസ് പി നേതാവായ ബേബി ജോണും. കോൺഗ്രസ് കാരനായ പാപ്പനും കേരള കിസ്സിങ്ർ എന്ന് അറിയപ്പെട്ടിരുന്ന ബേബി ജോണുമായി ഇണ പിരിയാത്ത ബന്ധം ഉണ്ടായത് എങ്ങനെയെന്ന് ഇന്നും അറിയപ്പെടാത്ത രഹസ്യം ആണ്.
പാപ്പനെ സ്വന്തം തട്ടകമായ പാലായിൽ വെല്ലു വിളിക്കാനുള്ള സാഹസം ഒരാളെ കാണിച്ചുള്ളൂ
.
പാപ്പന്റെ ജീവിതവുമായി പല സാമ്യങ്ങളും ഉള്ള ആയിരുന്നു പാച്ചി ഫിലിപ്പ്. കൂടല്ലൂർ എന്ന സ്ഥലത്തെ ഒറ്റ കള്ളു ഷാപ്പിൽ നിന്ന് ആരംഭിച്ച ബിസിനസ് ആണ് തെക്കനാട്ട് വൈൻസ് എന്ന പ്രസ്ഥാനം ആയി വളർത്തി എടുത്തത്. പാച്ചി പിന്നീട് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് വരെ ആയി.
പാപ്പന്റെ കയ്യിലിരുന്ന പാലാ ടൌൺ വിദേശ മദ്യ ഷാപ് വാശിയേറിയ ലേലത്തിൽ പാച്ചി ഫിലിപ്പ് പിടിച്ചു. പണം കായ്ക്കുന്ന ഒരു മരം സ്വന്തമാക്കി എന്നേ പാച്ചി ഫിലിപ്പ് കരുതിയുള്ളൂ. മാസങ്ങൾക്കുള്ളിൽ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. കടയിൽ കാര്യമായ കച്ചവടമില്ല. സർക്കാരിലേക്ക് അടക്കേണ്ട കിസ്തു തുക പോലും പിരിഞ്ഞു കിട്ടുന്നില്ല.
മദ്യ നിരോധന സമിതിയുടെ നേതൃത്വം എല്ലാ കാലത്തും പാലാ മെത്രാനാണ്. വയലിൽ പിതാവിന്റെ ആഹ്വാനം കേട്ട് ആരും കുടി നിർത്തിയിട്ടില്ല. പഴയതു പോലെ തന്നെ വൈകുന്നേരം ആയാൽ വിളക്ക് മരത്തിനു പോലും ആട്ടം പിടിക്കും.
പട്ടണത്തിൽ എല്ലായിടത്തും വിദേശ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. സംഗതികളുടെ കിടപ്പ്‌ പാച്ചിക്കു പിടി കിട്ടി. എന്തെങ്കിലും ചെയ്തില്ലെങ്കിൽ കിടപ്പാടം പോലും ഇല്ലാതാകും.
മാസപ്പടി പറ്റുന്ന എക്സ് എയെസ് പോലീസ് ഉദ്യോഗസ്ഥർ അനങ്ങുന്നില്ല. നിവർത്തിയില്ലാതെ അവർ ആ രഹസ്യം വെളിപ്പെടുത്തി. മുകളിൽ നിന്നുള്ള ഓർഡർ ആണ്. നിവർത്തിയില്ല. എക്സ് ഐസ് മന്ത്രി ഗൗരി അമ്മ വിചാരിക്കണം. പക്ഷെ ചെന്ന് കണ്ടാൽ മുൻ കോപക്കാരിയായ അവർ ചിലപ്പോൾ ആട്ടി പുറത്താക്കും.
ഉറ്റ സുഹൃത്ത് ആയ സുഹൃത് ആയ സക്കറിയാസ് ചെറിയാൻ ആണ് ഒരു വഴി കണ്ടെത്തിയത്. പാലാ സെൻട്രൽ ബാങ്കിന്റെ സ്ഥാപകൻ ജേക്കബ് ചെറിയാൻ മരുതൂക്കുന്നേലിന്റെ മകനായ കുഞ്ഞേട്ടൻ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ആണ്.
പി കെ വി യെ കാണുക. സഹായിക്കാതിരിക്കില്ല. കിടങ്ങൂർക്കാരനായ പി കെ വാസുദേവൻ നായർ രണ്ടു പേരുടെയും ബാല്യ കാല സുഹൃത്ത് ആണ്. ഇലെക്ഷന് രണ്ടു പേരും കാര്യമായി സഹായിച്ചതാണ്.
ആലപ്പുഴ എം പി ആയ പി കെ വി യെയും കൂട്ടി രണ്ടു പേരും കൂടി മന്ത്രിയെ കണ്ടു. അവർ വെട്ടി തുറന്നു പറഞ്ഞു. ഞാൻ പറഞ്ഞിട്ടാണ്. പാപ്പൻ വലിയ നഷ്ടത്തിലാണ്.
തിരിച്ചു എത്തിയ പാച്ചി നേരെ പാപ്പന്റെ വീട്ടിലേക്കാണ് പോയത്.
ഒരു അബദ്ധം പറ്റി. കട ചേട്ടൻ തന്നെ നടത്തിയാൽ മതി. എനിക്ക് ഞാൻ അടച്ച കാശു മാത്രം തന്നാൽ മതി. നിന്റെ ഇഷ്ടം പോലെ. പാലാ തെക്കും ഭാഗർക്കു കച്ചവടം ചെയ്യാൻ പറ്റിയ സ്ഥലം അല്ല. പാച്ചി പുനലൂർക്കു താവളം മാറ്റി.
മുക്കാടനും ചാരായ കച്ചവടത്തിൽ സമാനമായ അനുഭവം ഉണ്ടായി എന്നാണ് കഥ. മുക്കാടൻ തിരുവനന്തപുരം ആണ് കേന്ദ്രം ആക്കിയത്. കുരീത്തടം വയനാട് ആണ് തന്റെ തട്ടകം ആക്കിയതു.
(തുടരും. )

 

Related posts

ഓര്‍വെല്‍ പുരസ്‌കാരം അന്ന ബേണ്‍സിന്റെ മില്‍ക്ക് മാന്

Web Desk

നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്ത 200 പേര്‍ക്ക് രോഗം; 4000 പേര്‍ നിരീക്ഷണത്തില്‍; കേരളത്തില്‍ നിന്ന് പങ്കെടുത്തത് 310 പേര്‍; നിരീക്ഷണ ചുമതല അജിത് ഡോവലിന്

Web Desk

പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച: നാല് കിലോ സ്വർണം കവര്‍ന്നു

Web Desk