Editor's Picks Health Kerala

മോഹനൻ നായരുടെ വ്യാജചികിത്സ: കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു.

കൊച്ചി: വ്യാജ വൈദ്യൻ മോഹനൻ നായർ ചികിത്സിച്ച കണ്ണൂർ വടക്കുമ്പാട് ഗുംട്ടിക്ക് സമീപം നെട്ടൂർ അഹമ്മദ് സാഹിബിന്റെ മകനായ ബി.സി.റിവിൻ ജാസ് (28വയസ്സ്) എന്ന യുവാവാണ് ചികിത്സാ പിഴവുമൂലം കൊല്ലപ്പെട്ടത്. കാൻസർ സ്ഥിരീകരിച്ച യുവാവിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജ ചികിത്സ നടത്തിയതായാണ് മോഹനൻ നായർക്കെതിരെയുള്ള ആരോപണം.ഈ ചെറുപ്പക്കാരന് മൂന്നു കൊല്ലം മുൻപ് നാസോഫാരിംഗൽകാൻസർ ബാധിച്ചു. . തുടക്കത്തിൽ തന്നെ കണ്ടെത്തിയ ആ രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന അവസ്ഥയിൽ ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിൽ കുടുങ്ങിപ്പോയ ഈ ചെറുപ്പക്കാരൻ തുടർ ചികിത്സക്ക് മോഹനൻ നായരുടെ അടുത്തു എത്തുകയും , തുടർന്ന് ഇയാൾക്ക് കാൻസർ അല്ല, കൊഴുപ്പാണ് ആ മുഴ എന്നും പറഞ്ഞു ആറു മാസം ചികിത്സ നടത്തി. തുടർന്ന് രോഗ ലക്ഷണങ്ങൾ കൂടിയപ്പോൾ കണ്ണൂരിൽ ഉള്ള ഒരു കളരി ചികിത്സാലയത്തിൽ കൊണ്ടുപോയി തടവിക്കുകയും ചെയ്തു.രോഗം മൂർച്ഛിച്ചതോടെ തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ ചികിത്സ തേടിയ യുവാവ് ഇന്നലെ മരണമടഞ്ഞു.
മനോജ് വെള്ളനാട് എന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതോടെ ആണ് സംഭവം പുറംലോകം അറിഞ്ഞത്


മനോജിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

കണ്ണൂരിൽ ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു. റിവിൻ ജാസെന്ന ആ ഹതഭാഗ്യന്റെ ഖബറടക്കം നാളെയേ ഉള്ളൂ. എത്രയെഴുതിയാലും മോഹനന്റെ കയ്യിലൂടെ മരണത്തിലേക്ക് നടന്നു പോയവരുടെ എണ്ണമിങ്ങനെ കൂടുന്നത് എത്ര സങ്കടകരമാണ്. പക്ഷെ, വായിക്കുന്ന ഒരാളെങ്കിലും മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയോടെ വീണ്ടും വീണ്ടും എഴുതുന്നതാണ്. അതുകൊണ്ട് റിവിൻ ജോസിന്റെ കഥയും നിങ്ങളറിയണം.

അവൻ അബുദാബീലായിരുന്നു. അവിടെ കരാട്ടെ ഇൻസ്ട്രക്റ്ററായിരുന്നു. 3 വർഷം മുമ്പ്, അതായത് 25 വയസുള്ളപ്പോൾ, ലീവിന് നാട്ടിൽ വന്നപ്പോൾ കഴുത്തിലൊരു ചെറിയ മുഴ കണ്ടു. അത് ബയോപ്സിക്കയച്ചപ്പോഴാണ് മൂക്കിന് പുറകിലായി ഒരു ട്യൂമർ വളരുന്നതിന്റെ ഭാഗമാണതെന്ന് കണ്ടെത്തിയത്. കാൻസറാണ്. നേസോ ഫരിഞ്ചൽ കാർസിനോമ എന്നായിരുന്നു ഡയഗ്നോസിസ്. അങ്ങനെ റിവിനെ വീട്ടുകാർ കോഴിക്കോട്ടെ ആശുപത്രിയിൽ കാണിക്കാൻ തീരുമാനിച്ചു.

ആ വീട്ടിൽ ഏറ്റവും വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ആൾ റിവിനായിരുന്നു. അവൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിഞ്ഞ മോഹനന്റെ ചികിത്സയെ പറ്റിയും മോഹനവാഗ്ദാനങ്ങളെ പറ്റിയും വീട്ടുകാരോട് പറഞ്ഞത്. അങ്ങനെയാണവർ വ്യാജന്റെ ചികിത്സാകേന്ദ്രത്തിലെത്തുന്നതും.

മോഹനൻ ആദ്യം ചെയ്തത്, രോഗനിർണയം നടത്തിയ റിപ്പോർട്ടുകളെല്ലാം മാറ്റിവക്കുകയായിരുന്നു. എന്നിട്ട് അത് കാൻസറൊന്നുമല്ലാന്നും, കാൻസറെന്ന സാധനമേയില്ലായെന്നും അതൊക്കെ അലോപ്പതിക്കാരന്റെ തട്ടിപ്പാണെന്നും ഇതുവെറും കൊഴുപ്പടിഞ്ഞത് മാത്രമാണെന്നും പറഞ്ഞ് ആ പാവങ്ങളെ വിശ്വസിപ്പിച്ചു. എന്നിട്ട് കുറേ കഷായവും കുഴമ്പും കൊടുത്തു. ഓരോ ആഴ്ചയിലെ മരുന്നിനും (?) ഏതാണ്ട് 5000 രൂപയോളം വാങ്ങി.

കുറച്ചുനാൾ കഴിഞ്ഞപ്പൊ റിവിൻ ആകെ ക്ഷീണിച്ചു. ദേഹം മൊത്തം വേദനയായി. മോഹനൻ അടുത്ത ഉഡായിപ്പിറക്കി. കൊഴുപ്പ് ദേഹത്ത് പടരുന്നതാണെന്നും അത് തടവി ശരിയാക്കണമെന്നും പറഞ്ഞ് കണ്ണൂരുള്ള ഒരു കളരി കേന്ദ്രത്തിലേക്ക് വിട്ടു. അത് മോഹനന്റെ തന്നെ ഒരു സഹോദര സ്ഥാപനമായിരുന്നു. അവിടെച്ചെന്ന റിവിന്റെ വീട്ടുകാർ കാണുന്നത് ഇയാളിതുപോലെ പറഞ്ഞുവിട്ട മറ്റു പല രോഗികളുടെയും ദുരിതങ്ങളും മരണങ്ങളുമാണ്. അവരവിടെയും 14 ദിവസത്തെ തടവൽ ചികിത്സ നടത്തി. അതിനും പതിനായിരങ്ങൾ ചെലവായി.

ഇത്രയും ആയപ്പോഴാണ് എല്ലാവർക്കും കാര്യങ്ങൾ കുറച്ചെങ്കിലും മനസിലാവുന്നത്. പക്ഷെ, റിവിനും വീട്ടുകാരും മോഹനന്റെ തനിനിറം തിരിച്ചറിഞ്ഞപ്പോഴേക്കും കാൻസർ ശ്വാസകോശത്തിലേക്കൊക്കെ വ്യാപിച്ചു കഴിഞ്ഞിരുന്നു. ദുരിതങ്ങൾ നിറഞ്ഞ കുറേ ദിവസങ്ങൾ പിന്നിട്ട് ഇന്നിതാ അവൻ 28-ആമത്തെ വയസിൽ മരിച്ചും പോയി.

റിവിന് കാൻസറായിരുന്നു. കുറച്ചുനാളത്തെ റേഡിയേഷൻ മാത്രമോ, അല്ലെങ്കിൽ റേഡിയേഷനും കീമോതെറാപ്പിയും കൂടിയോ എടുത്താൽ പൂർണമായും മാറാൻ സാധ്യതയുണ്ടായിരുന്ന രോഗമായിരുന്നു യഥാർത്ഥത്തിൽ റിവിന്റേത്. ചികിത്സയൊക്കെ കഴിഞ്ഞ് തിരിച്ചുപോയി ഇന്നും കരാട്ടെ പഠിപ്പിച്ച് അബുദാബീലിരിക്കേണ്ട ചെറുപ്പക്കാരനാണ് ദാരുണമായി മരണം വരിച്ചത്.

മരിച്ചതല്ലല്ലോ, കൊന്നത് ..!

ഇതൊക്കെ റിവിന്റെ സഹോദരൻ തന്നെ പറഞ്ഞ കാര്യങ്ങളാണ്. റിവിനെ പോലുള്ള നിരവധി പേരെ ഇദ്ദേഹം മോഹനന്റെ ചികിത്സാലയത്തിലും കണ്ണൂരിലെ കളരിയിലും കണ്ടിട്ടുണ്ട്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഇദ്ദേഹവും മറ്റു പലരെയും പോലെ മോഹനനെതിരെ നിയമനടപടിക്കൊരുങ്ങുന്നുണ്ട്.

ആരാണീ മരണങ്ങൾക്കുത്തരവാദി? മോഹനൻ മാത്രമല്ലാ. മോഹനൻ പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയും അത് ഷെയർ ചെയ്ത് ഈ പാവങ്ങളുടെ അടുത്തെത്തിക്കുകയും ചെയ്ത നിങ്ങളോരോരുത്തരും ഉത്തരവാദിയാണ്. ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്നൊക്കെ പോസ്റ്റിൽ പറയുമെങ്കിലും, ഒരാൾ പോലും മോഹനന്റെ അടുത്തേക്ക് പോകരുതെന്ന് ആഗ്രഹിച്ചു തന്നെയാണ് വീണ്ടും വീണ്ടും ഇതിങ്ങനെ എഴുതുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങളും ചിലപ്പോൾ നല്ല പാഠങ്ങളാണ്, പഠിക്കാൻ നമ്മൾ തയ്യാറാണെങ്കിൽ..

റിവിൻ ജാസിന് ആദരാഞ്ജലികൾ

മനോജ് വെള്ളനാട്

Related posts

എന്താണ് പിറവം പള്ളി തര്‍ക്കം? നിങ്ങള്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍

Web Desk

മത്സ്യ തൊഴിലാളികള്‍ക്കുള്ള അറിയിപ്പ്

Amal Murali

ഒരിക്കല്‍ കണ്ട് മറക്കാം ഈ ബിഗ് ബ്രദറെ….

Farsana Jaleel

Leave a Comment