Editor's Picks Movies

പലകുറി കണ്ട വിരസമായ യാത്രയായി “പൂഴിക്കടകന്‍”

മലയാളികള്‍ക്കും മലയാള സിനിമയ്ക്കും സുപരിചിതമായ പ്രമേയം. ഒട്ടും തന്നെ പുതുമയില്ലാത്ത ആവിഷ്‌കാരം. ഇതൊക്കെയാണ് “പൂഴിക്കടകന്‍”. പറഞ്ഞു പഴകിയ ആശയത്തെ പുതുമകളൊന്നും കൂടാതെ തണുപ്പന്‍ മട്ടില്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രമെന്ന് വേണമെങ്കില്‍ ഒറ്റ വാചകത്തില്‍ പറയാം. സിനിമ കഴിഞ്ഞ് തിയേറ്റര്‍ വിടുമ്പോള്‍ പ്രേക്ഷകന് ഓര്‍ത്തിരിക്കാന്‍ പ്രത്യേകിച്ചൊന്നും തന്നെയില്ല ഈ പൂഴിക്കടകനില്‍. കളരിയില്‍ നിഷിദ്ധമായ ഒരു അടവാണ് ചതി പ്രയോഗമായ പൂഴിക്കടകന്‍. വാള്‍പയറ്റിനിടയില്‍ കാല്‍ പാദം കൊണ്ട് മണ്ണ് കോരി എതിരാളിയുടെ കണ്ണിലടിക്കുകയും, കണ്ണ് മൂടിപ്പോകുന്ന അവസ്ഥയില്‍ എതിരാളിയെ വെട്ടി വീഴ്ത്തുകയും ചെയ്യുന്നതാണ് പൂഴിക്കടകന്‍. അതുകൊണ്ട് തന്നെ പല ഗുരുക്കന്‍ന്മാരാരും ശിഷ്യരെ പൂഴിക്കടകന്‍ പഠിപ്പിക്കുവാന്‍ മുതിരാറുമില്ല. മറ്റു നിര്‍വാഹമില്ലാത്ത അവസ്ഥയില്‍ ഒരിക്കലും ദുരുപയോഗം ചെയ്യുകയോ, സ്വന്തം ജീവരക്ഷക്ക് വേണ്ടിയല്ലാതെ പ്രയോഗിക്കുകയോ ഇല്ലെന്ന് സത്യം ചെയ്യിച്ച ശേഷം മാത്രമോ ഈ അടവ് ശിക്ഷ്യന്‍മാരെ പഠിപ്പിക്കുകയുള്ളു.

അവസാന അടവ് എന്ന നിലയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ആ അടവിന്റെ പേരിലുള്ള ചിത്രവുമായാണ് നവാഗതനായ ഗിരീഷ് നായര്‍ എത്തിയിരിക്കുന്നത്. പരിചിതമെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ചിത്രം പരിചയപ്പെടുത്തുന്നത്. പട്ടാളക്കാരനായ സാമുവല്‍ അവധി ചിലവഴിക്കുവാനായി തന്റെ നാടായ ചെറുതോണിയിലേക്ക് എത്തുന്നിടത്ത് നിന്നാണ് പൂഴിക്കാടന്റെ യാത്ര ആരംഭിക്കുന്നത്. ചെറുതോണി എന്ന മലയോര ഗ്രാമത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം, റോഡുകളുടെ ശോചനീയാവസ്ഥ, ക്വാറി ഉടമകളുടെ സ്ഥലം, കൈയ്യേറ്റ ശ്രമങ്ങള്‍ എന്നിവയെല്ലാം ചിത്രം പരിചയപ്പെടുത്തുന്നു. ചെമ്പന്‍ വിനോദാണ് സാമുവലിനെ അവതരിപ്പിക്കുന്നത്. ഭാര്യയ്ക്കും അമ്മയ്ക്കും മകനുമൊപ്പമുള്ള സന്തോഷകരമായ ജീവിതത്തിനിടെയാണ് വ്യക്തിപരമായതും സാമൂഹികവുമായ ഒരു പ്രശ്‌നത്തില്‍ സാമുവലിന് ഇടപെടേണ്ടി വരുന്നത്. ഈ സംഭവം സാമുവലിന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു. പ്രശ്‌നപരിഹാരത്തിനായി പല വാതിലുകള്‍ മുട്ടിയ സാമുവല്‍ ഒടുവില്‍ മനസ്സിലാക്കുന്നത് രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരെല്ലാം അഴിമതിക്കാര്‍ എന്നാണ്.

ഇതോടെ നീതി തേടി സാമുവല്‍ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങുകയും ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ സാമുവലിനെ പിന്തുണക്കുന്നതുാണ്. ബുള്ളറ്റില്‍ കറങ്ങുന്ന വളരെ കൂളായ ആദര്‍ശവീരനായ ഐഎഎസ് ഓഫീസര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായി സാമ്യം തോന്നുമെങ്കില്‍ തികച്ചും യാദൃശ്ചികമാണ്. ഒറ്റയാന്‍ പോരാട്ടങ്ങളുടെ കഥ പറയുന്ന പൊറിഞ്ചു മറിയം ജോസ്, ജല്ലിക്കെട്ട്, ഈ മ യൗ തുടങ്ങീ ചിത്രങ്ങളില്‍ തകര്‍ത്തഭിനയിച്ച ചെമ്പന്‍ വിനോദിനെ നായകനാക്കി അത്തരത്തില്‍ ഒരു ചിത്രം എത്തിയപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ തെച്ചിരിക്കുകയാണ് പൂഴിക്കടകന്‍.

നടക്കാന്‍ പോകുന്ന കഥയുമായി ഒരു ബന്ധവുമില്ലാത്ത സന്ദര്‍ഭങ്ങളൊരുക്കി പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് പൂഴിക്കടകന്‍. ചെമ്പന്‍ വിനോദ്, ജയസൂര്യ, അലന്‍സിയര്‍, ധന്യ ബാലകൃഷ്ണ, സുധി കോപ്പ, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അവരുടെ റോളുകള്‍ അവര്‍ നന്നായി അവതരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ പല കഥാപാത്രങ്ങളും അനാവശ്യാമാണെന്ന തോന്നലും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകന് തോന്നാം. നവാഗതനായ ഗിരീഷ് നായരുടെ ചിത്രം ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

Related posts

വരത്തൻ – Review by Dr.Ashwathy Soman

Amal Murali

ഓൺലൈൻഷോപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം

Web Desk

എന്‍.ഐ.എ ഓഫീസര്‍ ചമഞ്ഞ് വിദേശ മലയാളിയില്‍ നിന്ന് പണം തട്ടിയ കുപ്രസിദ്ധ ഗുണ്ട പിടിയില്‍

Web Desk

Leave a Comment