Health News

മഴക്കാലത്ത് എലിപ്പനിയില്‍ നിന്നും എങ്ങനെ പ്രതിരോധിക്കാം?

മഴക്കാലമായാല്‍ പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാറുണ്ട്. അക്കൂട്ടത്തില്‍ പ്രധാനമാണ് എലിപ്പനി. കെട്ടി നില്‍ക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. എലികള്‍ വരാറുള്ള ജലാശയങ്ങള്‍, ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തില്‍ എത്തുന്നത്.

രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങളില്‍, ലെപ്‌ടോസ്‌പൈറ അനേക നാള്‍ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളില്‍ ഇവ സ്വയം നശിപ്പിക്കപ്പെടും. കൈകാലുകളില്‍ ഉണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍ എന്നിവയിലൂടെയാണ് രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. തുടക്കം സാധാരണ വൈറല്‍ പനി പോലെയാണെങ്കിലും അതിശക്തമായ പേശിവേദന, കണ്ണിന് ചുവപ്പ്, ശക്തമായ തലവേദന, മഞ്ഞപ്പിത്തം തുടങ്ങിയവ എലിപ്പനിയുടെ സവിശേഷ ലക്ഷണങ്ങളാണ്.

സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, തുമ്മല്‍ തുടങ്ങിയവ ഉണ്ടായിരിക്കുകയില്ല. ഉദര സംബന്ധമായ പ്രശ്‌നങ്ങളായ വയറുവേദന, ചര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. എലിപ്പനി ബാധിച്ച മിക്കവാറും ആളുകളില്‍ ഏഴു മുതല്‍ 10 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ അപ്രത്യക്ഷമായി രോഗി സുഖം പ്രാപിക്കും. വീട് വൃത്തിയാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് എലിപ്പനി.

എലിപ്പനിയെ നിസ്സാരമായി കണ്ടാല്‍ ഒരുപക്ഷേ മരണം വരെ സംഭവിച്ചേയ്ക്കാം. ശരീരത്തിലെ ആന്തരാവയവങ്ങളായ കരള്‍, ശ്വാസകോശം, വൃക്കകള്‍, ഹൃദയം, മസ്തിഷ്‌കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. വീല്‍സ് സിന്‍ഡ്രോം എന്നു വിളിക്കുന്ന ഈ അവസ്ഥയില്‍ മഞ്ഞപ്പിത്തം, വൃക്കസ്തംഭനത്തെ തുടര്‍ന്ന് മൂത്രത്തിന്റെ അളവ് കുറയുക, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. രക്തം ചുമച്ചുതുപ്പുക, മൂത്രത്തിലൂടെ രക്തം പോകുക, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവയൊക്കെ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങളാണ്.

പ്രായമേറിയവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് എലിപ്പനി കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ശ്വാസകോശ രക്തസ്രാവം, വൃക്കസ്തംഭനം, ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന മയോകാര്‍ഡൈറ്റിസ് തുടങ്ങിയ സങ്കീര്‍ണതകളാണ് പ്രധാനമായും മരണകാരണമാകുന്നത്. ഗുരുതരമായ എലിപ്പനി ബാധയെത്തുടര്‍ന്ന് മരണനിരക്ക് 50 ശതമാനംവരെ ഉയരാം.

രോഗത്തെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് കൃത്യമായി ചികിത്സിക്കാമെന്നതാണ് മറ്റു പകര്‍ച്ചപ്പനികളെ അപേക്ഷിച്ച് എലിപ്പനിയുടെ ഒരു പ്രത്യേകത. ചികിത്സ രോഗാരംഭത്തില്‍ തന്നെ തുടങ്ങണമെന്നുമാത്രം. എലിപ്പനി ശരീരത്തിലെ ആന്തരാവയവങ്ങളെ ബാധിച്ചതിനു ശേഷം ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകണമെന്നില്ല. അതുകൊണ്ടാണ് രോഗനിര്‍ണയത്തിനു കാത്തുനില്‍ക്കാതെ എലിപ്പനി സാധ്യതാലക്ഷണങ്ങളുമായി എത്തുന്ന എല്ലാവര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ ലോകാരോഗ്യസംഘടന ഉള്‍പ്പെടെ എല്ലാ ഏജന്‍സികളുടെയും മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നത്.

പെനിസിലിന്‍ ആണ് എലിപ്പനിക്കെതിരായ ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്. കൂടാതെ ഡോക്‌സിസൈക്ലിന്‍, സിഫാലോസ്‌പോറിനുകള്‍, ക്വിനലോണുകള്‍, അസിത്രോമൈസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളും ഫലപ്രദമാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ കഴിയുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പനി ഉണ്ടായാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ദിവസംപോലും വൈകാതെ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം. ആന്തരാവയവങ്ങളെ ബാധിക്കാത്ത താരതമ്യേന ലഘുവായ എലിപ്പനിബാധയ്ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയോ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെയോ ഒ.പി. ചികിത്സയും നിരീക്ഷണവും മതിയാകും. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും എലിപ്പനി ചികിത്സയ്ക്കുള്ള മരുന്നുകള്‍ ലഭ്യമാണ്.

എലിപ്പനിയെ ഒരു പരിധിവരെ പ്രതിരോധിക്കാം. ആവര്‍ത്തിച്ച് വെള്ളത്തില്‍ ഇറങ്ങേണ്ടി വരുന്ന വീട്ടുകാരും വീട് ശുചീകരിക്കാന്‍ എത്തുന്ന സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍ (Doxycycline) ആന്റി ബയോട്ടിക്ക് 100 മി ഗ്രാമിന്റെ ഗുളിക രണ്ടെണ്ണം ആഹാരത്തിന് ശേഷം ആഴ്ചയില്‍ ഒന്ന് വീതം ആറാഴ്ച കഴിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാനാവും. ചിലര്‍ക്ക് ഡോക്‌സി സൈക്ലിന്‍ വയറില്‍ അസ്വസ്ഥതയുണ്ടാക്കാം. അങ്ങനെയുള്ളവര്‍ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കുക.

Related posts

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ

Web Desk

നെക് ഗാര്‍ഡ് നിര്‍ബന്ധമാക്കണം

Farsana Jaleel

108 ആംബുലന്‍സ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Farsana Jaleel

Leave a Comment