Literature Movies

ഡബ്ല്യു.സി.സിക്ക് ശക്തമായ പിന്തുണയുമായി പ്രിയ എ.എസ്

കൊച്ചി: എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ പ്രിയ എ.എസ് ചലച്ചിത്രമേഖലയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തി. സ്ത്രീകളോടൊപ്പം നിൽക്കണമെന്നും ദിലീപിനെതിരെ മാത്രമുള്ള പ്രതിരോധമായി ഇതിനെ കാണരുതെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചു.

https://m.facebook.com/story.php?story_fbid=2140641485970632&id=100000744040897

കുറിപ്പിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം.

ഞാൻ എഴുതുമ്പോൾ, അതിലെന്റെ മാത്രം വിരലുകൾ ഉണ്ടായാൽ മതി.

എന്നിട്ടും “എഴുതുന്ന പെൺ വിരലുകൾ” ,പേനയടച്ച ജീവിതമടച്ച പ്രാണനടച്ച എത്രയോ ഒത്തുതീർപ്പുദാഹരണങ്ങൾ…!

പക്ഷേ,എനിക്കൊരു സിനിമയെടുക്കണമെങ്കിൽ ,എന്റെ വിരൽക്കഴിവ് മാത്രം പോര.

സിനിമ, പലരുടെ കഴിവുകളുടെ വിരൽക്കൂട്ടായ്മയാണ്.

എന്നിട്ടും, പുരുഷന്മാർ കൂടുതലായ ഒരാൾക്കൂട്ടത്തിലൂടെ പലതുകളെയും അതിജീവിച്ച് ഒറ്റയ്ക്ക് നടക്കാനുള്ള സിദ്ധി ശേഖരിക്കുക എന്ന വൻകിട പദ്ധതിയുമായി മുന്നേറുന്ന സ്ത്രീകളുടെ എണ്ണം കൂടുക തന്നെയാണ്. ഇന്ന് സ്ത്രീകൾ സിനിമയിൽ തങ്ങളെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നത് “നടി” എന്ന ഇടത്തു മാത്രമല്ല. എല്ലാ സിനിമായിടവും ഇന്ന് സ്ത്രീ- ഇടമാണ്.

അപർണ്ണാ സെന്നും സായി പരഞ്ജ് പെയും മീരാ നായരും പൊട്ടി മുളച്ചു കൊണ്ടേയിരിക്കാത്തതെന്താണ് ഇൻഡ്യയിൽ, “മിത്ര് മൈ ഫ്രണ്ട്” എന്ന ഒറ്റ സിനിമാ സംവിധാനത്തോടെ രേവതി നിശബ്‌ദയായതെന്ത്,
ആൺഡയലോഗിലെ വൃത്തികെട്ട മുനക്കു നേരെ പാർവ്വതി തിരുവോത്ത് ഒച്ച വെച്ചപ്പോൾ തീയറ്ററിലവരെ കൂവിത്തോൽപ്പിക്കാൻ നോക്കിയതെന്ത്, ഒരു നടിയെ മാനഭംഗപ്പെടുത്തി തോൽപ്പിക്കാൻ നടന്ന ശ്രമത്തിലെ പ്രതിയെ വീരാളിപ്പട്ടുടുപ്പിച്ച് അകത്തു നിർത്തിയിരിക്കുന്നതെന്ത് എന്ന് ഓരോ സ്ത്രീയും ഉറക്കെ, ഒറ്റയ്ക്കും തെറ്റയ്ക്കും ചോദിക്കേണ്ട നേരമാണിത്.

വൃത്തികെട്ട ചുവയിലുള്ള സംഭാഷണവും ചലനവും നിറഞ്ഞാടുന്ന ഇന്നത്തെ സിനിമാവഴികളിൽ നിന്ന് സെല്ലുലോയ്ഡിനെയും അതിനു മുൻപിലും പുറകിലുമുള്ള സ്ത്രീകളെയും കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അത് wcc യിലെ “മൂന്നോ നാലോ” സ്ത്രീകളുടെ മാത്രം ചുമതലയായി ചുരുങ്ങുകയല്ല വേണ്ടത്..

സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും സ്ത്രീ സാന്നിധ്യങ്ങൾക്കായി ആർജ്ജവത്തോടെ ഈ കൂട്ടായ്മ , അതിന്റെ വാതിലുകൾ തുറന്നു വയ്ക്കേണ്ടതുണ്ട്.കൂടുതൽ നടികളെ മാത്രമല്ല സ്ത്രീകളായ ഡബ്ബിങ് ആർട്ടിസ്റ്റുകളെയും വസ്ത്രാലങ്കാരക്കാരെയും മേക്കപ് ആർട്ടിസ്റ്റുകളെയും പാട്ടുകാരെയും വിളിച്ചു കയറ്റിയിരുത്തിയാൽ മാത്രമേ ഈ കൂട്ടായ്മക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം വരൂ എന്നതും WCC കണക്കിലെടുക്കേണ്ടതുണ്ട്.

WCC ക്കാരെ മാപ്പപേക്ഷിക്കാനുപദേശിച്ച് അടക്കിയിരുത്തുകയല്ല ,അ
വരെ ചേർത്തുനിർത്തി പോരാടുകയാണ് എല്ലാ സിനിമാ-സ്ത്രീത്തലമുറകളും ചെയ്യേണ്ടത്..

പോരാട്ടം ഒരു കുറ്റാരോപിതനു മാത്രം എതിരെയല്ല. കാലാകാലങ്ങളായി സിനിമാ മേഖല എന്ന തൊഴിലിടത്തിൽ ആരും ഉറക്കെ ചോദ്യം ചെയ്യാൻ മുതിരാതിരുന്നതു മൂലം തുടർന്നു വരുന്ന ചില ദുഷ്പ്രവണതകൾക്കെതിരെയാണ്.

പണ്ട് എതിർപ്പിന്റെ ഒച്ചയാകാൻ കഴിയാതെ പോയ, എന്നാൽ ഇപ്പോൾ എതിർപ്പാകാൻ തക്ക ശക്തി വച്ച ചിലതൊക്കെ, ചിലരൊക്കെ വെളിച്ചത്തിലേക്ക് വരികയാണ്. എല്ലാക്കാലത്തും എന്തിന്റെയും തുടക്കം , മൗനം ആണ്. മൗനം മുഴങ്ങുമ്പോഴാണ് ശബ്ദമുണ്ടാവുക.

ഈ ശബ്ദം, “ഇത് ഇന്നിനു വേണ്ടിയല്ല, നാളേക്കു വേണ്ടിയാണ്”.

“മൂന്നോ നാലോ” നടി
മാർ ഒച്ചവയ്ക്കുന്നത്, അവർക്കും പിന്നെ അവർക്കുള്ള പെൺമക്കൾക്കും അവരുടെ ഭാവിപെൺ തലമുറക്കും വേണ്ടി മാത്രമാണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടാവുമോ? “ആരുടെ വീട്ടിലെ പെൺകുട്ടിക്കും” കടന്നു വന്ന് തന്റെ സ്വപ്നം പൂർത്തീകരിക്കാൻ ഒരിടം വേണം സിനിമയിൽ.

WCC യെ പുച്ഛിക്കുന്ന താരരാജാക്കന്മാർക്ക്, അവരുടെ വീട്ടിലെ പെൺ തലമുറയെയും സിനിമയിൽ എത്തിക്കാൻ ഉതകുക ഈ “നാലു ” പേരുടെ മുഴങ്ങുന്ന വാക്കുകൾ ഒരുക്കുന്ന മാന്യ വഴിതന്നെയാവും. അതു തീർച്ചയാണ്.

സ്ത്രീ ,സിനിമയിലെ ഒരു വെറും ശരീരം മാത്രമല്ല സിനിമയിലെ വ്യക്തമായ ഒച്ച കൂടിയാണ് എന്നു ബോധ്യമുള്ള ആണും പെണ്ണും നിൽക്കേണ്ടതുണ്ട് WCC ക്കൊപ്പം.

ഞാൻ “കൂടെ”യുണ്ട് ,രേവതിക്കും പാർവ്വതി തിരുവോത്തിനും പദ്മപ്രിയയ്ക്കും റിമാ കല്ലിങ്കലിനും അഞ്ജലി മേനോനും ബീനാ പോളിനും സജിതാ മഠത്തിലിനും കൂട്ടർക്കുമൊപ്പം..

ഒരുപാടു “മാന”ങ്ങളുണ്ട് WCC ക്ക്.
അതോരോ വ്യക്തിയും തിരിച്ചറിയേണ്ടതുണ്ട്..

റിമയുടെ മാമാങ്കത്തിൽ വച്ച് WCC യുടെ ഒന്നാംവാർഷിക പരിപാടിയിൽ പങ്കെടുത്ത്, “സിനിമയെ പ്രണയിക്കുന്ന ഒരാൾ എന്ന ആൾ മാത്രമാണ് ” എന്നു വാക്കു ചുരുക്കിയ ആളാണ് ഞാൻ. പക്ഷേ ഇപ്പോൾ ഇത്രയെങ്കിലും മിണ്ടിയേ പറ്റൂ എന്ന് ഉള്ള് പറയുന്നു..

Related posts

“ദീപയടി”,”ചിത്രനടി” അവസാനം മാമ്പഴം പാരഡിയും…

Farsana Jaleel

പട്ടിണിയിൽ നിന്ന് സമ്പന്നതയിലേക്കുള്ള നടിമാരുടെ കൂടുമാറ്റം; ശ്രീകുമാർ മനയിൽ

Amal Murali

ബാലഭാസ്കർ: ഫൊട്ടോഗ്രാഫർ ബിവിൻലാലിന്റെ ഓർമ്മയിൽ

Amal Murali

Leave a Comment