Literature

ഒരു റോസാപ്പൂവിന്റെ കഥ

റോസാ പൂവിനെ കാണാന്‍ എന്തൊരു രസമാണ്! റോസാപ്പൂവിനെ ഇഷ്ടമല്ലാത്തവര്‍ ചുരുക്കം. അതിന്റെ ഭംഗി പോലെ തന്നെയാണ് അതിന്റെ സുഗന്ധവും. ഒരു റോസാ മൊട്ട് വിരിഞ്ഞ് തുടങ്ങുമ്പോഴേ അതിന് ചുറ്റും വണ്ടുകള്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങും. പൂവിനോട് സൗഹൃദം കൂടാന്‍ വരുന്ന വണ്ടിനെയും കിളികളെയും മുഖം നോക്കാതെ ആ പൂവ് കൂട്ടുകൂടും. ഈ സുഹൃത്തുക്കളുടെ സ്വഭാവഗുണങ്ങളറിഞ്ഞിട്ടാകില്ല നിഷ്‌കളങ്കമായ റോസാ പൂവ് അവരോട് സൗഹൃദത്തിലാകുക.

തേന്‍ നുകരുക എന്ന ലക്ഷ്യത്തോടെ മാത്രം വരുന്ന വണ്ടുകള്‍ക്ക് റോസാപ്പൂവിനോട് ആത്മാര്‍ത്ഥ ഒന്നുമുണ്ടാകില്ല. ഈ സുന്ദരമാം ലോകത്ത് സുന്ദരിയായി ജന്മം കൊണ്ട റോസാപ്പൂവിനറിയാം തന്റെ ആയുസ്സിന് ദൈര്‍ഘ്യം കുറവാണെന്ന്. ഈ സത്യം തിരിച്ചറിഞ്ഞ് കൊണ്ടു തന്നെയാണ് അവളെ തേടിയെത്തുന്ന വണ്ടുകളെ അവള്‍ സന്തോഷിപ്പിക്കുന്നതും.

അവള്‍ക്ക് നിറവും മണവും ഉണ്ടായിരുന്ന ആ ചുരുങ്ങിയ ദിനങ്ങളില്‍ അവള്‍ക്ക് ചുറ്റും ചിത്രശലഭങ്ങളും, കിളികളും, വണ്ടുകളും എല്ലാവരും ഉണ്ടായിരുന്നു. എന്നാല്‍ അവളുടെ നിറമൊന്ന് മങ്ങി തുടങ്ങിയപ്പോള്‍ കിളികളും വണ്ടുകളും ചിത്രശലഭങ്ങളും എല്ലാവരും മറ്റൊരു പൂവിനെ തേടി പറന്നകന്നു. ഏകയായി ഈ ഭൂമിയില്‍ ആര്‍ക്കും വേണ്ടാത്തവളായി നിന്ന അവളുടെ മനോവിഷമം അവള്‍ക്ക് താങ്ങാനായില്ല.

ഏതു നിമിഷവും അവളുടെ ഇതളുകള്‍ കൊഴിഞ്ഞ് വീഴാം. ഓരോ ഇതളുകളും താഴേയ്ക്ക് നിലംപതിക്കുന്ന നേരത്തും അവള്‍ ഒരു തുള്ളി സ്‌നേഹത്തിനായി ആശിച്ചു. നിറവാര്‍ന്ന മിഴികളോടെ ഭൂമിയിലേയ്ക്ക് പതിച്ച ആ ഇതളുകള്‍ കാറ്റത്തൊന്ന് പാറിപ്പറന്നു. നിലത്ത് വീണ ഇതളുകള്‍ ഒരു കൊച്ചു കുട്ടിയുടെ കണ്ണിനെ ആകര്‍ഷിച്ചു. ജീവനറ്റ് കൊണ്ടിരിക്കുന്ന ആ റോസാപ്പൂവ് അവസാന നിമിഷം സന്തോഷിച്ചു. ഈ കുഞ്ഞെങ്കിലും ആ കുഞ്ഞോമന കൈയ്യാല്‍ അവസാന നിമിഷം എന്നെയൊന്ന് തലോടുമല്ലോ എന്നോര്‍ത്ത്. കൊഴിഞ്ഞ് വീണ റോസാപ്പൂവിന്റെ ഇതളുകളെ നെഞ്ചോട് ചേര്‍ക്കാനായിരുന്നില്ല ആ കുട്ടി അതിനെയെടുത്തത്. പിച്ചി ചീന്താനായിരുന്നു. അങ്ങനെ ഹൃദയഭേതകമായി ആ റോസാപ്പൂവ് യാത്രയായി……

Related posts

ശ്രീജിത്ത് അരിയല്ലൂരിന്റെ “അർദ്ധരാത്രി ” എന്ന കവിതയിലും ശ്രീചിത്രന്റെ അവകാശവാദം

Amal Murali

ബാലി-സുഗ്രീവൻമാരുടെ ഭ്രമിപ്പിക്കുന്ന കഥയുമായി ബാഹുബലി കഥാകൃത്ത് ആനന്ദ് നീലകണ്ഠനെത്തുന്നു.

Amal Murali

എസ്. രമേശൻ നായർ – മയിൽപ്പീലിക്കണ്ണുള്ള കാവ്യജീവിതം

Web Desk

Leave a Comment