India News

അലോക് വര്‍മ്മയ്‌ക്കെതിരെ തെളിവുണ്ട്; സിബിഐ അന്വേഷണത്തിന് സിവിസി ശുപാര്‍ശ ചെയ്‌തേയ്ക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അവകാശപ്പെടുന്നു. മോയിന്‍ ഖുറേഷി മുഖ്യപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസില്‍ അലോക് വര്‍മക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സിവിസി അവകാശപ്പെടുന്നത്. ഇതേതുടര്‍ന്ന് സിബിഐ അന്വേഷണത്തിന് സിവിസി ശുപാര്‍ശ ചെയ്‌തേക്കും.

അലോക് വര്‍മ്മയ്‌ക്കെതിരെ വകുപ്പുതല നടപടിയും ക്രിമിനല്‍ അന്വേഷണവും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സിവിസി കത്തെഴുതും. രഹസ്യാന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക. കേസില്‍ 300 പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് സിവിസി കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം അലോക് വര്‍മക്കെതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ലെന്ന് സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം സിവിസി പക്ഷംപിടിക്കുകയാണെന്ന് അലോക് വര്‍മ ആരോപിച്ചു. മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈദരാബാദ് വ്യവസായി സതീഷ് സനയെ രക്ഷപ്പെടുത്താന്‍ അലോക് വര്‍മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ആരോപണം. ഇതുസംബന്ധിച്ച് സിവിസി പ്രാഥമിക അന്വേഷണം നടത്തുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിരുന്നു.

എന്നാല്‍ സുപ്രീംകോടതി ഇടപെട്ട് അദ്ദേഹത്തെ വീണ്ടും സിബിഐ തലപ്പത്തെത്തിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ വീണ്ടും പുറത്താക്കി. തുടര്‍ന്ന് അദ്ദേഹം സ്വമേധയാ രാജിവെയ്ക്കുകയായിരുന്നു.

Related posts

കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Amal Murali

ഗെവാസ്‌കറുടെയും സെവാഗിന്റെയും റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച് രോഹിത് ശര്‍മ്മ

Farsana Jaleel

കൂടത്തായി കൊലപാതകം: ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡ് കാലാവധി നീട്ടി

Farsana Jaleel

Leave a Comment