India

പി.ചിദംബരത്തെ ചോദ്യം ചെയ്യുന്നു; ഇന്ന് കോടതിയില്‍ ഹാജരാക്കും

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറെ നാടകീയതകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അദ്ദേഹത്തെ ന്യൂഡല്‍ഹി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് സിബിഐ കസ്റ്റഡിയിലെടുത്തത്.

ചിദംബരത്തെ ഇന്ന് വൈകിട്ടോടെ മാത്രമേ കോടതിയില്‍ ഹാജരാക്കൂ. അതുവരെ ചിദംബരത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് സിബിഐയുടെ തീരുമാനം. എന്നാല്‍ ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. സിബിഐ ആസ്ഥാനത്തെ മൂന്നാം നമ്പര്‍ ലോക്കപ്പിലാണ് ചിദംബരം ഇപ്പോഴുള്ളത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലാണ്. കാര്‍ത്തിയുടെ ജാമ്യം റദ്ദാക്കാനായി സിബിഐ കോടതിയെ സമീപിക്കുമെന്ന സൂചനകളുമുണ്ട്. കാര്‍ത്തി ചെന്നൈയില്‍ നിന്ന് രാവിലെയോടെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

അതേസമയം പി.ചിദംബരവും ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും. നാളെയാണ് ചിദംബരത്തിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്ന് തന്നെ ജാമ്യഹര്‍ജിയുമായി എത്താനാകുമോ എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആലോചിക്കുന്നുണ്ട്.

അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ആദ്യം സിബിഐ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പുറപ്പെട്ടു. പിന്നീട് ചിദംബരത്തിന്റെ വീട്ടിലെത്തി. ഗേറ്റുകള്‍ രണ്ടും പൂട്ടിയ നിലയിലായിരുന്നു. സിബിഐ സംഘവും പിന്നീടെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് സംഘവും മതില്‍ ചാടിക്കടന്നു. ചിദംബരത്തിന്റെ അറസ്റ്റിന് മുന്നോടിയായി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ വന്‍ സംരക്ഷണ വലയമാണ് പൊലീസ് തീര്‍ത്തത്. ചിദംബരത്തിനെതിരെ ‘കള്ളന്‍, കള്ളന്‍’ എന്ന മുദ്രാവാക്യം വിളികളും ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘത്തിന്റെ പ്രതിഷേധവും വീടിന് പുറത്ത് നേരിയ സംഘര്‍ഷത്തിന് കാരണമായി.

ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ അനന്ത് മോഹന്റെ നേതൃത്വത്തിലുള്ള 50 ലേറെ പൊലീസുകാരെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം പുറത്തേക്ക് കടന്നത്. ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ സിബിഐയുടെ കാറിന് മുന്നിലേക്ക് ചാടിയത് അല്‍പസമയത്തെ സംഘര്‍ഷത്തിനിടയാക്കി. ചിലര്‍ കാറിന് മുകളിലേക്കും കയറി. എന്നാല്‍ ഇവരെയെല്ലാം കാറിന് സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു.

ചിദംബരത്തിന്റെ അറസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മകന്‍ കാര്‍ത്തി ചിദംബരം രംഗത്തെത്തി. കശ്മീരിനെച്ചൊല്ലിയും ആര്‍ട്ടിക്കിള്‍ 370 നെയും ച്ചൊല്ലിയുമുള്ള വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ഇപ്പോഴീ അറസ്റ്റെന്ന് കാര്‍ത്തി ആരോപിച്ചു. തന്റെ അച്ഛനെതിരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും ഒരു അടിസ്ഥാനവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും കാര്‍ത്തി പറഞ്ഞു. എന്താണിതിന് പിന്നിലെന്ന് ചോദിച്ച മാധ്യമങ്ങളോട് കാര്‍ത്തി അല്‍പം ക്ഷുഭിതനാകുകയും ചെയ്തു. ആരാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നതെന്ന് കാര്‍ത്തി ചോദിച്ചു. ‘അമേരിക്കന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപാണ് ഇത് ചെയ്യുന്നതെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമല്ല. എല്ലാം ചെയ്യുന്നത് ബിജെപിയാണെന്ന് കാര്‍ത്തി ചെന്നൈയില്‍ പ്രതികരിച്ചു.

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതില്‍ ആര്‍ക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്. രണ്ട് തവണ ചിദംബരത്തിന്റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയില്‍ ഹര്‍ജി പരാമര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹര്‍ജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാര്‍ അറിയിച്ചു.

രണ്ട് തവണ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ ബഞ്ചില്‍ കേസ് പരാമര്‍ശിക്കാന്‍ കപില്‍ സിബല്‍ ശ്രമിച്ചെങ്കിലും ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിന്റേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹര്‍ജി ബഞ്ച് പരിഗണിച്ചില്ല. തുടര്‍ന്ന് അയോധ്യ കേസിന്റെ വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ ഹര്‍ജി പരാമര്‍ശിക്കാന്‍ കപില്‍ സിബല്‍ എത്തിയെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ ബഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കി എഴുന്നേറ്റു.

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്‌സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്‍കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്‌സ് മീഡിയയുടെ ഉടമകള്‍. ഇവര്‍ക്കുപുറമേ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതേ കേസില്‍ കാര്‍ത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്.

ചിദംബരത്തിനെതിരെ ‘വന്‍’രേഖകളെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കളഞ്ഞ ഡല്‍ഹി ഹൈക്കോടതി ”നിരവധി” രേഖകളാണ് ചിദംബരത്തിനെതിരെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതഹന്നെ, നേരത്തേ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ”ഇത്ര വലിയൊരു സാമ്പത്തിക അഴിമതി നടന്നുവെന്ന കേസില്‍, ശക്തമായ നടപടി ആവശ്യമാണ്. ഇരുമ്പുകരങ്ങള്‍ കൊണ്ടുവേണം ഇത്തരം കേസുകളെ കൈകാര്യം ചെയ്യാന്‍. അന്വേഷണ ഏജന്‍സികളെ ഇത്തരം കേസില്‍ കെട്ടിയിടാനാകില്ല”, കോടതി നിരീക്ഷിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും, മറുപടികള്‍ അലസമായിരുന്നുവെന്നും, കൃത്യതയില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു.

Related posts

പ്രതിപക്ഷങ്ങളുടെ പ്രതിഷേധം വകവെയ്ക്കാതെ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

Farsana Jaleel

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

Farsana Jaleel

പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള നിരക്കുകള്‍ ഏകീകരിച്ചു

Farsana Jaleel

Leave a Comment