India

വെടിവെയ്പ്പില്‍ ആശങ്ക അറിയിച്ച് ഇന്ത്യ; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ പാകിസ്ഥാന്‍ വെടിവയ്പില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധ നീക്കം മാത്രമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദ്ദേഹം പാക് സേന കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇക്കാര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയല്ല പാകിസ്ഥാനാണ് പ്രകോപനം ഉണ്ടാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

വെടിനിറുത്തല്‍ കരാര്‍ ഈ വര്‍ഷം 2050 തവണ പാകിസ്ഥാന്‍ ലംഘിച്ചു. 21 ഇന്ത്യക്കാര്‍ ഈ വെടിവയ്പില്‍ മരിച്ചു. നുഴഞ്ഞുകയറാനുള്ള പാക് നീക്കത്തിന് മറുപടി നല്‍കുക മാത്രമാണ് ഇന്ത്യന്‍ സേനയെന്നും വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ വിശദീകരിക്കുന്നു. അതിനിടെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ പ്രതിഷേധിച്ചു. അടുത്തയാഴ്ച ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ രണ്ടു പ്രധാനമന്ത്രിമാരും പ്രസംഗിക്കുന്നതിന് മുമ്പ് അതിര്‍ത്തിയില്‍ വലിയ സംഘര്‍മുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് പാക് നീക്കം.

ഐക്യ രാഷ്ട്ര പൊതുസഭയില്‍ നരേന്ദ്രമോദി സംസാരിക്കുന്നത് ഇരുപത്തിയേഴിനാണ്. അതിനു മുമ്പ് ഹൂസ്റ്റണില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയെ അഭിനന്ദിക്കുന്ന ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. കശ്മീര്‍ അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാന്‍ ചര്‍ച്ചയാക്കുമ്പോള്‍ ട്രംപിന്റെ സാന്നിധ്യം ഇന്ത്യക്ക് വന്‍ നേട്ടമാകും.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പകരം മറ്റു രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കശ്മീര്‍ വിശദീകരിക്കാനാണ് മോദിയുടെ ശ്രമം. അതേസമയം കശ്മീരില്‍ കരുതല്‍ തടങ്കലിലുള്ള നേതാക്കളെ ഈ മാസം വിട്ടയക്കില്ല. ഒക്ടോബര്‍ രണ്ടാംവാരമേ ഇക്കാര്യം ആലോചിക്കൂവെന്ന സൂചനയാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്നത്.

Related posts

കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Farsana Jaleel

പന്ത്രണ്ട് പൊതുമേഖല ബാങ്കുകള്‍ പ്രതിസന്ധിയില്‍

Amal Murali

പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നിര്‍ബന്ധമാണെങ്കിലും സംവരണം കൊണ്ട് മാത്രം സമുദായങ്ങള്‍ രക്ഷപ്പെടില്ല: നിതിന്‍ ഗഡ്കരി

Farsana Jaleel

Leave a Comment