India

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ബില്ലും ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ഇന്ന് ലോക്‌സഭ പരിഗണിക്കും. കഴിഞ്ഞ ദിവസം ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിന് വന്‍നേട്ടം.

പ്രകടനപത്രികയിലെ വലിയൊരു വാഗ്ദാനം പാലിച്ച്, ജമ്മു കശ്മീരിനെ മറ്റേതൊരു സംസ്ഥാനം പോലെയാക്കുകയായിരുന്നു ഒറ്റ സ്‌ട്രോക്കില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ല് പാസ്സായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് അമിത് ഷായെ അഭിനന്ദിച്ചു. കൈ പിടിച്ച് കുലുക്കി, തോളത്ത് തട്ടി അഭിനന്ദനം. കൈ കൂപ്പി, കൈ പിടിച്ച് അമിത് ഷാ.

ജമ്മു കാശ്മീരിനെയും മറ്റ് സംസ്ഥാനങ്ങളെയും വേര്‍തിരിക്കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദമാണ് ജമ്മു കശ്മീരില്‍ വികസനം തടഞ്ഞതെന്നും, അഴിമതി വളര്‍ത്തിയതെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. യൂറോപ്പിലെ സെര്‍ബിയയും കൊസോവോയും പോലെ ആഭ്യന്തര യുദ്ധത്തിലേക്ക് കാശ്മീരിനെ മാറ്റില്ലെന്നും, അത്തരമൊരു നടപടിയില്ലാതിരിക്കാനുള്ള ഇച്ഛാശക്തി എന്‍ഡിഎ സര്‍ക്കാരിനുണ്ടെന്നും അമിത് ഷാ അവകാശവാദം ഉന്നയിച്ചു. ജമ്മു കാശ്മീരിന് പൂര്‍ണ സംസ്ഥാനപദവി നല്‍കുമെന്നും, പക്ഷേ, ക്രമസമാധാനനില പുനഃസ്ഥാപിക്കപ്പെടുന്നത് വരെ കേന്ദ്ര ഭരണപ്രദേശമായി തുടരുമെന്നുമാണ് അമിത് ഷാ ചര്‍ച്ചയ്ക്ക് ശേഷമുള്ള മറുപടിയില്‍ ചൂണ്ടിക്കാട്ടിയത്.

രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാണ് ബില്ലുകളനുസരിച്ച് ജമ്മു കാശ്മീര്‍ വിഭജിക്കപ്പെടുന്നത്. നിയമസഭയുള്ള ജമ്മു കശ്മീര്‍ ഒന്ന്, പ്രത്യേക ഭരണസംവിധാനത്തിന് കീഴിലുള്ള ലഡാക്ക് രണ്ടാമത്തേത്. 370, 35 എ എന്നീ ഭരണഘടനാ അനുച്ഛേദങ്ങള്‍ നിലനില്‍ക്കവെ സംസ്ഥാനത്ത് നിന്ന് തീവ്രവാദം തുടച്ചു നീക്കുക അസാധ്യമാണെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യം നിലനിര്‍ത്താനല്ല, ഈ നീക്കങ്ങള്‍ സഹായകമായതെന്ന് ഷായുടെ ആരോപണം. ടൂറിസം, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, വികസനം എന്നീ മേഖലകളിലെ വികസന പ്രശ്‌നങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഷായുടെ പ്രസംഗം.

ഒടുവില്‍ ജമ്മു കശ്മീര്‍ വിഭജന ബില്ല്, 125നെതിരെ 61 വോട്ടുകള്‍ക്ക് പാസ്സായി. ഒരംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷത്ത് നിന്ന് ബിഎസ്പി അനുകൂലിച്ച് വോട്ട് ചെയ്തു. ബിജെഡി, അണ്ണാ ഡിഎംകെ, വൈ എസ് ആര്‍ കോണ്‍ഗ്രസ്, എന്നിവരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. രാജ്യസഭ ബില്‍ല്ല് പാസാക്കിയതോടെ ബിജെപി ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇന്ന് ലോക്‌സഭയിലും വലിയ ഭൂരിപക്ഷത്തില്‍ ബില്ല് പാസ്സാകും. ബിഎസ്!പിയും ബിജു ജനതാദളും ലോക്‌സഭയിലും അനുകൂലിക്കും.

നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച ആ ‘ഒറ്റ സ്‌ട്രോക്ക്’

നിയമത്തിലെ പഴുതുകള്‍ നന്നായി ഉപയോഗിച്ചു ബിജെപി. പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൊണ്ടു വന്നു. എല്ലാ മുന്നൊരുക്കവും ബിജെപി രഹസ്യമായി നടത്തുന്നുണ്ടായിരുന്നു. പാര്‍ലമെന്റില്‍ ഇത്ര പ്രധാനപ്പെട്ട ബില്‍ കൊണ്ടു വന്നത് ഒടുവില്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ. ഒരു പ്രമേയവും രണ്ടു ബില്ലുകളും അവതരിപ്പിച്ച് ചര്‍ച്ചയും തുടങ്ങുന്നു. ബില്ലുകളില്‍ എന്തെന്ന് പോലും അംഗങ്ങള്‍ അറിഞ്ഞത് പിന്നീട്.

എന്നാല്‍ പ്രതിരോധിക്കാനുള്ള ശക്തി പോലും പ്രതിപക്ഷത്തിന് ഇല്ലായിരുന്നു. ബില്ല് അവതരിപ്പിക്കുന്നതിന് തൊട്ടു മുമ്പ് മൂന്ന് പ്രതിപക്ഷ എംപിമാര്‍ രാജി വച്ചു. ഇതില്‍ അസമില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത ബില്ലിനോടുള്ള പാര്‍ട്ടി നിലപാടാണ് രാജിക്കു കാരണം എന്ന് പ്രഖ്യാപിച്ചത് ബിജെപിയുടെ നിശബ്ദ നീക്കത്തിന്റെ സൂചനയായി. സംസ്ഥാന നിയമസഭയ്ക്കു പകരം പാര്‍ലമെന്റിന്റെ അനുമതി എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം രാഷ്ട്രപതി അംഗീകരിച്ചു.

ഫക്രുദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥയില്‍ ഒപ്പു വച്ചതുപോലെയെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ ട്വിറ്ററില്‍ കുറിച്ചു. ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം സംഘപരിവാറില്‍ നിന്നുള്ളവര്‍ എത്താനുള്ള ഭൂരിപക്ഷമാണ് മോദി നേടിയത്. ഇതുപോലെ നാടകീയമായി വലിയ തീരുമാനങ്ങളെടുക്കാന്‍ ഇനിയും സര്‍ക്കാരിനാവും. ഇന്ത്യയുടെ രാഷ്ട്രീയ മുഖ്യധാരയ്‌ക്കൊപ്പം നിന്ന കക്ഷിനേതാക്കള്‍ കാശ്മീര്‍ താഴ്‌വരയില്‍ വീട്ടു തടങ്കലിലായിരിക്കുമ്പോഴാണ് ബില്‍ പാസ്സായത്. അതായത് കശ്മീര്‍ ജനതയുടെ പിന്തുണ ഉറപ്പാക്കാതെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് കടുത്ത അതൃപ്തി താഴ്‌വരയില്‍ സൃഷ്ടിക്കും.

Related posts

കലാപത്തിന് കച്ചകെട്ടി സംഘപരിവാര്‍: താജ്മഹലിലെ പളളിയില്‍ യുവതികള്‍ പൂജ നടത്തി

Amal Murali

പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്റ്ററുകള്‍ക്ക് 25 കോടി രൂപ കൂലി ചോദിച്ച് കേന്ദ്രം

Web Desk

സുഭാഷ് ചന്ദ്രബോസിന്റെ മരണ രഹസ്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്: മമത ബാനര്‍ജി

Farsana Jaleel

Leave a Comment