India

മനോഹര്‍ ലാല്‍ ഖട്ടര്‍ തന്നെ ഹരിയാന മുഖ്യമന്ത്രിയാകും; ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയും

ചണ്ഡീഗഢ്: ഹരിയാനയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍. ഫലം വന്നപ്പോള്‍ തൂക്കു മന്ത്രിസഭയാകുമെന്ന വിലയിരുത്തലായിരുന്നെങ്കിലും ജന്‍നായക് ജനതാ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കി അര്‍ധരാത്രിയും ചര്‍ച്ച നടത്തി 48 മണിക്കൂര്‍ കൊണ്ട് ഡീലുറപ്പിച്ചു അമിത് ഷായും ബിജെപിയും. ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ നേതാവായി മനോഹര്‍ ലാല്‍ ഖട്ടറിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.

ഗവര്‍ണര്‍ സത്യദേവ് നരെയ്ന്‍ ആര്യയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഖട്ടര്‍ ഇന്ന് തന്നെ അവകാശമുന്നയിക്കും. കേന്ദ്രനിരീക്ഷകരായി ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും ചേര്‍ന്നാണ് ഈ പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകളെയും നിരീക്ഷകരെയും ഞെട്ടിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയില്‍ നടന്നത്. 90 സീറ്റുകളുള്ള ഹരിയാന നിയമസഭയില്‍ കേവലഭൂരിപക്ഷം തികയ്ക്കാന്‍ 46 സീറ്റ് വേണം.

കാടിളക്കി പ്രചാരണം നടത്തിയിട്ടും അത് ബിജെപിക്ക് കിട്ടിയില്ല. ആകെ കിട്ടിയത് 40 സീറ്റ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഏഴ് സീറ്റ് കുറവ്. കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുക തന്നെ ചെയ്തു. 31 സീറ്റുകള്‍ കിട്ടി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 16 സീറ്റ് കൂടുതല്‍. സ്വതന്ത്രരായ എട്ട് പേര്‍ ജയിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇതില്‍ ഏഴ് പേരും നിലവില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുറപ്പായ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നേരിട്ടെത്തിയാണ് സഖ്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇപ്പോഴത്തെ സ്ഥിതി വച്ച് ബിജെപി – ജെജെപി സഖ്യസര്‍ക്കാരിന് 90- അംഗ ഹരിയാന നിയമസഭയില്‍ 57 സീറ്റുകള്‍ കിട്ടും. സ്വതന്ത്രരെ മാത്രം വച്ച് ഹരിയാനയില്‍ ബിജെപിക്ക് 47 എംഎല്‍എമാരെ തികയ്ക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ റിസ്‌കെടുക്കാന്‍ തയ്യാറല്ല ബിജെപി. ദുഷ്യന്ത് ചൗട്ടാലയുമായി വില പേശി സ്ഥാനം നല്‍കി കൂടെ നിര്‍ത്തുന്നു അവര്‍. അതേസമയം, ബലാത്സംഗക്കേസ് പ്രതിയായിരുന്ന എംഎല്‍എ ഗോപാല്‍ കണ്ടയുടെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചു ബിജെപി. എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മയുടെയും അമ്മയുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ കണ്ടയുടെ ലൈംഗികചൂഷണവും പീഡനവുമാണെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതേ കേസില്‍ ഗോപാല്‍ കണ്ട ഒരിക്കല്‍ അറസ്റ്റിലായിരുന്നതാണ്. എന്നാല്‍ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ കണ്ടയ്ക്ക് എതിരായ ബലാത്സംഗക്കുറ്റം പിന്‍വലിച്ചു.

ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ കണ്ടയ്ക്ക് എതിരെ പ്രക്ഷോഭം നടത്തിയിരുന്നതാണ്. ഇതേ എംഎല്‍എയുടെ പിന്തുണ ബിജെപി ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി തേടുന്നതിനെ പ്രിയങ്ക ഗാന്ധിയടക്കം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ സ്വതന്ത്രര്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നാണ് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയത്.

Related posts

പന്ത്രണ്ട് പൊതുമേഖല ബാങ്കുകള്‍ പ്രതിസന്ധിയില്‍

Amal Murali

പി.ചിദംബരത്തെ ചോദ്യം ചെയ്യുന്നു; ഇന്ന് കോടതിയില്‍ ഹാജരാക്കും

Farsana Jaleel

India’s largest movie set made outside of studio

Web Desk

Leave a Comment