International

ഹോവര്‍ബോര്‍ഡില്‍ ഇംഗ്ലീഷ് ചാനലിന് മുകളില്‍ കൂടി പറന്ന് ഫ്രഞ്ചുകാരന്‍

പാരിസ്: സ്വന്തമായി രൂപകല്‍പ്പന ചെയ്ത ഹോവര്‍ബോര്‍ഡില്‍ ഇംഗ്ലീഷ് ചാനലിന് മുകളില്‍ കൂടി പറന്ന് ഫ്രഞ്ചുകാരന്‍ ചരിത്രം കുറിച്ചു. ഫ്രാന്‍സിലെ ഫ്രാങ്കി സപാട്ടയാണ് ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറന്നത്. 20 മിനിറ്റ് കൊണ്ടാണ് ഫ്രാങ്കി സപാട്ട ലക്ഷ്യം നേടിയത്.

കഴിഞ്ഞ ജൂലൈയില്‍ നടത്തിയ സമാന ശ്രമം പരാജയപ്പെട്ടിരുന്നു. ഫ്രാന്‍സിലെ കലൈസിന് സമീപമാണ് പറക്കല്‍ നടത്തിയതെങ്കിലും യന്ത്രത്തകരാര്‍ മൂലം കടലില്‍ വീഴുകയായിരുന്നു. ഇത്തവണ കുറവുകള്‍ പരിഹരിച്ചാണ് സാഹസിക യാത്രയ്‌ക്കൊരുങ്ങിയത്. അഞ്ച് ചെറിയ ജെറ്റ് എന്‍ജിനിലാണ് ഫ്രാങ്കിയുടെ ഹോവര്‍ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

മണ്ണെണ്ണയാണ് ഇന്ധനം. മണ്ണെണ്ണ നിറച്ച ടാങ്ക് പുറംബാഗില്‍ ചുമന്നാണ് ഫ്രാങ്കി ഹോവര്‍ബോര്‍ഡില്‍ പറന്നത്. മൂന്ന് ഹെലികോപ്ടറുകള്‍ ഇദ്ദേഹത്തിനൊപ്പം പറക്കല്‍ നിരീക്ഷിച്ച് കൂടെയുണ്ടായിരുന്നു. ഫ്രാന്‍സിലെ പ്രാദേശിക സമയം ഞായറാഴ്ച്ച പുലര്‍ച്ചേ 6.17നാണ് ഫ്രാങ്കി ഇംഗ്ലീഷ് ചാനലിന് മുകളില്‍ കൂടി പറന്നത്. ബ്രിട്ടനിലെ സെന്റ് മാര്‍ഗരറ്റ്‌സ് ബേയില്‍ സുരക്ഷിതമായി പറന്നിറങ്ങി.

മണിക്കൂറില്‍ 160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്രാങ്കി സപാട്ട പറന്നതെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ 35 കിലോമീറ്റര്‍ പറക്കാന്‍ ഇദ്ദേഹത്തിന് പാതിവഴിയില്‍ കടലില്‍ സജ്ജമാക്കിയ ബോട്ടിലിറങ്ങി ഇന്ധനം വീണ്ടും നിറക്കേണ്ടി വന്നു. ഈ പ്രശ്‌നം പരിഹരിക്കുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. ഹോവര്‍ ബോര്‍ഡ് വികസിപ്പിക്കാന്‍ 2018ല്‍ ഫ്രഞ്ച് സൈന്യം ഇദ്ദേഹത്തിന് 13 ലക്ഷം യൂറോ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ബ്രിട്ടനും സമാനമായ ഹോവര്‍ബോര്‍ഡില്‍ താത്പര്യം കാണിക്കുന്നുണ്ട്.

Related posts

നാനിന്റെയും റൊട്ടിയുടെയും വില കുറയ്ക്കാന്‍ പാക് പ്രധാനമന്ത്രി

Farsana Jaleel

ഭാര്യയെ കൊന്ന തെഹ്‌റാന്‍ മുന്‍ മേയര്‍ക്ക് വധശിക്ഷ

Farsana Jaleel

പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചു പൂട്ടുന്നു

Farsana Jaleel

Leave a Comment