Kerala

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. കൃത്യത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രണ്ടാഴ്ച മുന്‍പ് ഉത്തരവിട്ടത്.

എന്നാല്‍, എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവന്‍ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതുമാണെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചൊവ്വാഴ്ച ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ മാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിര്‍ദ്ദേശം.

രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി, കേസില്‍ ഗൗരവപൂര്‍ണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാല്‍ പോലും പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്രയും പ്രധാനമായ കേസില്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല.

വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാള്‍ പ്രതികളെയാണ് പൊലീസ് അന്വേഷണത്തില്‍ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചിരുന്നു.

സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്ക് വിട്ടത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. കേസിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛന്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Related posts

ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തി; ദൃശ്യങ്ങള്‍ പുറത്ത്

Farsana Jaleel

സോഹൻ സീനുലാൽ പീഡനപരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു: അർച്ചന പദ്മിനി

Amal Murali

2 വര്‍ഷത്തിനിടെ മാറ്റിയത് 34 ടയറുകള്‍; ടയര്‍ വിവാദതതില്‍ എം.എം.മണി

Farsana Jaleel

Leave a Comment