Kerala

ജാഗ്രത പുലര്‍ത്തണം; അതിതീവ്ര മഴയെങ്കിലും അമിത ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് അമിത ആശങ്ക വേണ്ടെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അതിതീവ്ര മഴയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 22 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുടങ്ങിയിരിക്കുന്നതെന്നും 22,165 പേരെ കാമ്പിലേക്ക് മാറ്റിയെന്നും പിണറായി വിജയന്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനുള്ള യന്ത്രങ്ങള്‍ക്ക് ക്ഷാമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ അനുഭവപ്പെടുന്നത്. ആഗസ്ത് 15ന് വീണ്ടും മഴക്ക് സാധ്യതയെന്നും 24 മണിക്കൂര്‍ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നദികളില്‍ അപകടകരമാം വിധം ജലനിരപ്പുയരുകയാണ്. നാളെ കഴിഞ്ഞാല്‍ മഴയുടെ തീവ്രത കുറയുമെന്നുമാണ് പ്രവചനമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. പതിനായിരത്തോളം പേരാണ് വയനാട്ടിലെ ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം അതാത് ജില്ലാ കളക്ടര്‍മാര്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ഉന്നതതല യോഗത്തിന് ശേഷം വ്യക്തമാക്കി.

വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴയില്‍ നാളെ നടത്താനിരുന്ന വള്ളംകളി മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു. കരസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പാങ്ങോട് നിന്ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്ക് പുറപ്പെട്ടു. അടിയന്തിര സാഹചര്യമുണ്ടായാല്‍ ഇറങ്ങാന്‍ രണ്ടു കോളം സേനയെയും തയ്യാറാക്കിയിട്ടുണ്ട്.

Related posts

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു

Farsana Jaleel

സ്വാമി സംവിദാനന്ദ് പച്ച ഞരമ്പുരോഗി; ഗുരുതര ആരോപണവുമായി ചിത്തിര കുസുമം

Amal Murali

സേവ് ദി ഡേറ്റിൽ കേരളാ പൊലീസ് വീണ്ടും സദാചാര പൊലീസ്

Web Desk

Leave a Comment