Kerala

5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: അഞ്ചില്‍ പോരിനൊരുങ്ങി കേരളം. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തും. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്.

ഞായറാഴ്ചയിലെ നിശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അടുത്തകാലത്തൊന്നും കാണാത്തവിധം ജാതികേന്ദ്രീത രാഷ്ട്രീയചര്‍ച്ച മുഴുകുമ്പോഴാണ് അഞ്ച് മണ്ഡലങ്ങള്‍ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. സമദൂരം വിട്ട് എന്‍എസ്എസ്, ഇടതാഭിമുഖ്യം തുടരുന്ന എസ്എന്‍ഡിപി ,ബിജെപിയെ തള്ളാതെ ഓര്‍ത്തഡോക്‌സ് സഭ. അഞ്ചില്‍ പോര് ചുറ്റിത്തിരിയുന്നത് സാമുദായിക നിലപാടുകളെ ചൊല്ലി തന്നെ. വട്ടിയൂര്‍കാവില്‍ ശരിദൂരവും കടന്ന് യുഡിഎഫിനായി പരസ്യമായി രംഗത്തിറങ്ങിയ എന്‍എസ്എസും സിപിഎമ്മും നേര്‍ക്കുനേര്‍ പോരിലാണ്.

പാലാ തോല്‍വിയില്‍ ഞെട്ടിയ യുഡിഎഫ് ക്യാമ്പിന് എന്‍എസ്എസ് പിന്തുണ നല്‍കുന്നത് വലിയ ആത്മവിശ്വാസം. എന്‍എസ്എസിനെ കടന്നാക്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ കൂട്ട് തുടരുന്നത് ഇടതിന് ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നു. വിശ്വാസത്തില്‍ പ്രതീക്ഷ വെച്ച ബിജെപിക്ക് എന്‍എസ്എസ് നിലപാടില്‍ അങ്കലാപ്പുണ്ടെങ്കിലും ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും കിട്ടിയത് അപ്രതീക്ഷിത പിന്തുണ. ന്യൂനപക്ഷ വോട്ട് ബാങ്കിലേക്കുള്ള കടന്നുകയറ്റമെന്ന കടമ്പ കടക്കാനാകുമെന്നത് താമരക്കൂട്ടത്തിന് ഭാവിയിലേക്ക് കൂടിയുള്ള വന്‍ പ്രതീക്ഷയാണ്.

കപട ഹിന്ദുമാത്രമായിരുന്നില്ല. പൂതനപ്രയോഗവും പുന്നപ്രവയലാറില്‍ സമരക്കാരെ വെടിവെച്ച പട്ടാളക്കാര്‍ക്ക് വിരുന്ന് നല്‍കിയെന്ന ആരോപണവും നേതാക്കളുടെ വാക് പോരിന് ആയുധങ്ങളായി. വോട്ട് കച്ചവടം പിന്നെ പാലാരിവട്ടം പാലം ഒടുവില്‍ മാര്‍ക്ക് ദാനം. പോരടിക്കാന്‍ ഓരോ ദിനവും വിഷയങ്ങളേറെയുണ്ടായി. മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍കാവ് വരെയാണ് മത്സരം. അത് കൊണ്ട് തന്നെ വിധി അഞ്ചിടത്തെത് മാത്രമല്ല, കേരളത്തിന്റെ പൊതുചിത്രം. അതാണ് മൂന്ന് മുന്നണികളുടേയും പ്രതീക്ഷയും ആശങ്കയും.

പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്കെത്തുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത പ്രചാരണ ചൂടാണ് കോന്നി മണ്ഡലത്തില്‍. ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ ഓര്‍ത്തഡോക്‌സ് വോട്ടുറപ്പിക്കാന്‍ നിര്‍ണായക നീക്കങ്ങളുമായി എന്‍ഡിഎ നീങ്ങുന്നതോടെ ഒടുവിലത്തെ കൗതുകം. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ അങ്കമാലി രൂപതയില്‍ നിന്നുള്ള വൈദികനെ തന്നെ എന്‍ഡിഎ രംഗത്തിറക്കി. വിഘടിച്ച് പോകാനിടയുള്ള വോട്ടുകള്‍ പരമാവധി അനുകൂലമാക്കാന്‍ ഊര്‍ജിത പരിശ്രമത്തിലാണ് എല്‍ഡിഎഫും യുഡിഎഫും.

വട്ടിയൂര്‍കാവില്‍ അവസാനനിമിഷത്തെ പ്രധാന ചര്‍ച്ച യുഡിഎഫിനുള്ള എന്‍എസ്എസ്സിന്റെ പരസ്യപിന്തുണയാണ്. മേയറുടെ പ്രതിച്ഛായയും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ട് എതിര്‍ഘടകങ്ങളെ മറികടക്കാനാണ് ഇടത് ശ്രമം. ത്രികോണപ്പോരില്‍ ബിജെപിക്കും ഉള്ളത് വലിയ പ്രതീക്ഷ. ശരിദൂരം വിട്ട് കരയോഗങ്ങള്‍ തോറും സമ്മേളനം വിളിച്ച് യുഡിഎഫിനായി എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ പ്രധാന രാഷ്ട്രീയ ചര്‍ച്ചയായ പരസ്യമായ വോട്ടുപിടുത്തം മണ്ഡലത്തിലുണ്ടാക്കാവുന്ന സ്വാധീനത്തെച്ചൊല്ലിയാണ് മുന്നണികളുടെ കണക്ക് കൂട്ടല്‍.

പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അരൂരില്‍ പോരാട്ടം ഉച്ഛസ്ഥായിയിലാണ്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് യുഡിഎഫിന്റെ പ്രചാരണം. അവസാന നിമിഷത്തിലും മുന്‍ എംഎല്‍എ, എ.എം.ആരിഫിനെ മുന്നില്‍ നിര്‍ത്തുകയാണ് ഇടത്പക്ഷം. ബിഡിജെഎസ് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബിജെപി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ യുഡിഎഫ് ഏറ്റവുമധികം ജയസാധ്യത കല്‍പ്പിക്കുന്നത് എറണാകുളത്താണ്. അട്ടിമറി ജയം നേടാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. പാലാരിവട്ടം പാലം ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു പ്രധാനമായും ഇടതുമുന്നണി ഉയര്‍ത്തിയത്. വീടുകളിലും ഓടിയെത്തി യുഡിഎഫ്. പ്രധാന കേന്ദ്രങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ബിജെപി. എന്നാല്‍ അവസാന ലാപ്പിലും മുടക്കമില്ലാതെ പര്യടനവുമായി ഇടത് സ്ഥാനാര്‍ത്ഥി. പ്രചാരണം അവസാനത്തോടടുക്കുനോള്‍ മഞ്ചേശ്വരത്തെ കാഴ്ചയിതായിരുന്നു. മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്വാധീനവും പ്രാദേശിക വികാരവും വളരെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. സങ്കീര്‍ണമായ ഈ രാഷ്ട്രീയസമവാക്യവും ഒപ്പം ശക്തമായ ത്രികോണ മത്സരവും ചേരുമ്പോള്‍ അപ്രവചനീയമാണ് മഞ്ചേശ്വരത്തെ ഫലം.

Related posts

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു

Farsana Jaleel

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു

Farsana Jaleel

താഹയുടെയും അലന്റെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി

Farsana Jaleel

Leave a Comment