Kerala

കെവിന്‍ വധക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം: കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 10 പ്രതികള്‍ക്കും 40,000 രൂപ പിഴയും കോടതി വിധിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ എന്ന് പറഞ്ഞാണ് കോടതി വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

നീനുവിന്റെ സഹോദരനടക്കം കേസില്‍ 10 പ്രതികളാണുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ (നീനുവിന്റെ സഹോദരന്‍), രണ്ടാം പ്രതി നിയാസ് മോന്‍, യാഥാക്രമം ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിം കുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജാദ്, എന്‍ നിഷാദ്, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍, ടിറ്റു ജെറോ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നു.

കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം എന്നീ വകുപ്പുകളിന്മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ 40,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. ഇതില്‍ നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപ നല്‍കണം. ബാക്കി തുക കെവിന്റെ പിതാവിനും കെവിന്റെ ഭാര്യ നീനുവിനും തുല്യമായി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിരീക്ഷിച്ച കോടതി പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ വിധിക്കാഞ്ഞത്. ജസ്റ്റിസ് എസ്.ജയചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും കോടതി പരിഗണിച്ചു. ഇതുകൂടാതെ 449ാം വകുപ്പ് അനുസരിച്ച് പ്രതികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. 5000 രൂപ വീതം പിഴയും അടയ്ക്കണം. രണ്ട്, നാല്, ഒമ്പത്, 12 പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. അതിലും 5000 രൂപ പിഴ അടയ്ക്കണം. രണ്ട്, നാല്, ആറ്, ഒമ്പത്, പതിനൊന്ന്, പന്ത്രണ്ട് പ്രതികള്‍ക്ക് 349ാം വകുപ്പനുസരിച്ച് മൂന്നു വര്‍ഷം കഠിനതടവ് അനുഭവിക്കണം. 5000 രൂപ വീതം പിഴയും ഉണ്ട്. 323ാം വകുപ്പനുസരിച്ച് എട്ട്, ഒമ്പത് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവുണ്ട്. ഏഴാം പ്രതിക്ക്, തെളിവു നശിപ്പിച്ചതിന് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്.

കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Related posts

വയനാടിന് സാന്ത്വനമേകി രാഹുല്‍; 10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍

Farsana Jaleel

ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത വേണം, 2018 ആവര്‍ത്തിക്കരുത്: രമേശ് ചെന്നിത്തല

Farsana Jaleel

ഇനി മേയര്‍ ബ്രോ അല്ല, MLA ബ്രോ; വട്ടിയൂര്‍ക്കാവില്‍ LDF ന് ഉജ്ജ്വല വിജയം

Farsana Jaleel

Leave a Comment