Kerala

പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തില്‍ അംഗീകാരം; വിജ്ഞാന ഭാഷാ നിഘണ്ടുവിനായി പ്രത്യേക സമിതി: മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. പിഎസ്‌സി നടത്തുന്ന കെഎഎസ് അടക്കമുള്ള എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാന ഭാഷാ നിഘണ്ടു തയ്യാറാക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയും പിഎസ്സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായത്. ഇക്കാര്യത്തിലെ പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെഎഎസ് അടക്കമുളള പിഎസ്സി നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാനാണ് ധാരണയായിരിക്കുന്നത്. പരീക്ഷകള്‍ മലയാളത്തിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു.

മലയാളത്തില്‍ പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. ചോദ്യങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കി നല്‍കാന്‍ സര്‍വകലാശാല അധ്യാപകരെ ചുമതലപ്പെടുത്തും. എല്ലാ സര്‍വകലാശാലകളിലെയും വിസിമാരെ ഉള്‍പ്പടുത്തി യോഗം വിളിക്കാനും തീരുമാനമായി.

പിഎസ്സി ചോദ്യപേപ്പറുകള്‍ മലയാളത്തിലാക്കുമ്പോള്‍ നേരിടുന്ന വിഷമതകളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നും ഇത് പരിഹരിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎസ്സി ചെയര്‍മാനെയും യോഗത്തില്‍ പങ്കെടുപ്പിക്കും. കൂടാതെ ശാസ്ത്ര, കംപ്യൂട്ടര്‍ വിഷയങ്ങളില്‍ മലയാളത്തിനായി വിജ്ഞാന ഭാഷാ നിഘണ്ടു ഉണ്ടാക്കുവാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ പ്ലസ് ടു അടിസ്ഥാന യോഗ്യതയായിട്ടുള്ള എല്ലാ പരീക്ഷകള്‍ക്കും പിഎസ്സി മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കുന്നുണ്ട്. 90 ശതമാനം പരീക്ഷകളും അതില്‍ ഉള്‍പ്പെടും. അതിന് മുകളില്‍ ഉള്ള പരീക്ഷകളില്‍ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ നല്‍കി ഉത്തരങ്ങള്‍ മലയാളത്തിലും എഴുതുന്ന സംവിധാനമാണുണ്ടായിരുന്നത്. സര്‍വകലാശാലകളില്‍ ഇത്തരത്തില്‍ പരീക്ഷ എഴുതുന്ന മാതൃകയാണ് പിഎസ്സി സ്വീകരിച്ചിരുന്നത്.

എന്നാല്‍, ചോദ്യപേപ്പറും മലയാളത്തില്‍ വേണമെന്ന ആവശ്യം നടപ്പാക്കാന്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ ശാസ്ത്ര, കംപ്യൂട്ടര്‍ സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഭാഷാപരിമിതി നേരിടുന്നുണ്ട്. അത് മറികടക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മറ്റ് ഭാഷകള്‍ക്ക് എതിരായ സമീപനം സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എത്രനാളുകള്‍ക്കകം തീരുമാനം നടപ്പാക്കുമെന്ന് പിഎസ്സി വ്യക്തമാക്കിയിട്ടില്ല. തീരുമാനത്തെ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സ്വാഗതം ചെയ്തു. പിഎസ്സിയുടെ മലയാള വിരോധത്തിനെതിരെ കഴിഞ്ഞമാസം 29 മുതലാണ് ഐക്യമലയാളപ്രസ്ഥാനം സമരം തുടങ്ങിയത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു സമരം. സമരത്തിന് പിന്തുണയര്‍പ്പിച്ച രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ നിരവധി പേര്‍ രംഗത്തെത്തി. തിരുവോണത്തിന് സാംസ്‌കാരിക നായകര്‍ കേരളമാകെ ഉപവസിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടത്.

Related posts

“ക്യാമ്പുകളിലേയ്ക്കുള്ള അവശ്യസാധനങ്ങള്‍ തല്‍ക്കാലം വേണ്ട”; വിവാദ പോസ്റ്റിന് പിന്നാലെ അവധിയെടുത്ത് തിരുവനന്തപുരം കളക്ടര്‍

Farsana Jaleel

താനൂര്‍ കൊലപാതകം: 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; പിടിയിലാകാന്‍ ഇനി 3 പ്രതികള്‍ കൂടി

Farsana Jaleel

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ബസുടമകള്‍; നവംബര്‍ 20 മുതല്‍ അനിശ്ചിതകാല സമരം

Farsana Jaleel

Leave a Comment