Kerala

കനത്ത മഴ തുടരും: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 11 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്: ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു. കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട്.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളിലെല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാനത്തെ കാലാവസ്ഥ വിലയിരുത്തിയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ കടുത്ത കാലവര്‍ഷക്കെടുതി നേരിടുന്ന വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും ആശങ്ക ഇരട്ടിപ്പിക്കുന്നു.

സംസ്ഥാനത്ത് ഇതുവരെ 28 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. മന്ത്രിമാര്‍ ഓരോ ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

അതിതീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പരീക്ഷകല്‍ ഉള്‍പ്പെടെ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു.

സംസ്ഥാനത്ത് ഇതുവരെ 12 ഡാമുകളാണ് തുറന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related posts

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ആരംഭിച്ചു.

Amal Murali

അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും; അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Farsana Jaleel

ആർത്തവ സമരത്തിൽ പങ്കുചേരുമ്പോൾ.; മുരളി തുമ്മാരുകുടിയുടെ ലേഖനം

Amal Murali

Leave a Comment