Kerala

“ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല”, ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും; മാപ്പ് പറഞ്ഞ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ എടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കും. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് പിന്‍വലിക്കുന്നത്. ഓമനക്കുട്ടന്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നെങ്കിലും റവന്യു വകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാര്യങ്ങള്‍ മാറുന്നത്.

ക്യാമ്പ് അംഗങ്ങള്‍ക്കിടയില്‍ പണപ്പിരിവു നടത്തിയെന്നത് ശരിയായ നടപടിയല്ലയെങ്കിലും ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധിയും പ്രവര്‍ത്തിയിലെ സത്യസന്ധതയും ബോധ്യപ്പെട്ടെന്ന് കാണിച്ച് വിശദമായ ഫെയ്‌സ്ബുക്ക് കുറിപ്പും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു എഴുതിയിട്ടുണ്ട്. 35 വര്‍ഷമായി തുടര്‍ച്ചായായി എത്തുന്നവരാണ് അംബേദ്കര്‍ കമ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ ഉണ്ടായിരുന്നതെന്നും മറ്റു ക്യാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി വൈദ്യുതി ഇല്ലായ്മയടക്കം പലവിധ പ്രശനങ്ങള്‍ അവിടെ ഉണ്ടായിരുന്നു.

ഓമനക്കുട്ടന്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പരാതി വന്നപ്പോള്‍ പ്രഥമദൃഷ്ട്യാ പണപ്പിരിവ് നടത്തിയതായി മനസ്സിലാക്കിയാണ് നടപടിയിലേക്ക് നീങ്ങിയത്. പക്ഷേ റവന്യു വകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഫീല്‍ഡ് തല റിയാലിറ്റി എന്നൊന്നുണ്ട് എന്ന് ബോധ്യം വന്നെന്നും ഡോ വേണു വിശദീകരിക്കുന്നു. ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് റവന്യൂവില്ലേജായ ചേര്‍ത്തല സൗത്തിലെ അധികൃതരുടെ ചുമതലയാണെന്നിരിക്കെ സര്‍ക്കാര്‍ ചട്ടപ്പടിക്ക് കാത്തു നില്‍ക്കാനുള്ള സാഹചര്യവും സാവകാശവും ക്യാമ്പില്‍ ഇല്ലാതിരുന്നതിനാലാണ് ക്യാമ്പ് അംഗം കൂടിയായ ഓമനക്കുട്ടന് അരിയെടുക്കാന്‍ പോകേണ്ടി വന്നതെന്നും ഓട്ടോക്ക് കൊടുക്കാനുള്ള കൂലിയാണ് പിരിച്ചെടുത്തതെന്നുമാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കുന്നത്.

ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ റവന്യു വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു എന്നും ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ഓമനക്കുട്ടന്‍

പ്രിയരെ
നമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ്.

കേരളത്തിലെ പ്രളയദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തേണ്ട ചുമതല റവന്യൂവകുപ്പിനാണ്. ഓരോ ക്യാമ്പും വകുപ്പിന്റെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവന്യൂ വകുപ്പിന്റെ സംവിധാനവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പിലെ അടിയന്തരാവശ്യങ്ങളെ തീര്‍പ്പാക്കുവാന്‍ ചുമതലപ്പെട്ട ക്യാമ്പ് മാനേജര്‍ ഉണ്ട്. മാനേജരെ സഹായിക്കുവാന്‍ പ്രാദേശിക സംവിധാനങ്ങളും സഹായക്കമ്മറ്റിയുമുണ്ട്.

നിലവിലെ സാഹചര്യമനുസരിച്ച് ക്യാമ്പിലെ അന്തേവാസികളായ ജനങ്ങളില്‍ നിന്നും പണപ്പിരിവ് എന്തിനെങ്കിലും നടത്തേണ്ട സാഹചര്യമില്ലെന്നതാണു റവന്യൂവകുപ്പിന്റെയും ഗവണ്മെന്റിന്റെയും നിലപാടും തീരുമാനവും. എന്നാല്‍ പലപ്പോഴും നാം വിഭാവനം ചെയ്യുന്നതോ തീരുമാനിക്കുന്നതോ ആകണമെന്നില്ല പ്രായോഗികമായ അവസ്ഥ. പ്രത്യേകിച്ചും ക്യാമ്പുകളിലേത്. പൊടുന്നനെ ഉണ്ടാകുന്നതോ അടിയന്തര ഇടപെടല്‍ വേണ്ടതോ ഒക്കെയായ സാഹചര്യങ്ങള്‍ ക്യാമ്പുകളില്‍ സംജാതമായേക്കാം.

ഒരുപക്ഷെ പെട്ടന്നുണ്ടായ ഒരപകടമാവാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും. അന്തേവാസികള്‍ തന്നെ പെട്ടന്ന് ക്രിയാത്മക ഇടപെടല്‍ നടത്തി അത് പരിഹരിക്കയും ചെയ്യാം. ചിലപ്പോള്‍ എന്തെങ്കിലും കുറവ് കണ്ടാല്‍ അത് നികത്താന്‍ അവര്‍ റവന്യൂ അധികാരികള്‍ക്കരികിലേക്ക് ഓടിയെത്തണമെന്നില്ല. അവരന്യോന്യം ആ കുറവുകളെ നികത്തും. പാരസ്പര്യത്തിന്റേയും പരസ്പര സ്‌നേഹസഹകരണങ്ങളുടെയും ആ ഒരു നിമിഷത്തില്‍ അവര്‍ അന്യോന്യം ചിലപ്പോള്‍ കയ്യിലെ അവസാന നാണയങ്ങളെയും ചിലവിടും. ഇത് ദുരിതമുഖത്ത് നിന്നും നാം പഠിച്ച, അറിഞ്ഞ ഒരു പ്രായോഗിക നേര്‍ക്കാഴ്ചയാണ് .

അംബേദ്കര്‍ കമ്യൂണിറ്റി ഹാള്‍, കണ്ണികാട്ട്, ചേര്‍ത്തല എന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ സംഭവിച്ചതും അത്തരമൊരു സംഗതിയാണ്. അവിടത്തെ അന്തേവാസിയും പൊതുപ്രവര്‍ത്തകനുമാണു ഓമനക്കുട്ടന്‍. അന്വേഷണത്തില്‍ മറ്റ് ക്യാമ്പുകളില്‍ നിന്നും വിഭിന്നമായ അവസ്ഥയിലാണ് കണ്ണിക്കാട്ടെ ക്യാമ്പ് എന്ന് അറിയുവാന്‍ കഴിഞ്ഞു. വൈദ്യുതിയുടെ അഭാവം, ചില കുറവുകള്‍ മറ്റു ക്യാമ്പുകളെപ്പോലെയല്ല അവിടുത്തെ സാഹചര്യം. വളരെ പരിമിതമായ ജീവിതസാഹചര്യത്തില്‍ അവസ്ഥയില്‍ നിന്നും എല്ലാം വലിച്ചെറിഞ്ഞ്, മഴയൊപ്പം കയറിവന്ന ഒരുകൂട്ടം ജനങ്ങളാണവിടെ. 35 വര്‍ഷമായി എല്ലാ വര്‍ഷവും ക്യാമ്പിലെത്തുന്നവരാണ് മിക്കവരും. ദുരിതാശ്വാസക്ക്യാമ്പുകള്‍ അവര്‍ക്ക് പുതിയ അനുഭവമല്ല. അതിനാല്‍ തന്നെയും അവശ്യ സാഹചര്യങ്ങളില്‍ അവര്‍ ഒന്നിച്ച് ഒന്നായ് പ്രവര്‍ത്തിക്കുന്നു.

ഈ സാഹചര്യത്തിലാണ് അധികൃതര്‍ക്ക് മുമ്പില്‍ തെളിവ് സഹിതം ഒരു പരാതിയെത്തുന്നത്. ദുരിത മുഖത്തുള്ളവരില്‍ നിന്നും ഓമനക്കുട്ടന്‍ എന്ന വ്യക്തി അരിയെത്തിക്കാന്‍ പിരിവ് നടത്തുന്നു. ഒപ്പം തെളിവായി എത്തിയ വീഡിയോ ഫൂട്ടേജിലെ ഓമനക്കുട്ടന്‍ പണം സ്വീകരിക്കുന്ന ദൃശ്യങ്ങള്‍, ചാനലുകള്‍ സോഷ്യല്‍ മീഡിയ എന്നിവയില്‍ വ്യാപകമായി വരികയും ചെയ്തു. റവന്യൂ അധികൃതര്‍ക്ക് പ്രഥമദൃഷ്ട്യാ പണപ്പിരിവ് നടത്തിയതായി മനസ്സിലായി. ക്യാമ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ഓമനക്കുട്ടനെതിരെയുള്ള ക്യാമ്പധികാരികള്‍ പോലീസില്‍ പരാതി കൊടുത്തു. പക്ഷെ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫീല്‍ഡ് തല റിയാലിറ്റി എന്നൊന്നുണ്ട് എന്ന് ബോധ്യം വന്നു.

ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് റവന്യൂവില്ലേജായ ചേര്‍ത്തല സൗത്തിലെ അധികൃതരുടെ ചുമതലയാണ്. അരി എന്നത് മനുഷ്യരുടെ പ്രാഥമിക ആവശ്യമായതിനാല്‍ ഗവണ്മെന്റ് ചട്ടപ്പടിയ്ക്ക് ക്യാമ്പംഗങ്ങള്‍ കാത്തു നില്‍ക്കാറില്ല. എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ദുരന്തനിവാരണ പ്രവര്‍ത്തങ്ങളിലാനെന്ന സാവകാശവും ക്യാമ്പുകള്‍ക്ക് താങ്ങാവുന്നതല്ല എന്ന് മനസ്സിലാക്കുന്നു. ക്യാമ്പില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തീരുമ്പോള്‍ അംഗങ്ങളോ ചുമതലപ്പെട്ടവരോ നേരിട്ട് വില്ലേജോഫീസിലെത്തി, ഇന്റെന്‍ഡ് കൈപ്പറ്റി, അരിവാങ്ങി പെട്ടന്നു തന്നെ ക്യാമ്പിലെത്തിക്കുന്ന ഒരു രീതിയും സ്വാഭാവികമാണെന്നും പ്രായോഗികമായി നടന്നു വരുന്നതാണെന്നും അന്വേഷണത്തില്‍ മനസ്സിലായി. ഈ പതിവാണു കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്.

അരി തീര്‍ന്നപ്പോള്‍ ഓമനക്കുട്ടന്‍ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവര്‍ത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തില്‍ പെട്ടുപോയ അനേകം മനുഷ്യരിലൊരാള്‍. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യന്‍. അദ്ദേഹത്തിന്റെ കയ്യില്‍ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാന്‍ കുറച്ചു രൂപ ക്യാമ്പംഗങ്ങളില്‍ നിന്നും അദ്ദേഹം വാങ്ങിക്കുവാന്‍ നിര്‍ബന്ധിതനായി. അന്വേഷണത്തില്‍ മുന്‍ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാര്‍ത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരം തന്നെയെങ്കിലും അത് മുമ്പോട്ട് വെച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണ്. അത്യധികം ആവശ്യമുള്ള സാഹചര്യത്തില്‍ തികച്ചും genuine ആയി ചെയ്ത ഒരു കൃത്യമാണ് ഈ സംഭവത്തിനു പുറകിലുള്ളതെന്ന് വകുപ്പിനു ബോധ്യപ്പെട്ടിരിക്കുന്നു. ക്യാമ്പംഗങ്ങള്‍ക്കിടയില്‍ പണപ്പിരിവു നടത്തിയെന്നത് ശരിയായ നടപടിയല്ലയെങ്കിലും ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധിയും പ്രവര്‍ത്തിയിലെ സത്യസന്ധതയും വകുപ്പിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണു ഈ സാഹചര്യത്തില്‍ വകുപ്പ് എടുക്കുന്നത്. അതു തന്നെയാണു മനുഷ്യത്വപരമായ നീതിയും.

ഈ വിഷയം ജില്ലാ കളക്ടറുമായി ചര്‍ച്ച ചെയ്തു. അവരുടെ അന്വേഷണത്തിലും ഈ കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. ആയതിനാല്‍ ചേര്‍ത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേല്‍ നല്‍കിയ പൊലീസ്സ് പരാതി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിക്കഴിഞ്ഞു. പൊലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ല. ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്‌ജെക്റ്റിവിലി ശരിയല്ലാത്ത സബ്‌ജെക്റ്റീവിലി എന്നാല്‍ ശരി മാത്രമായ ഈ സത്യത്തിനു മുമ്പില്‍ ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.

സ്‌നേഹപൂര്‍വ്വം
വേണു

പണപ്പിരിവ് നടക്കുന്നുവെന്ന് ക്യാമ്പ് അംഗങ്ങളില്‍ ചിലര്‍ തന്നെ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശവാസികളില്‍ ചിലരെത്തി ദൃശ്യങ്ങള്‍ പകര്‍ത്തി ഓമനക്കുട്ടനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയത്. മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തതിന് പിന്നാലെ ചേര്‍ത്തല തഹസില്‍ദാര്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് ഓമനക്കുട്ടനെതിരെ പരാതി നല്‍കുകയും അര്‍ത്തുങ്കല്‍ പൊലീസ് ഓമനക്കുട്ടനെതിരെ വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ട് ഓമനക്കുട്ടനെ അന്വേഷണ വിധേയമായി സ്‌പെന്റ് ചെയ്‌തെന്ന് കാണിച്ച് വാര്‍ത്താ കുറിപ്പും ഇറക്കിയിരുന്നു.

ക്യാമ്പില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും വലിയ വീഴ്ചയുണ്ടെന്ന് സ്ഥലത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയ മന്ത്രി ജി സുധാകരനും പ്രതികരിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ജാഗ്രതയില്ലാതെ ഇടപെട്ട ഓമനക്കുട്ടനും വീഴ്ച ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വീഴ്ച റവന്യു അധികൃതരുടെ ഭാഗത്തുകൂടിയാണെന്ന വിശദീകരണത്തോടെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് എത്തുകയും, കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുമെന്ന് സിപിഎം വൃത്തങ്ങളും പറയുന്നു.

Related posts

“സിനിമാ-സീരിയലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു… കുറ്റകൃത്യം നടന്നാല്‍ ചെയ്യേണ്ടത്” – കേരള പൊലീസ്

Farsana Jaleel

കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി

Farsana Jaleel

ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

Farsana Jaleel

Leave a Comment