Kerala

“ക്യാമ്പുകളിലേയ്ക്കുള്ള അവശ്യസാധനങ്ങള്‍ തല്‍ക്കാലം വേണ്ട”; വിവാദ പോസ്റ്റിന് പിന്നാലെ അവധിയെടുത്ത് തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ മുഖം തിരിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരിതപെയ്ത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാന്‍ കേരളജനത ഒറ്റക്കെട്ടായി നേരിടുന്നതിനിടെയാണ് തിരുവനന്തപുരം കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ച സംഭവിക്കുന്നത്.

കളക്ടര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്. ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും വേണ്ടി എന്തു ചെയ്യണമെന്നറിയാതെ മലബാറിലെ ജില്ലകളില്‍ ജനങ്ങള്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാമഗ്രികള്‍ തല്‍ക്കാലം ശേഖരിക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പറയുന്നത്.

സഹായം വേണമെങ്കില്‍ രണ്ട് ദിവസത്തിന് ശേഷം ശേഖരിക്കാമെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ കളക്ടര്‍ പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെ ജില്ലാ കളക്ടര്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് കളക്ടര്‍ പറഞ്ഞെന്ന് ആരോപണമുയര്‍ന്നത്. സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കളക്ടറുടെ പ്രതികരണത്തിനെതിരെ രംഗതെത്തി.

ഇതിന് പിന്നാലെ കളക്ടര്‍ അവധിയിലാണെന്ന വാര്‍ത്തയും പുറത്തുവന്നു. ഇതോടെയാണ് ഇന്നലെ അര്‍ദ്ധരാത്രിയോട് അനുബന്ധിച്ച് രണ്ട് പോസ്റ്റുകള്‍ കളക്ടറുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. അവധിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശനിയാഴ്ച്ചയാണ് കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ആഗസ്ത് 10,11,12,13 തിയ്യതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. അതിനെ വിലവെക്കാതെയാണ് കളക്ടറുടെ ലീവ്. അതേ സമയം മെഡിക്കല്‍ എമര്‍ജന്‍സിക്കാണ് കളക്ടര്‍ ലീവ് എടുത്തത് എന്നും. പാകം ചെയ്ത ഭക്ഷണ സാധനങ്ങളാണ് വേണ്ടെന്ന് പറഞ്ഞതെന്നും കളക്ടറുടെ ഓഫീസ് പിന്നീട് വിശദീകരിച്ചു. ഇതിനൊപ്പം തന്നെ കളക്ടറോട് വിശദീകരണം ചോദിക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

ഇംഗ്ലീഷില്‍ എഴുതിയ കളക്ടറുടെ ആദ്യ പോസ്റ്റ്-

പൊതുജനങ്ങളുടെ ആശങ്കകളെ ജില്ലാ ഭരണകൂടം വിലമതിക്കുന്നു, നിങ്ങളുടെ നിര്‍ദ്ദേശങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതേസമയം, ഒരു അഭിപ്രായം രൂപീകരിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

വസ്തുതകള്‍ ഇതാ 1. ജില്ലാ ഭരണകൂടം തിരുവനന്തപുരം ഞാനടക്കം വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെ നിരന്തരമായ മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കി ദുരന്തനിവാരണത്തില്‍ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്.

2. ഇന്നലെ വരെ ശേഖരണ ശ്രമങ്ങള്‍ നടത്താന്‍ എടുത്ത തീരുമാനം, ബാധിത ജില്ലകളുടെ ജില്ലാ ഭരണകൂടവുമായുള്ള നിരന്തരമായ ചര്‍ച്ചകളെ അടിസ്ഥാനമാക്കിയുള്ളതാണ്, സഹാനുഭൂതിയുടെ അഭാവത്തില്‍ നിന്നല്ല (വിവരങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഒരാള്‍ വിശ്വസിക്കാന്‍ സാധ്യതയുണ്ട്).

3. ബാധിത ജില്ലകളില്‍ നിന്നുള്ള ഇന്‍പുട്ടിനെ അടിസ്ഥാനമാക്കി, അടിയന്തിര ആവശ്യം വൈദ്യസഹായവുമായി ബന്ധപ്പെട്ടതായിരുന്നു, ഇത് പരിഹരിക്കുന്നതിന് ഞങ്ങള്‍ വേഗത്തിലും സജീവമായും പ്രവര്‍ത്തിച്ചിട്ടുണ്ട്, അഭ്യര്‍ത്ഥിച്ച ജില്ലകളിലേക്ക് ടീമുകളെ അയയ്ക്കുന്നു, കൂടാതെ റെസ്‌ക്യൂ ബോട്ടുകള്‍ തുടങ്ങി നിരവധി സഹായങ്ങളും.

4. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിത പ്രദേശങ്ങളിലെ സഹോദരങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ശേഖരണ കേന്ദ്രം ആരംഭിക്കുകയും ഇത്തവണ ഞങ്ങളുടെ ആളുകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുകയും ചെയ്യും. നൂറുകണക്കിന് സെന്‍സിറ്റീവ്, ഉത്സാഹമുള്ള, സഹാനുഭൂതി നിറഞ്ഞ ടീം നടത്തുന്ന ശ്രമങ്ങള്‍ എഴുതിത്തള്ളുന്നതിനുമുമ്പ് നിങ്ങളുടെ അഭിപ്രായത്തില്‍ പരിഗണന നല്‍കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇത് പുറമേ നേരത്തെ ഇറക്കിയ ലൈവ് വീഡിയോയില്‍ നിന്നും വ്യത്യസ്തമായി ഒരു പോസ്റ്റും കളക്ടറുടെ പേജിലുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കേരളത്തിന്റെ സഹായ ഹബ്ബായിരുന്നു. അതുപോലെയാകണം ഇനിയും നമ്മള്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെ മലപ്പുറം, വയനാട് ജില്ലകളിലേക്ക് അയച്ച് കഴിഞ്ഞു.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കേണ്ട സമയമാണ് ഇനിയുള്ളത്. നമ്മളാല്‍ കഴിയുന്ന തെല്ലാം അവര്‍ക്ക് എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. തിരുവനന്തപുരം ജില്ലയില്‍ കളക്ഷന്‍ സെന്ററുകളിലേക്ക് നിങ്ങളാല്‍ കഴിയാവുന്ന അവശ്യ വസ്തുക്കള്‍ എത്തിക്കാം. നിത്യജീവിതത്തിന് ആവശ്യമുള്ളതെന്തും സഹായമായി എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം. അതിജീവനത്തിന്റെ കരങ്ങള്‍ നീട്ടി തിരുവനന്തപുരം ഇത്തവണയും മുന്നില്‍ത്തന്നെയുണ്ടാകട്ടെ. നമുക്ക് ഒന്നിച്ചിറങ്ങാം, ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി… എന്നാണ് പോസ്റ്റില്‍ പറയുന്നത്.

Related posts

ശബരിമല : ഇന്ന് വിധിദിനം

Amal Murali

തീർത്ഥാടന കാലമെത്തി പാലായിലെത്തുന്ന ശബരിമല തീർത്ഥാടകർ ദിശാബോർഡുകളില്ലാതെ വട്ടംചുറ്റും

Amal Murali

മഴ കുറഞ്ഞു.അഞ്ച്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പിന്‍വലിച്ചു

Amal Murali

Leave a Comment