Kerala

ശ്രീറാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന്റെ ലൈസന്‍സ് ഒടുവില്‍ ഗതാഗതവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് ശ്രീറാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്.

എന്നാല്‍ വഫ ഫിറോസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി വൈകും. അപകടം നടന്ന് ഉടന്‍ തന്നെ ശ്രീറാമിന്റെയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെയും ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഇതുണ്ടായില്ല. ശ്രീറാമിന്റെ സുഹൃത്ത് ആര്‍ടിഒ നല്‍കിയ നോട്ടീസ് കൈപ്പറ്റിയെന്നും മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം നല്‍കിയതാണ് നടപടിയെടുക്കാന്‍ വൈകിയതെന്നുമാണ് ഗതാഗത വകുപ്പ് നല്‍കുന്ന വിശദീകരണം.

മാധ്യമങ്ങളില്‍ നടപടി വൈകിപ്പിക്കാന്‍ ഒത്തു കളി നടക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ വീഴ്ച ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കെ എല്‍ 1 ബിഎം 360 എന്ന നമ്പറിലുള്ള ഫോക്‌സ് വാഗന്‍ വെന്റോ കാറിലാണ് വെള്ളയമ്പലത്ത് നിന്ന് എല്‍എംഎസ് ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമന്‍ അതിവേഗത്തില്‍ ഓടിച്ച് വന്നിരുന്നത്. സുഹൃത്തും, ഒപ്പം യാത്ര ചെയ്തിരുന്നയാളുമായ വഫ ഫിറോസിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനമാണിത്.

അശ്രദ്ധമായും മനുഷ്യജീവന് ആപത്ത് വരുന്ന തരത്തിലും വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിനാണ് നടപടി. നോട്ടീസയച്ചിട്ടും ഇതുവരെ ശ്രീറാം മറുപടി ബോധിപ്പിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. ഇതിനാല്‍ 43/5336/2005 നമ്പര്‍ ഡ്രൈവിംഗ് ലൈസന്‍സ് 2020 ആഗസ്റ്റ് 18ാം തീയതി വരെ റദ്ദാക്കുന്നതായാണ് നോട്ടീസില്‍ അറിയിക്കുന്നത്. ശ്രീറാം സ്വന്തം ലൈസന്‍സ് അടിയന്തരമായി തിരുവനന്തപുരം ലൈസന്‍സിംഗ് അതോറിറ്റി മുമ്പാകെയോ, മട്ടാഞ്ചേരി ജോയന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മുമ്പാകെയോ സമര്‍പ്പിക്കേണ്ടതാണെന്നും നോട്ടീസില്‍ പറയുന്നു.

വഫ ഫിറോസോ ബന്ധുക്കളോ ആര്‍ടിഒയുടെ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. ഒന്നര ആഴ്ച മുമ്പ് വഫയുടെ പട്ടത്തെ വീട്ടില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ നോട്ടീസ് പതിക്കുകയായിരുന്നു. അമിതവേഗതയില്‍ വാഹനമോടിച്ചതിനും ഗ്ലാസില്‍ സണ്‍ഫിലിം ഒട്ടിച്ചതിനും വഫക്ക് നേരത്തെ നോട്ടീസും നല്‍കിയിരുന്നു. നോട്ടീസ് പതിച്ചതിന് പിന്നാലെ വഫ നിയമ ലംഘനങ്ങള്‍ക്ക് പിഴയടച്ചു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നിയമലംഘനങ്ങളും ബഷീറിന്റെ കേസും ഉള്‍പ്പെടെ വഫക്ക് പുതിയ നോട്ടീസ് നല്‍കണമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കി. പഴയ നോട്ടീസിന്റെ തുടര്‍നടപടികള്‍ തന്നെ നടത്തുമെന്ന് ആര്‍ടിഒ അറിയിച്ചു. ശ്രീറാം മട്ടാഞ്ചേരിയില്‍ നിന്നും വഫ ഫിറോസ് ആറ്റിങ്ങല്‍ ആര്‍ടി ഓഫീസില്‍ നിന്നുമാണ് ലൈസന്‍സ് എടുത്തിരിക്കുന്നത്. നോട്ടീസ് നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള 15 ദിവസത്തെ കാലതാമസം മാത്രമാണ് എടുത്തതെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ വിശദീകണം.

Related posts

2 വര്‍ഷത്തിനിടെ മാറ്റിയത് 34 ടയറുകള്‍; ടയര്‍ വിവാദതതില്‍ എം.എം.മണി

Farsana Jaleel

മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്

Web Desk

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും BJP വഴി തടയും

Farsana Jaleel

Leave a Comment