Kerala News

അപ്പീല്‍ തള്ളി വത്തിക്കാന്‍; സിസ്റ്റര്‍ ലൂസി ചട്ടം ലംഘിച്ചെന്ന് വത്തിക്കാനില്‍ നിന്നും കത്ത്

വത്തിക്കാന്‍ സിറ്റി: സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സഭാ ചട്ടം ലംഘിച്ചെന്ന് കാട്ടി വത്തിക്കാനില്‍ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതര്‍ ഒപ്പിട്ടുവാങ്ങി. ലത്തീന്‍ ഭാഷയിലുള്ള കത്ത് ഇന്ന് രാവിലെയാണ് സിസ്റ്റര്‍ ലൂസി താമസിക്കുന്ന മഠത്തില്‍ എത്തിയത്. മഠം അധികൃതര്‍ കത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. 11 കാരണങ്ങളാണ് സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളാനായി കത്തില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.

എന്നാല്‍ ഈ കത്ത് പഠിക്കണമെന്നും, പകര്‍പ്പ് പരിശോധിച്ച് ഉടന്‍ തന്നെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനാണ് തീരുമാനം. എന്ത് വന്നാലും മഠം വിട്ട് താന്‍ പുറത്തേക്ക് ഇറങ്ങാന്‍ തയ്യാറല്ല. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

ഇതിന് മുമ്പും സിസ്റ്റര്‍ ലൂസിക്കെതിരായി നിരവധി ആരോപണങ്ങള്‍ സന്യാസിനി സഭ ഉയര്‍ത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയ്ക്ക് നീതി തേടി കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് തന്റെ അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് സിസ്റ്റര്‍ ലൂസിക്കെതിരെ കടന്നാക്രമണം ശക്തമായത്. ‘സ്‌നേഹമഴയില്‍’ എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടിയാണ് സിസ്റ്റര്‍ ലൂസി വത്തിക്കാന് അപ്പീല്‍ നല്‍കിയത്.

കന്യാസ്ത്രീകള്‍ക്ക് നീതി തേടി നടത്തിയ സമരത്തിന് സമാനമായി സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി കൊച്ചി വഞ്ചി സ്‌ക്വയറില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. സിസ്റ്റര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപവാദപ്രചാരണം നടത്തിയ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ എന്ന വൈദികനെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരുന്നു.

മഠത്തിലേക്ക് സിസ്റ്റര്‍ പുരുഷന്‍മാരെ കൊണ്ടുവന്നു എന്ന തരത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനാണ് നോബിള്‍ തോമസ് പാറയ്ക്കലിനെതിരെ കേസെടുത്തത്. എന്നാല്‍ തെളിവുണ്ടായിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ്, പിന്നീട് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് വഞ്ചി സ്‌ക്വയറില്‍ സമരം നടന്നത്.

Related posts

ലേണേഴ്‌സ് പരീക്ഷ എഴുതാന്‍ എത്തിയവര്‍ ചോദ്യങ്ങള്‍ കണ്ട് ഞെട്ടി

Farsana Jaleel

കൊച്ചിയെ പ്രകമ്പനം കൊള്ളിച്ച് അയ്യപ്പഭക്തരുടെ ബ്രഹ്മാണ്ഡ നാമജപയാത്ര

Amal Murali

ശബരിമലയില്‍ ഉണ്ടായ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം; പ്രശ്‌നങ്ങള്‍ക്ക് കാരണം അറിവില്ലായ്മ: അമൃതാനന്ദമയി

Farsana Jaleel

Leave a Comment