India News

മോദിക്ക് ലോക്‌സഭയില്‍ വരാന്‍ ഭയം; HAL നെ തകര്‍ത്ത് അംബാനിക്ക് സമ്മാനം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) തകര്‍ത്ത് അനില്‍ അംബാനിക്ക് സമ്മാനം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എച്ച്എഎല്ലിനെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സാമ്പത്തിക പ്രശ്‌നങ്ങളിലേക്കു തള്ളിയിടുകയാണെന്നും രാഹുല്‍ പ്രതികരിച്ചു. എച്ച്എഎല്ലിനെ ദുര്‍ബലപ്പെടുത്തുക എന്നതാണു കേന്ദ്രത്തിന്റെ തന്ത്രം. പണം നല്‍കാതെ ഇന്ത്യയുടെ ശേഷി ഇല്ലാതാക്കി അനില്‍ അംബാനിക്ക് സമ്മാനം നല്‍കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

പ്രധാന മന്ത്രിയെ വെല്ലുവിളിക്കാനും രാഹുല്‍ ഗാന്ധി മറന്നില്ല. ലോക്‌സഭയില്‍ വരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്നും ചോദ്യം ചെയ്യപ്പെടുമോ എന്നദ്ദേഹം പേടിക്കുന്നുവെന്നും അതുകൊണ്ടാണ് സഭയിലെത്താത്തതെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി എന്തുകൊണ്ട് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നില്ലെന്നും രോഹുല്‍ ചോദിക്കുന്നു.

ലോക്‌സഭയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കള്ളം പറയുകയാണ്. പ്രധാനമന്ത്രിക്കൊപ്പം വെറും 15 മിനിറ്റ് നല്‍കൂ, സത്യം തെളിയിക്കാം. പ്രധാനമന്ത്രിയുടെ വക്താവിനെപ്പോലെയാണ് പ്രതിരോധ മന്ത്രി സംസാരിക്കുന്നത്. എച്ച്എഎല്ലില്‍ ശമ്പളം കൊടുക്കാനുള്ള പണം പോലുമില്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. അനില്‍ അംബാനിക്ക് നിലവില്‍ റഫാലുണ്ട്. ശമ്പളമില്ലാതായാല്‍ മികച്ച എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും എച്ച്എഎല്ലില്‍ നിന്ന് അനില്‍ അംബാനിയുടെ സ്ഥാപനത്തിലേക്ക് പോകുമെന്നും രാഹുല്‍ പറഞ്ഞു.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. 26,000 കോടി മൂല്യമുള്ള ജോലികള്‍ കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ട്. 73,000 കോടിയുടെ പദ്ധതികള്‍ ഏല്‍പ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലുമാണ്. 50,000 കോടിയുടെ തേജസ് വിമാനങ്ങള്‍, 20,000 കോടിയുടെ 200 ഹെലികോപ്റ്ററുകള്‍, 3,400 കോടിയുടെ 19 ഡോണിയര്‍ വിമാനങ്ങള്‍, 15,000 കോടിയുടെ ഹെലികോപ്റ്ററുകള്‍, 8,400 കോടിയുടെ എയ്‌റോ എഞ്ചിനുകള്‍ എന്നിവയെല്ലാം കരാറിലുണ്ട്. തന്റെ പ്രസ്താവനകളില്‍ കൃത്യതയുണ്ടെന്നു തെളിയിക്കുന്ന കണക്കുകളാണു രേഖകളിലുള്ളതെന്നും സംശയങ്ങളുണ്ടാകേണ്ട കാര്യമില്ലെന്നും മന്ത്രി വിശദീകരിച്ചു.

Related posts

ശബരിമല : ഇന്ന് വിധിദിനം

Amal Murali

നടന്‍ സത്താര്‍ അന്തരിച്ചു

Farsana Jaleel

PMC ബാങ്ക് തട്ടിപ്പ്; മുന്‍ ഡയറക്ടര്‍ അറസ്റ്റില്‍

Farsana Jaleel

Leave a Comment