India News

റിപ്പബ്ലിക് ദിന മെഡലുകള്‍ പ്രഖ്യാപിച്ചു; പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്കും അഭിലാഷ് ടോമിക്കും രാഷ്ട്രപതിയുടെ പുരസ്‌കാരം

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സൈനിക-പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്കും അഭിലാഷ് ടോമിക്കും പുരസ്‌കാരം.

പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായര്‍. പ്രളയകാലത്ത് ഗരുഡ് കമാന്‍ഡോകളുടെ ഒരു സംഘം തൃശ്ശൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ മാത്രം അന്ന് എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്.

രണ്ട് ഗര്‍ഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ചുള്ള ചേതക് ഹെലികോപ്റ്റര്‍ പറപ്പിച്ച കമാന്‍ഡര്‍ വിജയ് വര്‍മയ്ക്ക് ധീരതയ്ക്കുള്ള നവ് സേനാ മെഡലും ലഭിച്ചു. കമാന്‍ഡര്‍ അഭിലാഷ് ടോമിയ്ക്കും സേനാമെഡല്‍ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികന്‍ അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നു ദിവസത്തിനുശേഷം തെരച്ചില്‍ സംഘം കണ്ടെത്തുമ്പോള്‍ അവശനായിരുന്നു അഭിലാഷ്.

വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മോധാവിയായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ അദ്ദേഹത്തിന് രണ്ട് തവണ അതിവിശിഷ്ട സേവാമെഡലും വായുസേനാ മെഡലും ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ റഫാല്‍ വിമാനം പരീക്ഷണ പറക്കല്‍ നടത്തിയതും അദ്ദേഹമായിരുന്നു.

ശനിയാഴ്ച്ച ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിക്കും.

Related posts

ശബരിമല ഹര്‍ത്താല്‍ അക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടി രാജ്‌നാഥ് സിംഗ്

Farsana Jaleel

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശനപുണ്യം നേടി ഭക്തര്‍

Farsana Jaleel

ഈ ദിനം ഷുമാക്കറുടേത്; ഷുമാക്കറുടെ തുടര്‍ച്ചയായ അഞ്ചാം ഫോര്‍മുല വണ്‍ കിരീടം

Farsana Jaleel

Leave a Comment